ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ജഴ്‌സി ചിത്രം ചോര്‍ന്നോ? സ്ലീവുകള്‍ക്ക് കാവിനിറം

Photo | twitter.com/ManishG29096678
Photo | twitter.com/ManishG29096678

ന്യൂഡല്‍ഹി: ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കേ, ടീം ഇന്ത്യ ധരിക്കുന്നതെന്ന തരത്തിലുള്ള ജഴ്‌സി ചിത്രം വ്യാപകമായി പ്രചരിക്കുന്നു. 'വി' ആകൃതിയുള്ള കഴുത്തും കാവി നിറത്തിലുള്ള സ്ലീവ്‌സും പരമ്പരാഗതമായ നീല നിറവും ജഴ്‌സിയില്‍ കാണാം. കാവി സ്ലീവ്‌സിനു മുകളില്‍ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളും കാണാം. ജഴ്‌സിയില്‍ ഇന്ത്യ എന്നെഴുതിപ്പിടിപ്പിച്ചതും കാവി നിറത്തിലാണ്. 

സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസിനെയാണ് ഔദ്യോഗിക കിറ്റ് സ്‌പോണ്‍സറായി ബി.സി.സി.ഐ. നിയമിച്ചത്. പിന്നാലെ ഏകദിന-ടി20 ക്രിക്കറ്റുകളില്‍ വ്യത്യസ്തമായ ജഴ്‌സിയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ അണിയുന്നത്. ഞായറാഴ്ച മുതലാണ് പുതിയ ജഴ്‌സിച്ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായത്. അതേസമയം ടി20 ലോകകപ്പിന് ഇന്ത്യ ധരിക്കുന്ന ജഴ്‌സിയുടെ ഔദ്യോഗിക ചിത്രം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ടീമിനെ ബി.സി.സി.ഐ. ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മ നായകനാകുന്ന ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഉള്‍പ്പെട്ടു. കെ.എല്‍. രാഹുല്‍, ശുഭ്മാന്‍ ഗില്‍, റിങ്കു സിങ് ഉള്‍പ്പെടെയുള്ളവര്‍ ടീമിലില്ല. ഓള്‍റൗണ്ടറായി അക്‌സര്‍ പട്ടേലും ടീമിലുള്‍പ്പെട്ടു. 

Content Highlights: team indias leaked t20 world cup 2024 jersey