'ഡ്രസ്സിങ് റൂമില്‍ താരങ്ങള്‍ ഉറങ്ങുന്നത് കണ്ടിട്ടുണ്ട്' -വെളിപ്പെടുത്തലുമായി മുന്‍ പാക് നായകന്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീം, Photo:AP
പാകിസ്താന്‍ ക്രിക്കറ്റ് ടീം, Photo:AP

ആന്റിഗ്വ: ഡ്രസ്സിങ് റൂമില്‍ പാകിസ്താന്‍ താരങ്ങള്‍ ഉറങ്ങുന്നത് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് നായകന്‍ മുഹമ്മദ് ഹഫീസ്. ടെസ്റ്റ് മത്സരം നടക്കുന്നതിനിടയില്‍ ഡ്രസ്സിങ് റൂമില്‍ പോയപ്പോഴാണ് നാലോ അഞ്ചോ താരങ്ങള്‍ ഉറങ്ങുന്നത് കണ്ടത്. എങ്ങനെയാണ് ഇവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നതെന്ന ചിന്തയിലായിരുന്നു താന്‍ അപ്പോഴെന്നും ഇത്തരക്കാര്‍ ടീമിന്റെ ഭാഗമാകാന്‍ പാടില്ലെന്നും ഹഫീസ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ സംവാദത്തിനിടയിലാണ് താരത്തിന്റെ പ്രതികരണം.

ടെസ്റ്റ് നടക്കുന്നതിനിടയില്‍ ഞാന്‍ ഡ്രസ്സിങ് റൂമില്‍ പോയപ്പോള്‍ നാലോ അഞ്ചോ താരങ്ങള്‍ ഉറങ്ങുന്നത് കണ്ടു. എങ്ങനെയാണ് ഇവര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നതെന്ന ചിന്തയിലായിരുന്നു ഞാന്‍. നിങ്ങളാണ് 
ഇങ്ങനെ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ ടീമിന്റെ ഭാഗമാകാന്‍ പാടില്ല. മത്സരം നടക്കുമ്പോള്‍ അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മത്സരശേഷം എന്ത് വേണമെങ്കിലും ചെയ്‌തോളൂ. പക്ഷേ മത്സരത്തിന്റെ പ്രൊഫഷണല്‍ സമയങ്ങളില്‍ അതില്‍ ശ്രദ്ധിക്കണം.- ഹഫീസ് പറഞ്ഞു.

ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പാകിസ്താന്‍ ടീമിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തിലാണ് ഹഫീസിന്റേയും പ്രതികരണം. ലോകകപ്പില്‍ ദയനീയ പ്രകടനമായിരുന്നു ടീമിന്റേത്. ഗ്രൂപ്പ് ഘട്ടത്തില്‍ യു.എസ്.എ യോടും ഇന്ത്യയോടും തോറ്റ പാകിസ്താന് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടാനുമായില്ല. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമടക്കം നാല് പോയന്റ് മാത്രമാണ് ലഭിച്ചത്.

ഇതിന് പിന്നാലെ പാകിസ്താൻ ടീമിന്റെ ഐക്യമില്ലായ്മയെക്കുറിച്ച് കോച്ച് ഗാരി കേസ്റ്റണും തുറന്നടിച്ചിരുന്നു. ‘‘അവർ ഇതിനെ ഒരു ടീമെന്നു വിളിക്കുന്നുവെന്നേയുള്ളൂ. ഇതൊരു ടീമല്ല, ടീം അംഗങ്ങൾക്കിടയിൽ ഒരു ഐക്യവുമില്ല. നീണ്ട ക്രിക്കറ്റ് കരിയറിൽ ഇങ്ങനെയൊരു ടീമിനെ കണ്ടിട്ടില്ല’’ -കേസ്റ്റൺ തുറന്നടിച്ചു. 

പാക് ടീമിനെതിരേ മുന്‍ താരങ്ങളടക്കം രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. മോശം പ്രകടനത്തിനു പിന്നില്‍ ടീമിലെ 'ഗ്രൂപ്പിസ'മെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിര്‍ണായക സമയത്ത് മെച്ചപ്പെട്ട പ്രകടനം നടത്താതിരുന്ന സീനിയര്‍ കളിക്കാരുടെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇത് ടീമിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിലും മാറ്റങ്ങള്‍ക്ക് കാരണമായേക്കും. 

Content Highlights: Players Were Sleeping In Dressing Room Ex Pakistan Captains Shocking Revelation