ഫൈനലിന് ശേഷം ചർച്ച, രോഹിത്തിന് നിർണായകം; ബി.സി.സിഐ പുതിയ നായകനെ തേടുന്നുവെന്ന് റിപ്പോർട്ട്

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിൽ ഞായറാഴ്ചയാണ് ഇന്ത്യയും കിവീസും കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിലെ കരുത്തരുടെ പോരാട്ടത്തില്‍ ആര് വിജയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. 2013-ന് ശേഷം ഇന്ത്യയ്ക്കായി മറ്റൊരു ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിടാനൊരുങ്ങുകയാണ് രോഹിത് ശര്‍മയും സംഘവും. എന്നാല്‍ ഫൈനലിന് ശേഷം രോഹിത് ശര്‍മ ടീമിന്റെ നായകനായി തുടരുമോ എന്ന കാര്യത്തിൽ ബി.സി.സി.ഐ നിര്‍ണായക തീരുമാനമെടുത്തേക്കുമെന്നാണ് സൂചന.
വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ രോഹിത് ശര്‍മ ടീമിനെ നയിക്കുമോയെന്ന് ഉറപ്പില്ല. ഞായറാഴ്ചത്തെ മത്സരഫലം രോഹിത്തിന്റെ ക്യാപ്റ്റന്‍സി സംബന്ധിച്ച്നി ര്‍ണായകമായിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദീര്‍ഘകാലം ടീമിനെ നയിക്കാന്‍ സാധിക്കുന്ന ഒരു താരത്തെ ക്യാപ്റ്റനായി പരിഗണിക്കാനൊരുങ്ങുകയാണ് ബി.സി.സി.ഐ. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.സി.സി.ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടന്നാല്‍ രോഹിത്തിന് ടീമിന്റെ ഏകദിന, ടെസ്റ്റ് നായകസ്ഥാനങ്ങള്‍ നഷ്ടപ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ 2027-ലെ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ പുതിയ നായകന്റെ കീഴിലാണ് കളിക്കുക.
ഓസീസിനെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ടീമിന്റെ നായകസ്ഥാനത്തെ സംബന്ധിച്ച് പരിശീലകന്‍ ഗംഭീറും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ചര്‍ച്ച നടത്തിയിരുന്നു. ഭാവി പദ്ധതി വെളിപ്പെടുത്തണമെന്ന് രോഹിത്തിനെ അറിയിക്കുകയും ചെയ്തു. ടീമില്‍ നിന്ന് വിരമിക്കണോ എന്നത് താരത്തിന്റെ മാത്രം തീരുമാനമാണെങ്കിലും അടുത്ത ലോകകപ്പിനെ നേരിടണമെങ്കില്‍ ഒരു സ്ഥിരം നായകന്‍ ആവശ്യമാണെന്ന കാര്യം രോഹിത്തിനോട് സൂചിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടെസ്റ്റിന് പുറമേ ഏകദിനത്തിലും പുതിയ നായകനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് ബി.സി.സി.ഐ.യെന്ന് നേരത്തേ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ലോകകപ്പോടെ ട്വന്റി-20 യില്‍ നിന്ന് വിരമിച്ച രോഹിത്തിന് പകരം സൂര്യകുമാറാണ് ഫോര്‍മാറ്റില്‍ ടീമിനെ നയിക്കുന്നത്. ടെസ്റ്റിലാകട്ടെ നായകനായി ബുംറയെ പരിഗണിക്കുന്നതായാണ് വിവരം.ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റില്‍ രോഹിത്തിന് പകരം ബുംറയാണ് ടീമിനെ നയിച്ചത്. ടെസ്റ്റ് ടീമിന്റെ സ്ഥിരം നായകനായി താരം അടുത്തുതന്നെ മാറിയേക്കും. അതേസമയം ഏകദിനത്തില്‍ നായകനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പരിഗണിക്കുന്നതായും വിവരമുണ്ട്.
Content Highlights: rohits indian team captaincy discussions after ct final