ഫൈനലിനു ശേഷം രോഹിത് വിരമിക്കുമോ? മത്സരം കഴിഞ്ഞാല്‍ തീരുമാനമെടുത്തേക്കുമെന്ന് ഗില്‍

ദുബായ്: വിരമിക്കല്‍ പദ്ധതികളേക്കുറിച്ചൊന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമുമായി ചര്‍ച്ചചെയ്തിട്ടില്ലെന്ന് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനു മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗില്‍. ടീമിന്റെ ശ്രദ്ധ കിരീടം നേടുക എന്നതിലാണെന്നും ക്യാപ്റ്റനും അതില്‍ മാത്രമാണ് ശ്രദ്ധയെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ അതിനെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ല. ചര്‍ച്ചകളും സംസാരങ്ങളുമെല്ലാം മത്സരം ജയിക്കുന്നതിനേക്കുറിച്ചാണ്. അദ്ദേഹം ടീമിനോടോ എന്നോടോ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ഫൈനല്‍ ജയിക്കുന്നതിലാണ് രോഹിത്തിന്റെ ശ്രദ്ധ. ചാമ്പ്യന്‍സ് ട്രോഫി നേടുന്നതിലാണ് അദ്ദേഹം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നാളെ മത്സരം കഴിഞ്ഞാല്‍ അദ്ദേഹം ഒരു തീരുമാനമെടുക്കുമെന്ന് കരുതുന്നു. പക്ഷേ, ടീമിലെ ആരില്‍നിന്നും ഞാന്‍ ഇതിനെക്കുറിച്ച് കേട്ടിട്ടില്ല', ഗില്‍ വ്യക്തമാക്കി.
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാകേന്ദ്രം. കിരീടംകൊണ്ട് ഇന്ത്യന്‍ ഏകദിനടീമിന്റെ നായകപദവി നിലനിര്‍ത്താന്‍ കഴിയുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
2027-ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ക്യാപ്റ്റനെന്ന പദ്ധതിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനുള്ളത്. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ഇക്കാര്യം ചര്‍ച്ചചെയ്യുകയും രോഹിത് ശര്‍മയെ വിവരം ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഞായറാഴ്ചനടക്കുന്ന ഫൈനലില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ തത്കാലത്തേക്കെങ്കിലും രോഹിത് ശര്‍മയെ നായകനായി നിലനിര്‍ത്താന്‍ സമ്മര്‍ദമുണ്ടാകും. തോല്‍വിയാണെങ്കില്‍ രോഹിതിന്റെ ടീമിലെ സ്ഥാനംപോലും അപകടത്തിലാകും.
അതേസമയം, ഫൈനല്‍ ജയിച്ചാല്‍ രോഹിത് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് പുതിയ താരത്തിനായി വഴിയൊരുക്കാനും സാധ്യതയുണ്ട്. ശുഭ്മാന്‍ ഗില്ലിനാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവുംകൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഹാര്‍ദിക് പാണ്ഡ്യയും പട്ടികയിലുണ്ട്.
Content Highlights: Will Rohit Sharma retire after the Champions Trophy final? Vice-captain Shubman Gill reveals