റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി നിങ്ങള്‍ക്ക് ലോകകപ്പ് ജയിക്കാനാകില്ല; കടുത്ത വിമര്‍ശനവുമായി ഫിഗോ

Photo: Getty Images
Photo: Getty Images

ദോഹ: മൊറോക്കോയ്‌ക്കെതിരായ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതിനു പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം ലൂയിസ് ഫിഗോ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൊറോക്കോയോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ തോല്‍വി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതിരുന്ന സാന്റോസിന്റെ നടപടിയാണ് ഫിഗോയെ ചൊടിപ്പിച്ചത്. ക്രിസ്റ്റ്യാനോയെ ബെഞ്ചിലിരുത്തിയത് തെറ്റായിപ്പോയെന്നും അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പരിശീലകനും ടീം മാനേജ്മെന്റിനും മാറിനില്‍ക്കാനാകില്ലെന്നും ഫിഗോ തുറന്നടിച്ചു.

''റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി നിങ്ങള്‍ക്ക് ഒരു ലോകകപ്പ് നേടാനാകില്ല. ശരിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ വിജയം മികച്ചതായിരുന്നു, എന്നാല്‍ അത് എല്ലാ കളിയിലും നടക്കുമോ? ഇല്ല. റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയത് തെറ്റായ നടപടിയായിരുന്നു. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പരിശീലകനും മാനേജ്‌മെന്റിനുമാണ്'' - സ്‌പോര്‍ട്‌സ് 18-ല്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഫിഗോ വ്യക്തമാക്കി.

നേരത്തെ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഉണ്ടായിരുന്നില്ല. ആ മത്സരം പക്ഷേ 6-1ന് പോര്‍ച്ചുഗലിന് ജയിക്കാനായിരുന്നു. ഇതേ ടീമിനെ തന്നെയാണ് പരിശീലകന്‍ സാന്റോസ് മൊറോക്കോയ്‌ക്കെതിരേയും കളത്തിലിറക്കിയത്. പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചില്ല. ആദ്യ പകുതിക്ക് ശേഷമാണ് സാന്റോസ്, റൊണാള്‍ഡോയെ കളത്തിലിറക്കിയത്. പക്ഷേ അതിനൊന്നും മത്സരഫലത്തെ സ്വാധീനിക്കാനായില്ല.

മത്സര ശേഷം കരഞ്ഞുകൊണ്ടാണ് റൊണാള്‍ഡോ മൈതാനം വിട്ടത്. ഇനിയൊരു ലോകകപ്പിന് ബൂട്ടുകെട്ടാന്‍ റൊണാള്‍ഡോയ്ക്ക് ബാല്യമില്ല.

Content Highlights: FIFA World Cup 2022 Luis Figo slams Fernando Santos for leaving Cristiano Ronaldo