'പലവട്ടം കൈവിട്ടു പോയ കുഞ്ഞ് ജീവനെ തിരിച്ചേല്പിച്ച നരച്ച മുടിയുള്ള ഒരു ഡോക്ടർ'

#ആമി ജീബ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഒരു ഡോക്ടർ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മറക്കാനാവാത്ത ആ സാന്ത്വസ്പർശത്തെക്കുറിച്ചുള്ള കുറിപ്പ്...

ജീവിതം റീടേക്ക് ഇല്ലാത്ത സിനിമ ഷൂട്ട്‌ പോലെയാണ്.  കടന്നു പോകുന്ന ഒരു നിമിഷത്തെയും നമുക്ക് അതേ വ്യാപ്തിയിൽ പുനരാവിഷ്കരിക്കാൻ സാധിക്കില്ല. അതു തന്നെയാണ് ജീവിതത്തിന്റെ ഭംഗിയും ദു:ഖവും.  എങ്ങിനെയൊക്കെ എഴുതിയാലും പറഞ്ഞാലും നമ്മുടെ അതേ വികാരത്തോടെ മറ്റൊരാൾക്ക്‌ അത്‌ മനസ്സിലാക്കാനും സാധിക്കില്ല. 

എസ്.എ.റ്റി എന്ന ആശുപത്രിയിൽ  പ്രസവവും  കുഞ്ഞിന്റെ ഓപ്പറേഷനുമായി ഒരു വർഷക്കാലം. വെറും പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണ പെൺകുട്ടി.  സാമ്പത്തിക ഭദ്രതയോ ചേർത്തു പിടിക്കലുകളോ ഇല്ലാതെ തീർത്തും അപരിചിതമായ ചുറ്റുപാടിൽ ഒറ്റയ്ക്ക് ഒരു കുഞ്ഞിനൊപ്പം മൂന്നു സർജറികൾ . 

കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും ഒറ്റപ്പെടുത്തിയവരും ചേർത്തു പിടിച്ചവരും ധാരാളം.  പലവട്ടം കൈവിട്ടു പോയ കുഞ്ഞ് ജീവനെ എന്റെ കയ്യിലേക്ക് തിരിച്ചേല്പിച്ച വെളുത്ത പൊക്കമുള്ള എപ്പോഴും ചിരിക്കുന്ന നരച്ച മുടിയുള്ള ഒരു ഡോക്ടർ.

ഓപ്പറേഷൻ തീയേറ്ററിന് മുന്നിലെ എന്റെ നേർത്ത നിലവിളികൾ. Icu വിനു മുന്നിലെ നിശബ്ദത. വാർഡിനുള്ളിലെ എന്റെ സംശയങ്ങൾ.
എന്റെ മകൾക്ക് നൽകിയ  അതേ തലോടൽ എനിക്കും നൽകിയൊരു മനുഷ്യൻ. ചികിത്സയുടെ അവസാന കാഴ്ച കഴിഞ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നിറങ്ങുമ്പോൾ എന്നോട് പറഞ്ഞൊരു വാക്യമുണ്ട്... 

മിടുക്കിയാണ് നീ.  കഴിയുമെങ്കിൽ പഠിക്കണം കേട്ടോ.  ഇത്രയും നൊന്തപ്പോഴും ചിരി മായാതെയുള്ള നിന്റെ നിൽപ്. പടച്ചോൻ സഹായിക്കട്ടെ. 

പിന്നീടുള്ള ഓരോ രാത്രിയും അത്‌ തന്നെ ആയിരുന്നു മനസ്സിൽ.  തോറ്റു പോകാൻ മനസ്സില്ലാത്തവളിൽ ജയിച്ചില്ലെങ്കിലും ശ്രമിക്കാം എന്ന തോന്നൽ തുടങ്ങി. അവിടുന്ന് പഠിക്കാനുള്ള തത്രപ്പാട് ആയിരുന്നു.  എതിർപ്പുകളും പരിഹാസങ്ങളും അവഗണിച്ചു കൊണ്ട് ഓരോ അപ്ലിക്കേഷൻ ഫോമും അയച്ചു. പിന്നെ രണ്ടും കല്പിച്ചൊരു യാത്ര ആയിരുന്നു. 

ഒരു സ്ത്രീക്ക് ജീവിതത്തിൽ വിദ്യാഭ്യാസവും തൊഴിലും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.  അന്ന് പുച്ഛിച്ച പലരും ഇന്ന് മിടുക്കി എന്ന് പറയുന്നുണ്ട്.  പരിഹസിച്ച പലരും നീയുള്ളോണ്ട് ഒന്നും അറിഞ്ഞില്ലെന്നു പറഞ്ഞു ചേർത്ത് പിടിക്കുന്നുണ്ട്.  

"നിസ്സഹായതയുടെ നേർത്ത തേങ്ങലിൽ നിന്നു ആത്മവിശ്വാസത്തിന്റെ  പുതിയ ചിരിയിലേക്കെത്താൻ ആണിനേക്കാൾ ദൂരം കൂടുതലാണ് പെണ്ണിന്,  തടസ്സങ്ങളും".

 ജീവിതത്തിന്റെ അവസാന ശ്വാസം നിലക്കും വരെയും നന്ദിയോടെ ഉണ്ടാവും പുഞ്ചിരിക്കുന്ന ആ വെളുത്ത മുഖം, ഡോ.നൂർ സത്താർ.

 പിന്നീടൊരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത എന്നാൽ ഇടയ്ക്കിടെ എന്റെ ഓർമയിൽ തെളിഞ്ഞു വരുന്ന ആ മനുഷ്യനാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. 

ഈ ഡോക്ടേഴ്സ് ദിനത്തിൽ അദ്ദേഹത്തെ അല്ലാതെ ആരെയാണ് ഓർക്കേണ്ടത്. അദ്ദേഹത്തിന്റെ ഓർമയിൽ പോലും ഞാനോ എന്റെ മകളോ ഉണ്ടാവില്ല. പക്ഷേ ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും അദ്ദേഹമുണ്ട്. 

Content Highlights: national doctors day tribute to doctors