അമ്മമനസ്സുകളിലെ നോവിനെ ഒരു കുഞ്ഞ് പുഞ്ചിരിയാക്കി മാറ്റുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ച ഒരു ഡോക്ടർ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും. ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് മറക്കാനാവാത്ത ആ സാന്ത്വസ്പർശത്തെക്കുറിച്ചുള്ള കുറിപ്പ്...
പ്രകൃതി സ്നേഹിയും നല്ലൊരു കർഷകനും അതിലുപരി മനുഷ്യസ്നേഹിയുമായ ഒരു ഡോക്ടറിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ഡോക്ടറിനെപ്പറ്റിയാണ് ഈ ഡോക്ടേഴ്സ് ദിനത്തിൽ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്.
കൊല്ലം ജില്ലയിലെ കുണ്ടറ താലൂക്ക് ഹോസ്പിറ്റലിൽ ഗൈനക്കോളജിസ്റ്റ് വിഭാഗത്തിൽ വർക്ക് ചെയ്യുന്ന, ദൈവത്തിന്റെ കരസ്പർശമുള്ള. പകരം വയ്ക്കാനാകാത്ത ഞങ്ങളുടെ പ്രിയപ്പെട്ട ഉണ്ണികൃഷ്ണൻ ഡോക്ടർ.
അമ്മമനസ്സുകളിലെ നോവിനെ ഒരു കുഞ്ഞ് പുഞ്ചിരിയാക്കി മാറ്റുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ. ഒരു ചെറു പുഞ്ചിരിയോടെയല്ലാതെ ഞാനിതുവരെ ഡോക്ടറിനെ കണ്ടിട്ടേയില്ല. ഡോക്ടറോട് സംസാരിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. പ്രഗ്നൻസിയിൽ എനിക്ക് കുറച്ചു സങ്കീർണതകൾ ഉണ്ടായിരുന്നു. അതെല്ലാം തരണം ചെയ്യാനുള്ള മാനസിക ധൈര്യം തന്നത് സാറിന്റെ വാക്കുകളാണ്. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു 'ഇതാടോ താൻ ആഗ്രഹിച്ചതുപോലെ തന്റെ കുഞ്ഞിന് ഒരു കുഴപ്പവും വരാതെ ഞാൻ തന്നിട്ടുണ്ടെന്നു'പറഞ്ഞ് എന്റെ മോനെ എന്നിലേക്കു ഉയർത്തി കാണിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷം. അത് വാക്കുകളിലൂടെ പറയാൻ കഴിയില്ല. അന്ന് ആദ്യമായി ഞാൻ ദൈവത്തെ കണ്ടു. അങ്ങനെ എത്രയോ അമ്മമാരുടെയും അച്ഛന്മാരുടെയും മനം കവർന്ന ദൈവതുല്യനാണ് ഞങ്ങളുടെ ഡോക്ടർ.
ഒരു ഡോക്ടറിന് എത്രത്തോളം സമ്മർദം ഉണ്ടാകുമെന്ന് ചിന്തിച്ചു നോക്കു. ആ തിരക്കുകൾക്കിടയിലും ഞങ്ങൾ രോഗികൾക്കായി ഡോക്ടർ സംശയനിവാരണത്തിനായി ഒരു വാട്സാപ്പ് ഗ്രൂപ്പ് തന്നെ തുടങ്ങി. എത്ര ഡോക്ടർമാർ ഇങ്ങനെ റിസ്ക് ഏറ്റെടുക്കുന്നുണ്ടാവും. മാത്രമല്ല 'മാതൃസ്പർശം 'എന്ന പേരിൽ ഒരു ചാരിറ്റി ട്രസ്റ്റ് തന്നെ അദ്ദേഹം തുടങ്ങി. ഇതിലൂടെ ആരോരും സഹായിക്കാൻ ഇല്ലാത്ത മാരകമായ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു കൈ താങ്ങായി മാറാനും സാധിച്ചു. ഇതിന്റ ഒരു ഭാഗമാകാൻ ഞങ്ങൾക്കും ഒരവസരം തന്ന സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
ഇപ്പോൾ വളരെ വിഷമകരമായ ഒരു അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. പ്രിയപ്പെട്ട ഡോക്ടർ ഇവിടെ നിന്ന് ചാലക്കുടിയിലേക്ക് ട്രാൻസ്ഫർ ആവുകയാണ്. ഇൻഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് എടുക്കുന്ന ഒരുപാടുപേരെ ഇതു മാനസികമായി തളർത്തിയിരിക്കുന്നു. അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നഷ്ടമാവുകയാണ്. അദ്ദേഹം ഇവിടെ തന്നെ കാണണം എന്നാണ് ഞങ്ങളുടെ പ്രാർത്ഥന. എന്നിരുന്നാലും വിധിയെ മാറ്റാൻ ആർക്കും കഴിയില്ലല്ലോ. അദ്ദേഹം എവിടെയായാലും ഞങ്ങൾ ഒരുപാട് അമ്മമാരുടെ പ്രാർഥന എന്നും സാറിനും കുടുംബത്തോടുമൊപ്പം ഉണ്ടാകും. അമ്മയെന്ന വിളികേൾക്കാൻ കൊതിക്കുന്ന ഓരോ അമ്മ മനസിനും 'അമ്മ 'എന്ന വിളി കേൾക്കാൻ സാധിക്കട്ടെ. അതിന് അങ്ങയുടെ കരങ്ങൾ സഹായകമാകട്ടെ..
Content Highlights: national doctors day tribute to doctors