'എങ്ങനെ രോഗി മരിച്ചാലും അത് കൃത്യവിലോപവും ഡോക്ടറുടെ കൈയ്യബദ്ധവുമായി കാണുന്ന കാലം'

വീണ്ടുമൊരു ഡോക്ടർസ് ഡേ.
മനുഷ്യജീവനോളം വിലയുള്ള മറ്റൊന്നില്ലെന്നിരിക്കെ ഡോക്ടർ എന്ന പദത്തിന് ചിലപ്പോഴൊക്കെ ദൈവമെന്ന് അർഥമുണ്ട് നമ്മുടെ മനസിൽ. അത് പലപ്പോഴും മനസിലാവുക കുഞ്ഞുങ്ങൾക്ക് ഒരു ചെറിയ പനിയോ ചുമയോ വരുമ്പോഴാണ്. വിളിപ്പുറത്ത് അവരുടെ ഡോക്ടറുണ്ടെന്നത് നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ ഇന്ന് ഈ ജോലിയുടെ സമ്മർദം ചെറുതല്ല.
ഡോക്ടർമാരും ജനവും രണ്ടു ചേരിയിൽ നിന്ന് പരസ്പരം കുറ്റപ്പെടുത്തുന്നതാണ് ഇന്നത്തെ കാഴ്ച. ആശുപത്രികൾ തല്ലിത്തകർക്കുക, ഡോക്ടറെ ആക്രമിക്കുക, സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുക. അങ്ങനെ രക്ഷിക്കുന്നവർക്കും രക്ഷിക്കപ്പെടേണ്ടവർക്കുമിടയിൽ അവരറിയാതെ തന്നെ ഒരു വേലിക്കെട്ടുണ്ടായത് പോലെ!
ഡോക്ടർ എന്നത് ഗ്ലാമർ ജോലിയായിരുന്ന കാലം കഴിഞ്ഞെന്നതാണ് വാസ്തവം. പുതിയ തലമുറയിലെ എത്ര കുട്ടികൾ ഡോക്ടർ ആവണം എന്നിപ്പോൾ ആഗ്രഹിക്കുന്നുണ്ടെന്നത് അതിന് തെളിവാണ്. അതിന്റെ ഒരു കാരണം ഒരിക്കലും അവസാനിക്കാത്ത പഠനപരമ്പരയാണ്. എൻട്രൻസെന്ന കീറാമുട്ടിയിൽ തുടങ്ങി ഹൗസ് സർജൻസിയിൽ തീരുകയായിരുന്നു പണ്ടെങ്കിൽ ഇന്ന് 'വെറും MBBS' കൊണ്ട് ആർക്കും എവിടെയും എത്താൻ കഴിയുന്നില്ല.സൂപ്പർ സ്പെഷ്യലിറ്റി നേടുന്നത് വരെ നീളുന്ന പി.ജി പഠനം കൂടി കഴിഞ്ഞ്, നല്ലൊരു സീനിയറിന് കീഴിൽ ജോലിയും ചെയ്ത ശേഷമേ സമൂഹത്തിന്റെ കണ്ണിൽ ഒരാൾ 'നല്ല ഡോക്ടർ'ആകുന്നുള്ളു. ഹൗസ് സർജൻസി സമയത്ത് രണ്ടും മൂന്നും ദിവസം ഒരു തരി വിശ്രമമില്ലാതെ ഇട്ട വസ്ത്രത്തിൽ നിന്ന് ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടർമാരെ വെറുതെ നമ്മുടെ മെഡിക്കൽ കോളേജുകളിൽ ഒന്ന് കയറിയിറങ്ങിയാൽ കാണാം.
ചികിത്സയ്ക്ക് പോകുമ്പോൾ ഡോക്ടറുടെ പേരിനൊപ്പം എത്ര ഡിഗ്രിയുണ്ടെന്നും പുള്ളി ആരുടെ കീഴിലാണ് മുൻപ് ജോലി ചെയ്തതെന്നും തുരന്നു നോക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് മലയാളി തന്നെയാണ്. "അവനു സുഖമല്ലേ, ഡോക്ടറാണ്. നാലുരോഗിയെ നോക്കിയാൽ എന്താ കാശ്!" എന്നൊക്കെ തട്ടിവിടുമ്പോൾ മുകളിൽ പറഞ്ഞ അധ്വാനം കൂടെയോർക്കണം.
ഒരു രോഗി മുന്നിൽ വന്നാൽ കണ്ണുമടച്ചു ചികിത്സ നൽകാനാവുമായിരുന്ന കാലം അസ്തമിച്ചിരിക്കുന്നു. ഗൂഗിൾ മുതൽ മൊബൈൽ ആപ്പുകൾ വരെ ചികിത്സാവിവരങ്ങൾ കൃത്യമായും അല്ലാതെയും നൽകുന്ന ഈ കാലത്ത് ഒരു ഇൻവെസ്റ്റിഗേഷൻ എഴുതി വിടാൻ പോലും നൂറു തവണ ആലോചിക്കേണ്ടിയിരിക്കുന്നു. മുറിയറിവ് അല്ലെങ്കിൽ തെറ്റായ അറിവുമായി വരുന്ന രോഗിയുടെ പല ചോദ്യങ്ങൾക്കും ക്ഷമയോടെ ഉത്തരം നൽകി അവരെ തിരുത്തേണ്ടതിനാണ് ഒ.പിയിൽ കൂടുതൽ സമയം ചെലവാകുന്നതെന്ന കാര്യം പലപ്പോഴും സീനിയർ ഡോക്ടർമാർ വരെ പങ്ക് വയ്ക്കുന്നുണ്ട്.
എല്ലാ വിഭാഗത്തിലും എന്നത് പോലെ മെഡിക്കൽ രംഗത്തും കമ്മിഷൻ വാങ്ങുന്നവരും, കൊള്ളക്കാശ് പിടുങ്ങുന്നവരുമുണ്ട്. ഏത് രംഗവും സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ അത് ബിസിനസ്സായി മാറുന്നു. ആരോഗ്യരംഗവും വിഭിന്നമല്ല. ആശുപത്രികൾ തമ്മിൽ മത്സരങ്ങൾ തന്നെയുണ്ടെന്ന് പറയാം. പരസ്യങ്ങളിൽ അത് വ്യക്തമാണല്ലോ!
എന്നാൽ ഒറ്റപ്പെട്ട ഇത്തരം കാര്യങ്ങൾ, "ചികിത്സാപിഴവ് മുതൽ അവയവമാഫിയ വരെ"എന്ന തലക്കെട്ടോടുകൂടി വലിയ പ്രാധാന്യം നൽകി വാർത്താചാനലുകൾ ആഘോഷമാക്കുന്നുന്നുണ്ട് ഇന്ന്. പൊതുസമൂഹം അറിയേണ്ട വിഷയങ്ങൾ അറിയിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ അറിവില്ലാത്തവരെ ചേർത്ത് ചർച്ച ചെയ്ത്, ആ മുറിയറിവുകൾ സമൂഹത്തിലേക്ക് പകർന്ന് കൊടുക്കുമ്പോൾ മനുഷ്യന്റെ ആരോഗ്യവും ജീവനും രക്ഷിക്കുക എന്ന ഏറ്റവും പ്രധാന്യമേറിയ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഡോക്ടർമാരെ, എന്തിന് ആരോഗ്യരംഗത്തുള്ളവരെ മുഴുവൻ, സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ഒരു സമൂഹമുണ്ടാകുന്നു. ഈ സംശയമുണ്ടാക്കുന്ന വിപത്ത് ചെറുതല്ല.
ഒരു ഡോക്ടറുടെ ചികിത്സയിൽ ഇരിക്കുന്നയാൾ മാറി മാറി പല ഡോക്ടർമാരെ കാണുന്നു. സെക്കന്റ് ഒപ്പീനിയൻ എടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇന്നതല്ല സ്ഥിതി. ചികിൽസിക്കുന്ന ഡോക്ടർ പോരാ എന്ന തോന്നലിലാണ് തുടക്കം തന്നെ. അത് എത്ര മിടുക്കനായ ഡോക്ടറായാലും ഒരു മൂന്ന് പേരെയെങ്കിലും മാറി മാറി കാണിച്ചാൽ മാത്രമേ വിശ്വാസം വരൂ. പലരുടെ കൈയ്യിലൂടെ കയറിയിറങ്ങുന്ന രോഗി ഒടുവിൽ കടുത്ത ആശയകുഴപ്പത്തിൽ വീഴുന്നതും തീരുമാനങ്ങളെടുക്കാൻ ബുദ്ധിമുട്ടുന്നതും വൈകുന്നതും ആശുപത്രിക്കുള്ളിലെ സ്ഥിരം കാഴ്ച ആണ്. അങ്ങനെ വൈകിയെടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും അത്യാഹിതങ്ങളിലേക്ക് അവരെ നയിക്കുന്നു.
ഡോ. വന്ദനയുടെ നോവുള്ള ഓർമ കൂടിയാണ് ഈ ഡോക്ടർസ് ഡേ. ആശുപത്രിക്കുള്ളില്‍ ഡോക്ടർമാര്‍ എത്രത്തോളം സുരക്ഷിതരാണ് എന്നത് കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. ആ ചൂട് ഉണങ്ങിതണുക്കുമ്പോൾ, നൈറ്റ് ഡ്യൂട്ടിയുടെ ഇടനാഴികളിൽ പലപ്പോഴും ആരോഗ്യപ്രവർത്തകർ ഇന്നും അരക്ഷിതാവസ്ഥ നേരിടുന്നു. എങ്ങനെ രോഗി മരിച്ചാലും അത് കൃത്യവിലോപമെന്നും, മെഡിക്കൽ കോംപ്ലിക്കേഷൻസിനെ ഡോക്ടറുടെ കൈയ്യബദ്ധമെന്നും കണ്ട്, ഡോക്ടർക്കും ആശുപത്രിക്കുമെതിരെ പൊതുവികാരം തിരിക്കുന്നത് ഇപ്പോൾ ശീലമാവുന്നു.
ഇനി മറ്റൊന്നാണ് ഡോക്ടർമാർ അവധിയെടുക്കാൻ പാടില്ലെന്നതും. ഏത് നട്ടപ്പാതിരയ്ക്ക് വിളിച്ചാലും ഡോക്ടർ ഫോണിൽ ഉണ്ടായിരിക്കണമെന്നതും!! ഡോക്ടർമാരും മനുഷ്യരാണ്. അവർക്കുമുണ്ട് സ്വകാര്യജീവിതം. ഒരു ഡോക്ടർ ലീവ് എടുക്കുമ്പോൾ മറ്റൊരാൾ അവിടെ ചികിത്സയ്ക്കായി നിയോഗിക്കപ്പെടുന്നുണ്ട് എന്നുറപ്പ് വരുത്തേണ്ടത് ആശുപത്രി അധികൃതരും ആരോഗ്യവകുപ്പുമാണ്. അല്ലാതെ ഡോക്ടർമാർ ജീവിതം മറന്നു ജോലി ചെയ്തിരിക്കണം എന്നൊരു അലിഖിതനിയമം അവർക്കെതിരെ ആയുധമാക്കുകയല്ല വേണ്ടത്.
എല്ലാ വിഭാഗത്തിലും നല്ലതും ചീത്തയുമുണ്ട്. മെഡിക്കൽ എത്തിക്സ് കൃത്യമായി പാലിച്ചു പ്രവർത്തിക്കാൻ ഡോക്ടർമാരും അവരെയൊന്നു വിശ്വസിക്കാൻ പൊതുജനവും ശ്രമിച്ചാൽ തീരുന്ന വേലിക്കെട്ടുകളെ ഇപ്പോഴുള്ളു. ആരോഗ്യമുള്ള ഒരു ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഈ ജീവന്റെ കാവൽക്കാർക്ക് ഡോക്ടർസ് ഡേ ആശംസകൾ നേരാം!അവർക്കൊപ്പം നിൽക്കാം!
Content Highlights: national doctors day, violence against doctors