രാത്രി എട്ടു മണി മുതല്‍ പത്ത് മണി വരെ; ദീപാവലി ദിനത്തില്‍ പടക്കത്തിന് അനുമതി നല്‍കി ഝാര്‍ഖണ്ഡ്

Photo: PTI
Photo: PTI

ദീപാവലി ദിനത്തില്‍ പടക്കം പൊട്ടിക്കുന്നതിനായി രണ്ടുമണിക്കൂര്‍ അനുവദിച്ചിരിക്കുകയാണ് ഝാര്‍ഖണ്ഡ് . ഇതേ ദിവസം രാത്രി എട്ടു മണി മുതല്‍ പത്ത് മണി വരെ പടക്കം പൊട്ടിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് ഝാര്‍ഖണ്ഡ്  സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് (ജെഎസ്പിസിബി) അറിയിച്ചു. 

ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നതിനുള്ള സമയപരിധി പുറത്തുവിട്ടു. ക്രിസ്മസിന് രാവിലെ ആറ് മണി മുതല്‍ എട്ടു മണി വരെ പടക്കങ്ങള്‍ ഉപയോഗിക്കാം. ന്യൂ ഇയറിന് ഇത് 11.55 pm മുതല്‍ 12.30 am വരെയാണ്. നഗരത്തില്‍ നിലവിലെ വായുഗുണനിലവാര സൂചിക (aqi) മികച്ചത് മുതല്‍ തൃപ്തികരം വരെയാണെന്ന് അധികൃതര്‍ പറയുന്നു. 

പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ലംഘിക്കുകയാണെങ്കില്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍ നിയമപ്രകാരം ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. ഉത്സവാഘോഷങ്ങള്‍ കഴിയുന്നത് വരെ നോയിസ് പൊല്യൂഷന്‍ നിലവാരവും നിരീക്ഷണ വിധേയമാക്കും. 

വായുനിലവാരം പൂജ്യത്തിനും അമ്പതിനും ഇടയിലാണെങ്കില്‍ മികച്ചത്, 51-100നും ഇടയില്‍ തൃപ്തികരം, 101-200 ഇടയില്‍ ഇടത്തരം, 201-300നും ഇടയില്‍ മോശം, 301-400നും ഇടയില്‍ വളരെ മോശം, 401-500നും ഇടയില്‍ ഗുരുതരം എന്നിങ്ങനെയാണ് കണക്കാക്കുക.

Content Highlights: Jharkhand allows to burst firecrackers for 2 hrs on Diwali night