ദീപങ്ങളുടെ മാത്രമല്ല, ദീപാവലി മധുരങ്ങളുടെ കൂടി ആഘോഷം

#പ്രമോദ്കുമാര്‍ വി.സി.pramodpurath@gmail.com
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

ദീപാവലി ദീപങ്ങളുടെ മാത്രം ഉത്സവമല്ല. മധുരത്തിന്റേതുകൂടിയാണ്. ചില ദീപാവലി മധുരങ്ങളിലൂടെ...

പാല്‍പ്പേഡ

ചേരുവകള്‍

പാല്‍പ്പൊടി  ഒരു കപ്പ്
പഞ്ചസാര  ഒരുകപ്പ്
മൈദ  അരക്കപ്പ്
കണ്ടന്‍സ്ഡ്മില്‍ക്ക്  അരക്കപ്പ്
ഏലക്കായപ്പൊടി  ഒരുനുള്ള് 
നെയ്യ്  2 ടേബിള്‍ സ്പൂണ്‍ 
വെണ്ണ 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്നവിധം

പാല്‍പ്പൊടി, മൈദ എന്നിവ ചേര്‍ത്ത് കുഴച്ച് നന്നായി മിക്‌സാക്കി വെക്കുക.പഞ്ചസാര കുറഞ്ഞവെള്ളത്തില്‍ അടികട്ടിയുള്ള പാത്രത്തില്‍ തിളപ്പിക്കുക. അത് രണ്ട് നൂല്‍ മൂപ്പാവുമ്പോള്‍, അതിലേക്ക് നേരത്തേ ചേര്‍ത്തുവെച്ച പാല്‍പ്പൊടി മിക്‌സ് കുറേശ്ശെ ചേര്‍ത്തുകൊടുക്കുക. തീ കുറയ്ക്കണം. അതിനുശേഷം അതിലേക്ക് നെയ്യ് അല്പാല്പമായി ചേര്‍ത്തതിനുശേഷം വെണ്ണചേര്‍ത്തിളക്കി, ഏലക്കാപ്പൊടി ചേര്‍ത്ത് പാത്രത്തില്‍ ഉരുണ്ടുകൂടുമ്പോള്‍ വാങ്ങിയതിനുശേഷം തണുത്താല്‍ കൈവെള്ളയില്‍ നെയ്യ് പുരട്ടി ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ രൂപപ്പെടുത്തിയെടുക്കാം. 

കജൂര്‍വട
ചേരുവകള്‍

പഞ്ചസാര  ഒരുകപ്പ്
മൈദ  രണ്ടുകപ്പ്
റവ  ഒരുകപ്പ്
അപ്പക്കാരം  ഒരുനുള്ള്
ഏലക്കായപ്പൊടി  ഒരുനുള്ള്  
ഉപ്പ്  ഒരുനുള്ള്  
നെയ്യ്  50 മില്ലി 
വനസ്പതി  ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

 മൈദ, റവ, അപ്പക്കാരം,ഏലക്കായപ്പൊടി, ഉപ്പ്, എന്നിവ നന്നായി കൂട്ടിച്ചേര്‍ത്ത് കുഴച്ചതിനുശേഷം അതിലേക്ക് 100 ഗ്രാം വനസ്പതി, പഞ്ചസാര എന്നിവ അടിച്ചുചേര്‍ത്ത് കട്ടിയില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ പതം വരാന്‍ തുള്ളിയായി വെള്ളം കുടയാം. പിന്നീട് പശുനെയ്യ് ചേര്‍ത്തശേഷം ചെറിയ ബോളുകളാക്കി കൈയിലെടുത്ത് ചെറുതായി പരത്തി ഉഴുന്നുവട പോലെ മധ്യത്തില്‍ ദ്വാരമുണ്ടാക്കി അടി പരന്ന തവയില്‍ വനസ്പതിയൊഴിച്ച് ചെറിയചൂടില്‍ വറുത്തെടുക്കാം

ബാദുഷ
ചേരുവകള്‍

പഞ്ചസാര  ഒരുകിലോഗ്രാം
മൈദ രണ്ടുകപ്പ്
തൈര്  അരക്കപ്പ്
കോഴിമുട്ടയുടെ വെള്ള  രണ്ടെണ്ണത്തിന്റേത്
അപ്പക്കാരം ഒരുനുള്ള്
ഏലക്കായപ്പൊടി ഒരുനുള്ള്
ഉപ്പ്  ഒരുനുള്ള്
വനസ്പതി  ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മൈദ, അപ്പക്കാരം, ഏലക്കായപ്പൊടി, ഉപ്പ്, എന്നിവ നന്നായി കൂട്ടിച്ചേര്‍ത്ത് കുഴച്ചതിനുശേഷം അതിലേക്ക് 100 ഗ്രാം വനസ്പതി, 100 ഗ്രാം പഞ്ചസാര, കോഴിമുട്ടയുടെ വെള്ള എന്നിവ അടിച്ചുചേര്‍ത്ത് കട്ടിയില്‍ കുഴച്ചെടുക്കുക. കുഴയ്ക്കുമ്പോള്‍ പതംവരാന്‍ തൈര് ചേര്‍ത്തുകൊടുക്കാം. നന്നായി കുഴച്ച് പതംവരുത്തിയതിനുശേഷം അരമണിക്കൂര്‍ നേരം വെക്കുക. ബാക്കി പഞ്ചസാര രണ്ടു ഗ്‌ളാസ് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് രണ്ട്‌നൂല്‍പാകത്തില്‍ ഇറക്കിവെക്കുക. കുഴച്ച് മാറ്റിവെച്ച മാവ് ചെറിയ ഉരുളകളാക്കി കൈയിലെടുത്ത് ചെറുതായി പരത്തി ചീനച്ചട്ടിയില്‍ വനസ്പതിയൊഴിച്ച് ചെറിയ ചൂടില്‍ വറുത്തെടുക്കുക. ഇത് ചൂടോടെ നേരത്തേ തയ്യാറാക്കിവെച്ചിട്ടുള്ള പഞ്ചസാരപ്പാവില്‍ മുക്കിത്താഴ്ത്തി പതിനഞ്ച് മിനിറ്റിനുശേഷം കോരിയെടുത്ത് ചൂടാറിയാല്‍  ഉപയോഗിക്കാം.

കാജ
ചേരുവകള്‍

പഞ്ചസാര  ഒന്നരക്കിലോഗ്രാം
മൈദ  മൂന്നുകപ്പ്
കോഴിമുട്ടയുടെ വെള്ള  രണ്ടെണ്ണത്തിന്റേത്
ഫുഡ് കളര്‍ മഞ്ഞ, ഓറഞ്ച്  ഒരുനുള്ള് വീതം
അപ്പക്കാരം  ഒരുനുള്ള് 
ഏലക്കായപ്പൊടി  ഒരുനുള്ള്
ഉപ്പ്  ഒരുനുള്ള്
വനസ്പതി  ആവശ്യത്തിന്

തയ്യാറാക്കുന്നവിധം

മൈദ ഓരോകപ്പ് വീതം മഞ്ഞ, ഓറഞ്ച് ഫുഡ് കളര്‍, അല്പം ഉപ്പ്, അപ്പക്കാരം കോഴിമുട്ടയുടെ വെള്ള (അല്ലെങ്കില്‍ അല്പം വനസ്പതി) എന്നിവ ചേര്‍ത്തി അധികം ലൂസാവാതെ വെവ്വേറെ പതത്തില്‍ കുഴച്ചെടുക്കുക. ഒരുകപ്പ്‌ െമെദ കളര്‍ചേര്‍ക്കാതെ ബാക്കിയുള്ളവ ചേര്‍ത്തി കുഴച്ചെടുക്കുക. മൂന്നുതരത്തില്‍ കുഴച്ചെടുത്ത മാവും ഉരുളകളാക്കിമാറ്റി നൈസായി പരത്തിയെടുക്കുക. പഞ്ചസാര അഞ്ച് ഗ്‌ളാസ് വെള്ളത്തില്‍ തിളപ്പിച്ച് പാവാക്കി മാറ്റിവെക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ചൂടാക്കിയതിനുശേഷം നേരത്തെ പരത്തിവെച്ച പത്തിരി ഒന്നിനുമുകളില്‍ ഒന്നായി അട്ടിവെച്ച് അല്പംവീതിയില്‍ ചതുരത്തില്‍ മുറിച്ചെടുക്കണം. അതിന് മുമ്പേ ഓരോ പത്തിരിക്കും ഇടയില്‍ അല്പം ഉരുകിയനെയ്യ് തൂവാന്‍ മറക്കരുത്. ഇങ്ങനെ മുറിച്ചെടുത്ത പത്തിരി റോളുപോലെ മടക്കി മിഠായി പോലെ പിരിച്ച ആകൃതിയിലാക്കി വറുത്തെടുക്കണം. മുമ്പേ തയ്യാറാക്കിയ പഞ്ചസാരപ്പാനിയില്‍ പത്തുമിനിറ്റ് മുക്കിവെച്ചാല്‍ ചൂടുപറക്കുന്ന കാജയായി. പഞ്ചസാരപ്പാനിയില്‍ ഏലക്കായ പൊടിച്ചത് ചേര്‍ക്കാന്‍ മറക്കരുത്. ഇത് നമുക്ക് വിവിധ ആകൃതിയില്‍ ഉണ്ടാക്കാം.

ഗീപ്പാക്ക്

ചേരുവകള്‍

പഞ്ചസാര  ഒന്നരക്കിലോഗ്രാം
കടലപ്പൊടി  നാലുകപ്പ്
നെയ്യ് 100 മില്ലിഗ്രാം
ഏലക്കായപ്പൊടി ഒരു നുള്ള്

തയ്യാറാക്കുന്നവിധം

കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര അരലിറ്റര്‍ വെള്ളമൊഴിച്ച് തിളപ്പിക്കുക മൂന്ന് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. നെയ്യ് നേരത്തേ മറ്റൊരു അടുപ്പില്‍ ചൂടാക്കണം. മാവ് നന്നായി കുഴമ്പു പരുവത്തിലായാല്‍ ഉരുക്കിയ നെയ്യ് കുറേശ്ശെ ഒഴിച്ചുകൊണ്ടിരിക്കുക. ഇളക്കല്‍ നിര്‍ത്തരുത്. നിര്‍ത്തിയാല്‍ അടിഭാഗം പറ്റും. ചെമ്പില്‍ നിന്ന് വിട്ടുവരുന്ന പരുവത്തിലായാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ഏലക്കാപ്പൊടിയും ചേര്‍ക്കുക. അടുപ്പില്‍ നിന്നിറക്കി പരന്ന തട്ടിലേക്കോ അച്ചിലേക്കോ പകര്‍ന്ന് ചൂടാറിയാല്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

മാംഗോ ബര്‍ഫി
ചേരുവകള്‍

പഴുത്തമാങ്ങ ജ്യൂസ് കട്ടിയുള്ളത്  രണ്ട് ഗ്‌ളാസ് 

പഞ്ചസാര 500 ഗ്രാം
കടലപ്പൊടി  ഒരുകപ്പ്
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍
ജാതിക്കപ്പൊടി  ഒരുനുള്ള്     
നെയ്യ്  100 ഗ്രാം

തയ്യാറാക്കുന്നവിധം
 അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പഴുത്തമാങ്ങാ ജ്യൂെസാഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ജാതിക്കാപ്പൊടി ചേര്‍ക്കുക. അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി ഗാര്‍ണിഷ് ചെയ്യാം.   

കോക്കനട്ട് ബര്‍ഫി

ചേരുവകള്‍

തേങ്ങ ചിരകിയത്  ഒരുകപ്പ് 
പഞ്ചസാര  500 ഗ്രാം
കടലപ്പൊടി  ഒരുകപ്പ്
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി  ഒരു നുള്ള്  
നെയ്യ്  100 ഗ്രാം
കശുവണ്ടിപ്പരിപ്പ്  ആറെണ്ണം
ചെറീസ്   ആറെണ്ണം 
 

തയ്യാറാക്കുന്നവിധം
 കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് തേങ്ങ ചിരകിയത് ചേര്‍ത്ത് നന്നായി തിരുമ്മിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഒരുഗ്‌ളാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് തേങ്ങചിരകിയത് ചേര്‍ത്ത് തിരുമ്മിവെച്ച കടലപ്പൊടിക്കൂട്ട്  കറേശ്ശെചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. അതിനോടൊപ്പം നെയ്യും ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ജാതിക്കാപ്പൊടി ചേര്‍ക്കുക. പാത്രത്തില്‍നിന്ന് വിട്ടുപോരുന്ന പരുവത്തിലെത്തിയാല്‍ അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.   

മിക്‌സഡ്ഫ്രൂട്ട് ലഡു

ചേരുവകള്‍

കാരയ്ക്ക ചെറുതായി അരിഞ്ഞത്  രണ്ടു കപ്പ്  
തേങ്ങ ചിരകിയത്  അരക്കപ്പ് 
ബദാം അരിഞ്ഞത്  കാല്‍ക്കപ്പ് 
അണ്ടിപ്പരിപ്പ് പൊട്ട്  2 ടേബിള്‍ സ്പൂണ്‍
കിസ്മിസ്  2 ടേബിള്‍ സ്പൂണ്‍
ചെറിസ്  2 ടേബിള്‍ സ്പൂണ്‍
അത്തിപ്പഴം ചീന്തിയത്  ആറെണ്ണം
പഞ്ചസാര 500 ഗ്രാം
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍
ജാതിക്കപ്പൊടി  ഒരുനുള്ള്
ഏലക്കാപ്പൊടി  ഒരുനുള്ള് 
നെയ്യ്  100 ഗ്രാം

തയ്യാറാക്കുന്നവിധം
 ബദാം അരിഞ്ഞത്,അണ്ടിപ്പരിപ്പ് പൊട്ട്, കിസ്മിസ്,ചെറീസ്,അത്തിപ്പഴം ചീന്തിയത്, എന്നിവ നന്നായി മിക്‌സ് ചെയ്ത് ഒരു പരന്ന പാത്രത്തില്‍ വിതറിയിടുക. പഞ്ചസാര 500 ഗ്രാം അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര തിളപ്പിക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് തേങ്ങ ചിരകിയത് ചേര്‍ത്തിളക്കിയതിനുശേഷം അത് വാങ്ങി നേരത്തെ പരത്തിവെച്ച മിക്‌സഡ്ഫ്രൂട്ട്  പാത്രത്തിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയോജിപ്പിക്കുക. പശുനെയ്യ് ജാതിക്കപ്പൊടി,ഏലക്കാപ്പൊടി, നെയ്യ് എന്നിവ ചേര്‍ത്തതിനുശേഷം നന്നായി ഇളക്കി ചൂടാറിയാല്‍ ഉരുട്ടിയെടുക്കുക. മിക്‌സഡ്ഫ്രൂട്ട് ലഡു റെഡി.

ചോക്‌ലേറ്റ് ബര്‍ഫി

ചേരുവകള്‍

കൊക്കൊ പൗഡര്‍  അരക്കപ്പ് 
പഞ്ചസാര  500 ഗ്രാം
കടലപ്പൊടി  ഒരുകപ്പ്
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍
ഏലക്കാപ്പൊടി  ഒരുനുള്ള് 
നെയ്യ്  100 ഗ്രാം
കശുവണ്ടിപ്പരിപ്പ്  ആറെണ്ണം
ബദാം  ആറെണ്ണം 
 

തയ്യാറാക്കുന്നവിധം
കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് കൊക്കൊ പൗഡര്‍ ചേര്‍ത്ത് നന്നായി തിരുമ്മിവെക്കുക. അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര ഒരുഗ്‌ളാസ് വെള്ളമൊഴിച്ച് തിളപ്പിക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച കൊക്കൊ പൗഡര്‍ ചേര്‍ത്ത് തിരുമ്മിവെച്ച കടലപ്പൊടിക്കൂട്ട്  കറേശ്ശെചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. അതിനോടൊപ്പം നെയ്യും ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി ഏലക്കാപ്പൊടി ചേര്‍ക്കുക. പാത്രത്തില്‍നിന്ന് വിട്ടുപോരുന്ന പരുവത്തിലെത്തിയാല്‍ അടുപ്പില്‍ നിന്നിറക്കി പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം ഒഴിച്ച് ചൂടാറാന്‍ വെക്കുന്ന പാത്രത്തില്‍ നെയ്യ് പുരട്ടാന്‍ മറക്കരുത്. അതില്‍ അണ്ടിപ്പരിപ്പ്, ബദാം എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.   

പൈനാപ്പിള്‍ ബര്‍ഫി

ചേരുവകള്‍

പൈനാപ്പിള്‍ ജ്യൂസ് കട്ടിയുള്ളത്  രണ്ട് ഗ്‌ളാസ് 
പഞ്ചസാര  500 ഗ്രാം
കടലപ്പൊടി  ഒരുകപ്പ്
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍ 
നെയ്യ്  100 ഗ്രാം

തയ്യാറാക്കുന്നവിധം
 അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പൈനാപ്പിള്‍ ജ്യൂെസാഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം

Content Highlights: Diwali is not only a celebration of lights but also of sweets