കൊളംബിയന്‍ കുതിപ്പ് തകര്‍ത്ത തന്ത്രജ്ഞൻ; സ്‌പെയിനിനും യമാലിനുമെതിരേ അയാള്‍ കാത്തുവെക്കുന്നതെന്ത്?

#ആദര്‍ശ് പി ഐ
ലയണല്‍ സ്‌കലോണിയും മെസ്സിയും, Photo:AP
ലയണല്‍ സ്‌കലോണിയും മെസ്സിയും, Photo:AP

മിശിഹയുടെയും മാലാഖയുടെയും ജീവിതത്തെ വീരപരിവേഷം നൽകി തിരുത്തിയെഴുതിയ കഥയിലെ നായകന്റെ പേരാണ് ലയണൽ സെബാസ്റ്റ്യൻ സ്കലോണി. തോറ്റു പോയ ജനതയ്ക്ക് ഉയിരേകിയ മനുഷ്യൻ. കണ്ണീരുകൊണ്ട് നെഞ്ചുകീറിക്കരഞ്ഞ ആൽബിസെലസ്റ്റൻ നിരയെ ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിർത്തിച്ച ആശാൻ. ലാറ്റിനമേരിക്കൻ കേളീശൈലിയുടെ സൗന്ദര്യത്തെ കാൽപ്പനികതയിലൂടെയല്ല, പ്രായോഗികതയിലൂടെ വഞ്ചി തുഴഞ്ഞാണ് സ്‌കലോണി അവരുടെ സ്വപ്‌നങ്ങളെ പുനര്‍ജനിപ്പിച്ചത്. 2016 ൽ ലയണൽ മെസ്സി രാജ്യത്തിനായി കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മടങ്ങിയപ്പോൾ ഉള്ളുതകർന്ന് വിങ്ങിപ്പൊട്ടിയവരുടെ കൂട്ടത്തിലുമുണ്ടായിരുന്നു അയാൾ. ലിയോ പോകരുതെന്ന് കുറിച്ചിട്ടു. ആ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അതേ മെസ്സിയേയും കൊണ്ട് 2024 കോപ്പയിലേക്കുള്ള വരവ്  അവരെ ലോകഫുട്ബോളിന്റെ തലപ്പത്തെത്തിച്ചായിരുന്നു. ലോകകപ്പും  രണ്ട് കോപ്പയും സ്കലോണി നേടിക്കൊടുത്തു. ലോകഫുട്ബോളിലെ ഏത് ശക്തിയേയും വീഴ്ത്താനുള്ള പ്രഖ്യാപനം. അടവുകൾ ഏത് പയറ്റിയാലും മറുതന്ത്രമൊരുക്കുന്ന സ്കലോണി മാജിക്. ഇനി അയാൾക്ക് മുന്നിൽ ഫൈനലിസ്സിമ പോരാട്ടമാണ്. യൂറോപ്പിന്റെ രാജാക്കൻമാരായ സ്പാനിഷ് സംഘമാണ് എതിരാളികൾ. യമാലും നിക്കോയുമടക്കം യുവനിരയുടെ നിലയ്ക്കാത്ത ആക്രമണമാണ് എതിരാളികളെ വിറപ്പിക്കുന്നത്. ലൂയിസ് ഫുഎൻഡെയുടെ തന്ത്രങ്ങൾക്ക് സ്കലോണി എന്ത് മറുപടി നൽകും. ലോകം കാത്തിരിക്കുകയാണ്. 

ആറ് വർഷങ്ങൾക്ക് മുമ്പ് 2018-ലോകകപ്പിനെത്തുമ്പോള്‍ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അര്‍ജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അര്‍ജന്റീന നിരയായിരുന്നില്ല അപ്പോഴുണ്ടായിരുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകര്‍ന്നടിഞ്ഞ ടീം. യൂറോപ്യന്‍ ലീഗുകളില്‍ മികവോടെ കളിക്കുന്ന താരങ്ങളുടെ അഭാവവും മിന്നും യുവതാരങ്ങള്‍ ഉയര്‍ന്നുവരാത്തതുമെല്ലാം ടീമിനെ സാരമായി ബാധിച്ചു. 2018 ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്. 

Content Highlights: lionel scaloni tactics argentina national team messi journey

Continue reading