കോപ്പയിലെ അർജന്റീനിയൻ ആശാൻമാർ

ലയണല്‍ സ്‌കലോനി , Photo:  AFP
ലയണല്‍ സ്‌കലോനി , Photo: AFP

ന്യൂയോർക്ക്: കോപ്പ അമേരിക്ക ഫുട്‌ബോളിന് പന്തുരുളാനിരിക്കെ അർജന്റീന പരിശീലകൻ ലയണൽ സ്കാലോനി വീണ്ടും കപ്പുയർത്തുമോയെന്നാണ് ആരാധകരുടെ ആകാംക്ഷ. സൂപ്പർ താരം ലയണൽ മെസ്സി നയിക്കുന്ന അർജന്റീന കഴിഞ്ഞതവണത്തെ കോപ്പയും പിന്നീട് ലോകകപ്പുമെല്ലാം നേടിയ മിന്നുംഫോമിലാണ്. അർജന്റീന കപ്പെടുത്താലും ഇല്ലെങ്കിലും കിരീടത്തിൽ മുത്തമിടാൻ സ്കാലോനിക്കു പുറമെ ആറ് അർജന്റീന പരിശീലകർകൂടി ടൂർണമെന്റിനെത്തുന്നുണ്ട്.

ഇത്തവണത്തെ കോപ്പയുടെ മുഖ്യആകർഷണം അർജന്റീന പരിശീലകരുടെ ധാരാളിത്തമാണ്. 16-ൽ ഏഴ് ടീമുകൾക്കാണ് അർജന്റീന പരിശീലകരുള്ളത്. സ്കാലോനിക്കു പുറമെ കൊളംബിയയുടെ നെസ്റ്റർ ലോറൻസോ, വെനസ്വേലയുടെ ഫെർണാണ്ടോ ബാറ്റിസ്റ്റ, യുറഗ്വായുടെ മാഴ്‌സലോ ബിയേൽസ, പാരഗ്വായുടെ ഡാനിയേൽ ഗർനെറോ, കോസ്റ്ററീക്കയുടെ ഗുസ്താവോ അൽഫരോ, ചിലിയുടെ റിക്കാർഡോ ഗാർഷ്യ എന്നിവരാണ് അർജന്റീനയിൽനിന്നുള്ള പരിശീലകർ.

ടൂർണമെന്റിനെത്തുന്നവരിൽ സ്കാലോനിയാണ് കൂടുതൽകാലം ടീമിന്റെ ചുമതല വഹിച്ചത്. അഞ്ച്‌ വർഷവും പത്ത് മാസവുമായി അർജന്റീനയുടെ പരിശീലകസ്ഥാനത്ത്. ഏറ്റവും കുറഞ്ഞകാലം ടീമിനെ പരിശീലിപ്പിച്ച അർജന്റീനക്കാരനായ പരിശീലകൻ ചിലിയുടെ റിക്കാർഡോ ഗാർഷ്യയാണ്.

അർജന്റീനയ്ക്കൊപ്പം മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞ പരിശീലകനാണ് സ്കാലോനി. എന്നാൽ, തന്ത്രങ്ങളിൽ മുമ്പൻ യുറഗ്വായ് പരിശീലകൻ മാഴ്‌സലോ ബിയേൽസയാണ്. അർജന്റീനയ്ക്ക് ഒളിമ്പിക് സ്വർണം നേടിക്കൊടുത്ത ബിയേൽസ 2004-ൽ ടീമിനെ കോപ്പ അമേരിക്കയിൽ റണ്ണറപ്പാക്കി. കൊളംബിയയുടെ പരിശീലകനായ നെസ്റ്റർ ലോറൻസോ അദ്‌ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പരിശീലകനാണ്. നെസ്റ്ററിനുകീഴിൽ കൊളംബിയ ഇതുവരെ തോറ്റിട്ടില്ല.

Content Highlights: argentinian coaches copa america football tournament