കരോൾ ഉണ്ടായിരുന്നില്ല, കെയ്ക്കിനുപകരം വട്ടയപ്പം, ഇല്ലിച്ചീന്തുകൊണ്ട് നക്ഷത്രം; ഒരു ഓർമ

കുര്യാക്കോസും ഭാര്യ റോസക്കുട്ടിയും ക്രിസ്‌മസ് വിശേഷങ്ങൾ പങ്കുവെക്കുന്നു
കുര്യാക്കോസും ഭാര്യ റോസക്കുട്ടിയും ക്രിസ്‌മസ് വിശേഷങ്ങൾ പങ്കുവെക്കുന്നു

കേക്ക് മധുരമില്ലാത്ത ക്രിസ്‌മസിനെക്കുറിച്ച്‌ ചിന്തിക്കുക പ്രയാസമായിരിക്കും. എന്നാൽ, കേക്കും കരോളുമില്ലാതിരുന്ന ക്രിസ്‌മസ് കാലവും ഉണ്ടായിരുന്നെന്ന് 1949-ൽ കിഴക്കഞ്ചേരിയിലെത്തിയ കുടിയേറ്റകർഷകൻ നടാംകുഴി പാറയ്ക്കൽവീട്ടിൽ കുര്യാക്കോസ് ഓർക്കുന്നു.

അപ്പൻ തോമായോടും അമ്മ ത്രേസ്യാമ്മയോടുമൊപ്പം കിഴക്കഞ്ചേരിയിലെത്തുമ്പോൾ കുര്യാക്കോസിന്‌ 14 വയസ്സാണ്. ദാരിദ്ര്യം അലട്ടിയിരുന്ന കാലം. ഇല്ലികീറി നക്ഷത്രമുണ്ടാക്കുന്നതായിരുന്നു അന്നത്തെ പ്രധാന ക്രിസ്‌മസ് ആഘോഷം. 'ദാരിദ്ര്യത്തിനിടയിലും എല്ലാവരും ചേർന്നുള്ള നക്ഷത്രനിർമാണം ഒരാഘോഷം തന്നെയായിരുന്നു' -കുര്യാക്കോസ് പറഞ്ഞു. 'ഇല്ലിയുടെ ചീന്തുകൾകൊണ്ട് നക്ഷത്രത്തിന്റെ ആകൃതിയുണ്ടാക്കി ഇഷ്ടമനുസരിച്ച്‌ പലനിറങ്ങളിലുള്ള പേപ്പർ ചുറ്റും. അതിനുള്ളിൽ മെഴുകുതിരിയും വെക്കും. മിന്നിത്തിളങ്ങുന്ന നക്ഷത്രം തയ്യാർ.' കുര്യാക്കോസിന്റെ വാക്കുകളിൽ ആവേശം. 

1970-കളിൽ കരോൾ തുടങ്ങുമ്പോൾ ക്രിസ്‌മസ് പാപ്പ ഉണ്ടായിരുന്നില്ലെന്നും കുര്യാക്കോസ് പറയുന്നു. ക്രിസ്‌മസിന്‌ കേക്കും ഉണ്ടിയിരുന്നില്ലെന്ന്‌ കുര്യാക്കോസ് പറഞ്ഞപ്പോൾ കേട്ടിരുന്ന ഭാര്യ റോസക്കുട്ടി ഇടയ്ക്കു കയറി. ‘കേക്കില്ലെങ്കിലും വീട്ടിലുണ്ടാക്കുന്ന നല്ല ഒന്നാന്തരം വട്ടയപ്പമുണ്ടായിരുന്നല്ലോ’ -റോസക്കുട്ടി പറഞ്ഞു. 'ശരിയാണ് വട്ടയപ്പവും അവലോസുപൊടിയും അരിയുണ്ടയുമൊക്കെ ക്രിസ്‌മസ് കാലത്തെ സ്പെഷ്യലായിരുന്നു' -കുര്യാക്കോസ് കൂട്ടിച്ചേർത്തു.

വിഭവമൊരുക്കി ആഘോഷം

വിഭവങ്ങളൊരുക്കലായിരുന്നു ക്രിസ്‌മസ് കാലത്തെ പ്രധാന ആഘോഷം. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഞെരുക്കിയെങ്കിലും ക്രിസ്‌മസ് ദിനത്തിൽ പോത്തിറച്ചിയും മീനും ഉണ്ടാകുമെന്ന്‌ റോസക്കുട്ടി. ‘ക്രിസ്‌മസ് ദിനത്തിലെ, വട്ടയപ്പവും പോത്തിറച്ചിയും കൂട്ടിയുള്ള പ്രഭാതഭക്ഷണമോർക്കുമ്പോൾ ഇപ്പോഴും വായിൽ വെള്ളമൂറും’ -കുര്യാക്കോസ് ചെറുചിരിയോടെ കൂട്ടിച്ചേർത്തു.

ക്രിസ്‌മസിന് ഒരുക്കമായുള്ള നോമ്പാചരണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ലെന്ന് ഇരുവരും ഓർക്കുന്നു. മത്സ്യവും മാംസവും പൂർണമായും ഒഴിവാക്കും. ബുധനാഴ്ചയും വെള്ളിയാഴ്ചയും ഒരുനേരമേ ഭക്ഷണം കഴിക്കൂ.

പെരുമ്പാവൂർ പുല്ലുവഴിയിൽനിന്നാണ്‌ കുര്യാക്കോസ് കിഴക്കഞ്ചേരിയിലേക്ക്‌ കുടിയേറിയത്. കൊന്നയ്ക്കൽകടവിൽ മകൻ പി.കെ. ബിജുവിനൊപ്പമാണ്‌ താമസം.

Content Highlights: A heartwarming tale of a Christmas without cake or carols, but filled with love