കാറും ഷൂസും ഉടുപ്പും മുതൽ ക്രിക്കറ്റ് ബാറ്റുവരെ... കെയ്ക്കിൽ ശില്പഭംഗിതേടി മലയാളി ടെക്കി

ബെംഗളൂരു: അപർണയ്ക്ക് കെയ്ക്കുനിർമാണം ശില്പകലയാണ്. പലരൂപങ്ങൾ വാർത്തെടുക്കുന്ന കല. കുഞ്ഞുകാറും ബാഗും ഷർട്ടും ആഭരണവുംമുതൽ ക്രിക്കറ്റ് ബാറ്റും വ്യായാമ ഉപകരണങ്ങളുംവരെ മധുരമുള്ള കെയ്ക്കുകളുടെ രൂപത്തിൽ മുൻപിലെത്തും. ഐ.ടി. നഗരത്തിൽ ടെക് കമ്പനിയിലെ ജോലിക്കിടെ കിട്ടുന്ന ഒഴിവുസമയത്താണ് കെയ്ക്കുനിർമാണത്തിലെ ശില്പപരീക്ഷണം.
കെയ്ക്ക് നൽകുന്നത് ആർക്കാണോ അവർക്ക് ഇഷ്ടപ്പെട്ട വസ്തുക്കളുടെ രൂപം അപർണ വാർത്തെടുക്കും. കാർ ഇഷ്ടപ്പെടുന്നവർക്ക് കാറിന്റെരൂപത്തിൽ. വ്യായാമം ഇഷ്ടപ്പെടുന്നവർക്ക് വ്യായാമോപകരണത്തിന്റെ രൂപത്തിൽ. ആഭരണം ഇഷ്ടപ്പെടുന്നവർക്ക് ആഭരണത്തിന്റെ രൂപത്തിൽ. വൈൻ കുപ്പിയായും പൂക്കൂടയായും വാച്ചായും ക്യാമറയായും വൈദ്യുതിവിളക്കായും കെയ്ക്കുകൾ തയ്യാറാക്കും. മട്ടൻകറിയുടെ രൂപത്തിലും ഗ്രിൽ ചിക്കന്റെ രൂപത്തിലും മീൻരൂപത്തിലും നൂഡിൽസിന്റെ രൂപത്തിലും കെയ്ക്കുകൾ അപർണയുടെ കരവിരുതിൽ മുൻപിലെത്തും. തലയണയിൽ കിടന്നുറങ്ങുന്ന നായക്കുട്ടിയായും ചിത്രശലഭമായും തീൻമേശയായും കെയ്ക്കുകൾ വരും.
2017-ലാണ് ഈ റിയലിസ്റ്റിക് ഫോണ്ടന്റ് കെയ്ക്ക് നിർമാണ പരീക്ഷണം അപർണ ആരംഭിച്ചത്. ഇളയകുട്ടിയെ പ്രസവിക്കുന്നതിനുവേണ്ടി ജോലിയിൽനിന്ന് വിട്ടുനിൽക്കുമ്പോഴായിരുന്നു ഇത്. യുട്യൂബ് നോക്കി പഠിച്ചാണ് കെയ്ക്ക് നിർമാണം തുടങ്ങിയത്. തീൻമേശകെയ്ക്കാണ് ആദ്യമുണ്ടാക്കിയത്. എല്ലാവരും അഭിനന്ദിച്ച് കൂടെനിന്നതോടെ പുതിയപരീക്ഷണങ്ങളിലേക്ക് കടന്നു. ചെറുപ്പത്തിൽ നന്നായി ചിത്രങ്ങൾ വരയ്ക്കുമായിരുന്ന അപർണയ്ക്ക് കെയ്ക്കിൽ ശില്പഭംഗിതീർക്കാൻ എളുപ്പമായി. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ജന്മദിനാഘോഷങ്ങൾക്കും മറ്റ് ആഘോഷാവസരത്തിലും പുതുമയുള്ള കെയ്ക്കുകൾ നിർമിച്ചുനൽകി.
തിരുവനന്തപുരം സ്വദേശിയായ അപർണ 2009 മുതൽ ബെംഗളൂരുവിലാണ്. മന്യത ടെക് പാർക്കിലെ കൊഗ്നിസന്റ് കമ്പനിയിലാണ് ജോലി. ഭർത്താവ് സന്ദീപ് സുരേഷ് ബെംഗളൂരുവിലെ ഓപ്പൺ ടെക്‌സ്റ്റ് എന്ന ഐ.ടി. കമ്പനിയിലാണ്. മാനവും യുവാനുമാണ് മക്കൾ.
Content Highlights: Aparna creates stunning, realistic fondant cakes in Bengaluru