ഭീമമായ ടിപ്പ് തുക നിരസിച്ചു; യാത്രാക്കൂലി മാത്രം സ്വീകരിച്ച് ഡ്രൈവർ, ധാർമികതയ്ക്ക് കയ്യടി | VIDEO

ഒരു യു.എസ് വ്ലോഗർ പങ്കുവെച്ച റീൽ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ഒരു ഇന്ത്യൻ ടാക്സി ഡ്രൈവർ വ്ലോഗർ നൽകിയ ഭീമമായ ടിപ്പ് തുക നിരസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തന്റെ യാത്രാക്കൂലി മാത്രം വാങ്ങിയ ഡ്രൈവർ ബാക്കി തുക വ്ലോഗർക്ക് തിരികെ നൽകി മടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വലിയ ടിപ്പ് നൽകി ഡ്രൈവറെ അത്ഭുതപ്പെടുത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് വ്ലോഗർ വീഡിയോ പങ്കുവെച്ചത്. എത്ര രൂപയാണ് താൻ നൽകേണ്ടതെന്ന് വ്ലോഗർ ഡ്രൈവറോട് ചോദിച്ചു. വ്ലോഗർക്ക് ന്യായമെന്ന് തോന്നുന്ന ഒരു തുക നൽകാനായിരുന്നു ഡ്രൈവറുടെ മറുപടി. അതിനുശേഷം, 8,500 രൂപ ഇദ്ദേഹം കൈമാറുകയും ചെയ്തു.
എന്നാൽ, ഇത്രയും വലിയ തുക ലഭിച്ചെങ്കിലും യാത്രാക്കൂലിയായ വെറും 1,250 രൂപ മാത്രം മതിയെന്ന് ഡ്രൈവർ പറഞ്ഞു. അതേസമയം, ഈ ടിപ്പ് തുക മാതാപിതാക്കൾക്ക് നൽകൂ എന്ന് വ്ലോഗർ പറയുന്നത് വീഡിയോയിൽ കാണാം. വീഡിയോ വൈറലായതോടെ ഒട്ടേറെ പേർ ഡ്രൈവറുടെ സത്യസന്ധതയെയും ധാർമ്മികതയെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
Content Highlights: Indian Taxi Driver's Integrity Shines: Rejects Excessive Tip, Accepts Only Fare