പാഞ്ഞെത്തി രക്ഷിച്ച് 'ഡോഗേഷ്'; തെരുവുനായയില്‍ നിന്ന് കുട്ടികളെ സേഫാക്കി വളര്‍ത്തുനായ|video

തെരുവുനായയില്‍നിന്ന് കുട്ടികളെ രക്ഷിക്കാന്‍ കുതിച്ചുചാടി തെരുവിലേക്കിറങ്ങി ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ. സംഭവത്തിന്റെ വീഡിയോ ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഋഷികേശില്നിന്നുള്ളതാണ് ഈ വീഡിയോ എന്നാണ് വിവരം.
ജെര്‍മന്‍ ഷെപ്പേഡ് നായ, വീട്ടിനുള്ളില്‍നിന്ന് റോഡിലേക്ക് നോക്കുന്ന ദൃശ്യത്തോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം റോഡില്‍ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. അതിനിടെയാണ് ഒരു തെരുവുനായ വരുന്നതും അതിനെ ഭയന്ന് കുട്ടികള്‍ ഓടുകയും ചെയ്യുന്നത്. ഇതോടെ മുന്നിലുണ്ടായിരുന്ന ചെറുമതില്‍ ചാടിക്കടന്ന് തെരുവുനായയുടെ നേര്‍ക്ക് ജെര്‍മന്‍ ഷെപ്പേഡ് നീങ്ങുന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ അടുത്തേക്കെത്തിയ തെരുവുനായയെ ഓടിച്ച ജെര്‍മന്‍ ഷെപ്പേഡിനെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടുകയാണ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍. പലരും ജെര്‍മന്‍ ഷെപ്പേഡ് നായയെ 'ഡോഗേഷ് ഭായി' എന്ന് അഭിസംബോധന ചെയ്യുന്നുമുണ്ട്.
പേവിഷബാധ മരണങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാൻ ഇക്കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാജ്യതലസ്ഥാന മേഖലയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കാനാണ് കോടതി നിർദേശം.
രാജ്യതലസ്ഥാനത്തെ തെരുവുനായകളെ പാർപ്പിക്കാൻ എട്ടാഴ്ചയ്ക്കകം പരിപാലനകേന്ദ്രങ്ങൾ തുടങ്ങണം. മൃഗസ്നേഹികളെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസ്സംനിന്നാൽ കർശനനടപടിയെടുക്കുമെന്നും മുന്നറിയിപ്പുനൽകിയിരുന്നു.
പൊതുതാത്പര്യം മുൻനിർത്തിയാണ് ഉത്തരവെന്നും തങ്ങൾക്കിതിൽ താത്പര്യങ്ങളില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Content Highlights: german shepherd rescues children from stray dog video becomes viral