'വിവാഹിതയെങ്കിൽ ഹോബി പിന്തുടരാനാകില്ലായിരുന്നു'; 79കാരിയായ മുൻ സൈനിക ഉദ്യോഗസ്ഥയുടെ ഭക്ഷണശാല വൈറൽ

വീഡിയോയിൽ നിന്ന് | Photo: Instagram:tasty_trekk
വീഡിയോയിൽ നിന്ന് | Photo: Instagram:tasty_trekk

മധ്യപ്രദേശ് ഇന്തോറിലെ ഒരു ചെറിയ ഭക്ഷണശാലയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ. കാശിഷ് സോണി എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. എന്നാൽ, എന്താണ് ഈ വീഡിയോയുടെ പ്രത്യേകത?. 79-കാരിയായ ഒരു മുൻ ഇന്ത്യൻ സൈനിക ഉദ്യോ​ഗസ്ഥ ഒറ്റയ്ക്കാണ് ഈ ഭക്ഷണശാല നടത്തുന്നത് എന്നതാണ് ഇത്രയധികം ഉപയോക്താക്കളെ ആകർഷിച്ചത്. 

79-കാരിയായ ഇവർ തൻ്റെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതും ഉപഭോക്താക്കൾക്ക് വിവിധ വിഭവങ്ങൾ നൽകാനായി കട ഒരുക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 'ഞാൻ സൈന്യത്തിൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു. വിരമിച്ചതിന് ശേഷമാണ് കട തുടങ്ങിയത്', അവർ പറയുന്നു. എന്തുകൊണ്ടാണ് വിവാഹം ചെയ്യാതിരുന്നത് എന്ന ചോദ്യത്തിന് തനിക്ക് തന്റെ ഹോബി പിന്തുടരാൻ സാധിക്കുമായിരുന്നില്ലെന്നും അവർ വ്യക്തമാക്കി. 

'അവർ വളരെ ശക്തയാണ്, ഇന്തോറിലെ തെരുവുകളിൽ സ്വാദിഷ്ഠമായ ഭക്ഷണം വിളമ്പുന്നു', എന്ന ക്യാപ്ഷനോടെയാണ് കാശിഷ് സോണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അവർക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്. അവർ സന്തോഷവതിയും സംതൃപ്തയുമാണെന്ന് ചിലർ കമന്റിൽ കുറിച്ചു. മാന്യമായ ജോലി ലഭിക്കുകയും അവരെപ്പോലെ ഒറ്റയ്ക്ക് ജീവിക്കുക എന്നതാണ് സ്വപ്നമെന്ന് മറ്റ് ചിലരും കുറിച്ചു. 
 

Content Highlights: A 79-year-old retired Indian Army officer`s Indore food stall goes viral