പ്രളയം എല്ലാമെടുത്തു, നമ്മള്‍ ഒന്നും കൊടുത്തില്ല, അഞ്ചു വര്‍ഷമായി ഇവര്‍ ഷീറ്റിട്ട ഷെഡ്ഡിലാണ്

അജിത. ഫോട്ടോ: അരുൺ നിലമ്പൂർ
അജിത. ഫോട്ടോ: അരുൺ നിലമ്പൂർ

കാട്ടിലാണ് വീട്, വീട്ടിലേക്കുള്ള വഴിയില്‍ വലിയൊരു പുഴയുണ്ട്. ആ പുഴ കടക്കണമെങ്കില്‍ മുളകെട്ടിക്കൂട്ടി ഉണ്ടാക്കിയ ചങ്ങാടം വേണം. പുഴയില്‍ വെള്ളം കൂടിയാല്‍ ചങ്ങാടം ഇറക്കാനുമാകില്ല. ഇനി എങ്ങനെയെങ്കിലും പുഴകടന്നെത്തിയാല്‍ ആ വീടുകള്‍ കാണം. വീടെന്ന് വിളിക്കാനാകില്ല. ടാര്‍പ്പോളിന്‍ ഷീറ്റുകള്‍ വലിച്ചുകെട്ടിയും മുള തല്ലിച്ചതച്ചുമുണ്ടാക്കിയ കൂരകള്‍. ഇത്തിരിവെളിച്ചം പോലും അകത്തുകടക്കാത്ത ശ്വാസം മുട്ടിക്കുന്ന അകത്തളങ്ങള്‍. രാത്രി മൂത്രമൊഴിക്കാന്‍ പോകേണ്ടതുപോലും കാട്ടിലാണ്. ആനകളും കുറുനരികളും വിഹരിക്കുന്ന അതേ കാടു തന്നെ. മലപ്പുറം ജില്ലയില്‍ നിലമ്പൂരില്‍ മുണ്ടേരി ഫാമിന് എതിര്‍വശത്ത് ചാലിയാര്‍ കടന്നെത്തിയാല്‍ അവരെ കാണാം. ഇനിയും കേരളം പുനരധിവസിപ്പിച്ചിട്ടില്ലാത്ത പ്രളയബാധിതരാണ് അവര്‍. 2019 ലെ പ്രളയത്തില്‍ വാണിയമ്പുഴ കോളനിയെ പുഴ കവര്‍ന്നു. കാടിനെയും നാടിനെയും ബന്ധിക്കുന്ന ഏക നടപ്പാലം കുലംകുത്തിയൊഴുകുന്ന ചാലിയാറില്‍ ഒലിച്ചുപോയി. അന്ന് മുതല്‍ ഇവരുടെ ജീവിതം ഇങ്ങനെയാണ്. ആദിവാസികളിൽ തന്നെ ഏറ്റവും പിന്നാക്ക വിഭാഗമായ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളിലുള്ളവരാണ് പുഴയ്ക്കിപ്പുറം ദുരിത ജീവിതം നയിക്കുന്നത്.

അലറിയൊഴുകുന്ന ചാലിയാറില്‍ ഇറങ്ങിയും മുളകുത്തിയും ചങ്ങാടം കരയ്ക്കടിപ്പിക്കുന്ന കാടിന്റെ മക്കള്‍. അതില്‍ ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ആദിവാസികൾ ചങ്ങാടത്തിൽ കരക്കെത്തിക്കുന്നത് ബിജിഎം ഇട്ട് കാടിന്റെ മക്കളുടെ ധീരത എന്ന പേരില്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ആ ധീരർ കാടിനുള്ളിൽ നയിക്കുന്ന ദയനീയ ജീവിതം മാത്രം ഒരു റീലിലും വന്നില്ല. വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടപ്പെട്ട ഇവർ ഇനിയും പുനരധിവസിപ്പിച്ചിട്ടില്ലെന്ന് സത്യവും എങ്ങും കണ്ടില്ല. 

Content Highlights: story of Vaniyampuzha colony,adivasi, post flood

Continue reading