റഷ്യന്‍ സൈന്യത്തിന് മുന്നെ ഇന്ത്യൻ എംബസിക്കാരെത്തി; ജെയിനിന്റെ 'നാടകീയ മുങ്ങല്‍'ഒടുവില്‍ നാടണഞ്ഞു

തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പിട്ട ജെയിൻ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയോടൊപ്പം
തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പിട്ട ജെയിൻ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയോടൊപ്പം

തൃശ്ശൂര്‍ : റഷ്യയില്‍ തൊഴില്‍തട്ടിപ്പില്‍പെട്ട് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ എത്തിപ്പെട്ട തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ ഇന്ന് വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി. യുദ്ധമുഖത്തേക്ക് നിയോഗിക്കപ്പെട്ട് യുക്രൈനിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ മൂന്ന് മാസമായി മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി വീണ്ടും ക്യാമ്പിലേക്ക് തിരിച്ചെത്താന്‍ നിര്‍ദേശം കിട്ടിയ ഉടനെ രക്ഷപ്പെട്ടുപോരുകയായിരുന്നുവെന്ന് ജെയിന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. കരാര്‍ കഴിഞ്ഞിട്ടും വീണ്ടും കരാര്‍ പുതുക്കി ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ നീക്കം നടക്കുന്നതായും തന്നെ രക്ഷിക്കണമെന്നും ജെയിന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് മാതൃഭൂമി ഡോട്‌കോം നിരവധി തവണ ജെയിനിന്റെ വാര്‍ത്തയും വീഡിയോയും നല്‍കിയിരുന്നു.  ഇത് ശ്രദ്ധയില്‍പെട്ടതോടെ റഷ്യയിലെ മലയാളി അസോസിയേഷന്റെ സഹായത്തോടെയാണ് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തത്. റഷ്യന്‍ സൈനികര്‍ ജെയിനിനെ ക്യാമ്പിലേക്ക് കൊണ്ടുപോവുന്നതിന് മുന്നെ എംബസി അധികൃതരെത്തി രക്ഷപ്പെടുത്തുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വെച്ച് തങ്ങളുടെ കൂടെപ്പോരാനാണ് എംബസി അധികൃതര്‍ ആവശ്യപ്പെട്ടതെന്നും റഷ്യന്‍ സൈനിക അധികൃതര്‍ അറിയുന്നതിന് മുമ്പെ വിമാനം കയറിപ്പോരാന്‍ പറ്റിയെന്നും ജെയിന്‍ പറഞ്ഞു.

ജെയിൻ റഷ്യയിൽ പോയപ്പോഴും പിന്നീടുമുള്ള ചിത്രം

ചൊവ്വാഴ്ച രാത്രി 9.30 ന് മോസ്‌കോയില്‍ നിന്ന് 561 കിലോമീറ്റര്‍ അപ്പുറമുള്ള ക്ലിന്റ്സി എന്ന സ്ഥലത്തേക്ക് ട്രെയിന്‍ ടിക്കറ്റ് എടുത്ത് ഒറ്റയ്ക്ക് വരാനാണ് സൈനിക അധികൃതര്‍ ജെയിനിനോട് പറഞ്ഞിരുന്നത്. ട്രെയിന്‍ ടിക്കറ്റ് ലഭിക്കാനുള്ള പ്രത്യേക പേപ്പറും നല്‍കിയിരുന്നു. എന്നാല്‍ അതിന് തൊട്ടുമുന്നെ എംബസി അധികൃതരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച റഷ്യന്‍ സമയം 8.30 ന് വിമാനംകയറിയ ജെയിന്‍ വ്യാഴാഴ്ച രാവിലെയാണ് ഡല്‍ഹിയിലെത്തിയത്. അവിടെ നിന്നും നെടുമ്പാശ്ശേരിയിലെത്തി വൈകുന്നേരം നാലരയോടെ വീട്ടിലെത്തുകയും ചെയ്തു. 

തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പിട്ട ജെയിൻ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയപ്പോൾ

27 വയസ്സുകാരനായ ജെയിനിന്  സാമ്പത്തികമായി വലിയ ബാധ്യതയുണ്ടായതോടെയാണ് റഷ്യയിലേക്ക് പോവാന്‍ അവസരമൊരുക്കിത്തരാമെന്ന് പറഞ്ഞ് തൃശ്ശൂരില്‍ നിന്നുള്ള ഒരു ഏജന്റ് ഇവരെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിന്  ജെയിനും ബന്ധു ബിനിലും റഷ്യയിലെത്തി. ഏപ്രില്‍ 14 മുതല്‍ ഒരു വര്‍ഷത്തേക്കുള്ള കരാറിലായിരിക്കും ജോലിയെന്നായിരുന്നു ഏജന്റ് പറഞ്ഞത്. പക്ഷെ പറ്റിക്കപ്പെടുകയായിരുന്നു. റഷ്യയിലെത്തിയതോടെ ഇവരെ യുക്രൈനിനോട്  യുദ്ധം ചെയ്യാനുള്ള റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിക്കുകയായിരുന്നു. ഇതിനിടെ ഈ ജനുവരിയില്‍ ഡ്രോണാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് ജെയിന്‍ മോസ്‌കോയിലെ സൈനിക ആശുപത്രിയില്‍ എത്തിപ്പെട്ടത്. തലനാരിഴയ്ക് ജീവന്‍ തിരിച്ചുകിട്ടി. കൂടെ പോയ ബിനില്‍ ജനുവരി എട്ടാം തീയതി കൊല്ലപ്പെട്ടെങ്കിലും ഇതുവരെ മൃതദേഹം പോലും നാട്ടിലെത്തിച്ചിട്ടില്ല. 

ജെയിനിനും ബിനിലിനും മുന്നെ മറ്റ് ചിലരേയും കൊണ്ടുപോയിരുന്നു.  റഷ്യയിലേക്ക് പോയ സംഘങ്ങളില്‍ സന്ദീപ് എന്നയാളാണ് യുദ്ധമുഖത്ത് ആദ്യം കൊല്ലപ്പട്ടത്. ഇതോടെ വിവാദമാവുകയും ഏജന്റ് അടക്കമുള്ളവരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഈവര്‍ഷം ജനുവരി ആറാം തീയതി ഡ്രോണ്‍ ആക്രമണത്തില്‍ പരിക്കേറ്റ ജെയിനിന് വയര്‍ ഭാഗം പുറത്തുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് ശേഷമാണ് ജീവിതം തിരിച്ചുകിട്ടിയത്. ചികിത്സ ഏകദേശം പൂര്‍ത്തിയായതോടെയാണ് വീണ്ടും പട്ടാളക്ക്യാമ്പിലേക്ക് തിരിച്ചുകൊണ്ടുപോവാനുള്ള ശ്രമം നടന്നത്. ഏപ്രില്‍ 14 ന് കരാര്‍ അവസാനിക്കുകയും ചെയ്തെങ്കിലും കരാര്‍ പുതുക്കാനുള്ള നടപടിയുടെ ഭാഗമായിട്ടാണ് വീണ്ടും ക്യാമ്പിലേക്കെത്താന്‍ പറഞ്ഞതെന്നും രക്ഷിക്കണമെന്നും ജെയിന്‍ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ട് മോസ്‌കോയില്‍ മതസമ്മേളനത്തിനെത്തിയ ചാണ്ടിഉമ്മന്‍ എം.എല്‍എ. അടക്കം ജെയിനിനെ ബന്ധപ്പെടുകയും ചെയ്തിരുന്നു.    

സൈന്യം നൽകിയ ട്രെയിൻ ടിക്കറ്റ് പേപ്പറും മെഡിക്കൽ സർട്ടിഫിക്കറ്റ് പകർപ്പും

1- 'റഷ്യന്‍കൂലിപ്പട്ടാളം വീണ്ടും യുദ്ധത്തിന് അയയ്ക്കും, പ്രധാനമന്ത്രി ഇടപെടണം';സഹായമഭ്യര്‍ഥിച്ച് മലയാളി......

2- ജെയിന്‍ പറയുന്നു രക്ഷിക്കണം, വീണ്ടും റഷ്യന്‍ കൂലിപ്പട്ടാളത്തിലേക്കയക്കരുത് 

3-പറ്റിച്ചത് മലയാളി, നിയമനം റഷ്യന്‍  കൂലിപ്പട്ടാളത്തില്‍; വെടിയേറ്റു മരിച്ച ബിനിലിന്റെ മൃതദേഹമെവിടെ?

4-കരഞ്ഞുപറഞ്ഞു ആരുമിടപെട്ടില്ല ; റഷ്യയിൽ തൊഴിൽ തട്ടിപ്പിൽപ്പെട്ട ജെയിൻ വീണ്ടും കൂലിപ്പട്ടാള ക്യാമ്പിൽ


 

Content Highlights: russian war kerala job scam ukraine war russian army rescue