ചാപ്പകുത്തിയ ജീവിതം: കുടുംബത്തോടൊപ്പം കുറച്ചുകാലം കഴിയണമെന്ന ആഗ്രഹപോലും സഫലമായില്ല

#ഡോ. സെബാസ്റ്റിയന്‍ പോള്‍
പ്രൊഫസര്‍ ജി.എന്‍. സായിബാബ
പ്രൊഫസര്‍ ജി.എന്‍. സായിബാബ

നിരപരാധിയാണെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് പീലാത്തോസ് എന്ന ന്യായാധിപന്‍ യേശുവിനെ വധശിക്ഷയ്ക്ക് ഏല്പിച്ചുകൊടുത്തത്. നിരപരാധിയുടെചോരയ്ക്കുവേണ്ടി ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്നതിന് ആ റോമന്‍ ഗവര്‍ണര്‍ക്ക് മറ്റൊരു മാര്‍ഗമില്ലായിരുന്നു. ശിക്ഷ നടപ്പാക്കിയതിനുശേഷം പ്രതി നിരപരാധിയായിരുന്നു എന്ന് പ്രഖ്യാപിക്കുന്ന ജഡ്ജിമാരുണ്ട്.

മാവോവാദിബന്ധം ആരോപിച്ച് പത്തുവര്‍ഷം തടവിലിട്ടതിനുശേഷമാണ് പ്രൊഫസര്‍ ജി.എന്‍. സായിബാബ കുറ്റവിമുക്തനാക്കപ്പെട്ടത്. ജയില്‍മോചിതനായി ഏഴുമാസം പിന്നിടുമ്പോഴാണ് അന്‍പത്തിയേഴാമത്തെ വയസ്സില്‍ സായിബാബയുടെ മരണം സംഭവിച്ചത്. പോളിയോ ബാധിച്ച് കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട് 90 ശതമാനം ശാരീരിക അവശതയോടെ ചക്രക്കസേരയില്‍ കഴിഞ്ഞ പ്രൊഫസര്‍ക്ക് സ്റ്റാന്‍ സ്വാമിയെപ്പോലെ ജയിലില്‍ക്കിടന്ന് അപമാനകരമായി മരിക്കുന്നതിനുള്ള ദുര്യോഗം ഉണ്ടായില്ലെന്നതുമാത്രമാണ് ആശ്വാസകരമായുള്ളത്.

ജയിലിലെ ദുര്‍വഹമായ അവസ്ഥയിലും ചികിത്സയുടെ അഭാവത്തിലും ഇടതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ട സായിബാബ കുടുംബത്തോടൊപ്പം കുറച്ചുനാള്‍ ചെലവഴിക്കുകയെന്ന ആഗ്രഹം സഫലമാകാതെയാണ് ലോകത്തോട് വിടപറഞ്ഞത്. നഷ്ടപ്പെട്ട അധ്യാപകജോലിയില്‍ തിരികെപ്രവേശിക്കണമെന്ന ആഗ്രഹവും സഫലമായില്ല. പിത്താശയ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചമുന്‍പ് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവന്ന സായിബാബ അവസാനകാലത്ത് ആശുപത്രിയിലായിരുന്നു. കുറെക്കൂടി കൃത്യമായി പറഞ്ഞാല്‍ ആശുപത്രികള്‍ കയറിയിറങ്ങി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു.

ചാപ്പകുത്തിയ ജീവിതം

നാഗരികനക്സലുകള്‍ എന്നിങ്ങനെ ആവശ്യാനുസരണം കുത്താവുന്ന ചാപ്പകള്‍ നമ്മുടെ രാഷ്ട്രീയപദാവലിയില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ നീതി നിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് അപരാധികളായിമാറുന്നത്. നിരോധിതസംഘടനയായ സി.പി.ഐ. മാവോയിസ്റ്റുമായി ബന്ധം ആരോപിച്ചാണ് സായിബാബയെ 2014-ല്‍ മഹാരാഷ്ട്ര പോലീസ് അറസ്റ്റുചെയ്തത്. ഇത്തരം കേസുകളില്‍ അറസ്റ്റിലായാല്‍ പിന്നെ മോചനം അസാധ്യമാകുംവിധം യു.എ.പി.എ. ചുമത്തുകയെന്നതാണ് പോലീസിന്റെ രീതി.

ജിയിൽ മോചിതനായ ശേഷം നടന്ന പത്രസമ്മേളനത്തിൽ വികാരഭരിതനായ ജി.എൻ സായിബാബ| ഫോട്ടോ: Mohd Zakir/ ANI

യു.എ.പി.എ. കേസുകളില്‍ പ്രതിയെ നിരപരാധിയായി കാണാന്‍ കോടതികള്‍ക്ക് വൈമനസ്യമുണ്ടാകും. നിരപരാധിത്വം സാധ്യതയായി കാണണമെന്ന നിയമതത്ത്വം ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് ബാധകമാകില്ല. സായിബാബയുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. മാവോവാദികള്‍ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക, സംഘടനയിലേക്ക് ആളുകളെ ചേര്‍ക്കുക എന്നീ പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ശരിവെച്ചുകൊണ്ട് സെഷന്‍സ് കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ബോംബെ ഹൈക്കോടതി തെളിവിന്റെ അഭാവത്തില്‍ എല്ലാ പ്രതികളെയും വിട്ടയച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേചെയ്യുകയും പുനഃപരിശോധനയ്ക്കുള്ള ഉത്തരവ് നല്‍കുകയും ചെയ്തു. മാവോവാദി ആശയങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമല്ലെന്ന് ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചു. ഇത് സുപ്രീംകോടതി ശരിവെച്ചതോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ സായിബാബ മോചിതനായത്.

നിയമവും അനീതിയും

നഷ്ടപ്പെട്ട പത്തുവര്‍ഷങ്ങള്‍, ഡല്‍ഹി സര്‍വകലാശാലയിലെ നഷ്ടപ്പെട്ട പ്രൊഫസര്‍ പദവി, ജയിലില്‍ നഷ്ടപ്പെട്ട ഇടതുകൈയുടെ ചലനശേഷി എന്നിങ്ങനെ വീണ്ടെടുക്കാന്‍ കഴിയാത്ത ഒട്ടേറെ നഷ്ടങ്ങളുമായാണ് സായിബാബ എന്ന പോരാളി യാത്രയായത്. നഷ്ടപ്പെട്ടതിനുപകരമായി ഒന്നും നല്‍കാന്‍ ഭരണകൂടത്തിനു കഴിയില്ല. എന്തെങ്കിലും നല്‍കണമെന്ന് ആരും ആഗ്രഹിക്കുന്നുമില്ല.

വ്യക്തിക്കെന്നപോലെ സമൂഹത്തിനും ഭരണകൂടത്തിനും മനസ്താപം നല്ലതാണ്. അത് ലവലേശമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഡല്‍ഹി സര്‍വകലാശാലയിലെ നഷ്ടപ്പെട്ട ഉദ്യോഗമെങ്കിലും അദ്ദേഹത്തിന് തിരികെക്കൊടുക്കുമായിരുന്നു. സ്റ്റാന്‍ സ്വാമി, വരവര റാവു എന്നിവര്‍ക്കൊപ്പം പ്രസിദ്ധമായിത്തീര്‍ന്ന പേരാണ് സായിബാബ. നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ആരോഗ്യകാരണത്താല്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതുകൊണ്ടാണ് വിപ്‌ളവകവിയായ വരവര റാവു ഇപ്പോള്‍ സ്വാതന്ത്ര്യത്തില്‍ കഴിയുന്നത്.

ജി.എൻ സായിബാബ ഭാര്യ വസന്ത കുമാറിനൊപ്പം| ഫോട്ടോ: PTI

യു.എ.പി.എ. എന്ന കരിനിയമം

ഭരണകൂടവുമായി അസ്വാരസ്യത്തിലാകുന്നവരെ നിര്‍വീര്യരാക്കുന്നതിനുള്ള നിയമമാണ് യു.എ.പി.എ. ഈ നിയമമനുസരിച്ച് ആര്‍ക്കെതിരേയും എന്തും ആരോപിക്കാം. അപൂര്‍വമായി സത്യാവസ്ഥയും പ്രതിയുടെ നിരപരാധിത്വവും കോടതിക്ക് ബോധ്യമാകുമ്പോള്‍ നീതിയുടെ പുനഃസ്ഥാപനം അസാധ്യമാകുംവിധം കാലമേറെക്കഴിഞ്ഞിട്ടുണ്ടാകും. മരണശയ്യയിലായിരുന്ന അമ്മയെ കാണുന്നതിനുപോലും ജാമ്യമോ പരോളോ അനുവദിക്കാതിരുന്ന കോടതി ഇത്തരം സന്ദര്‍ഭങ്ങളില്‍ മനഃസാക്ഷിയില്ലാതെയും മനുഷ്യത്വരഹിതമായും പെരുമാറുന്നു.

എന്തൊരു പ്രാകൃതമായ അവസ്ഥയിലാണ് നമ്മുടെ ജുഡീഷ്യല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്നുചോദിക്കാന്‍ തോന്നിപ്പോകും. ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പട്ട റാം റഹിം സിങ്ങിന് നാലുവര്‍ഷത്തിനിടെ പതിന്നാലുതവണ പരോള്‍ ലഭിക്കുന്നതിന് തടസ്സമുണ്ടായില്ലെന്നത് ഓര്‍ക്കുക.

എന്തിനും എടുത്തുപയോഗിക്കാന്‍ കഴിയുംവിധമാണ് ഭരണകൂടം ആവനാഴിയില്‍ കരിനിയമങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

പരിഷ്‌കരിക്കപ്പെടേണ്ട നിയമങ്ങള്‍

പാകതയെത്താത്ത പൗരസമൂഹം തെറ്റുചെയ്യാതിരിക്കുന്നതിനുള്ള കരുതല്‍ എന്നനിലയ്ക്കാണ് കരുതല്‍ തടങ്കല്‍ നിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. തെറ്റ് ചെയ്യാതിരിക്കാന്‍ ഭരണകൂടം പൗരന്മാരെ സഹായിക്കുകയാണ്. അപ്രകാരം എ.കെ.ജി.യുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു സ്വാതന്ത്ര്യപ്രാപ്തിയുടെ നാളുകളില്‍പ്പോലും കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചത്. അടിയന്തരാവസ്ഥയിലെ മിസ തുടങ്ങിയ നിയമങ്ങള്‍ ഇന്നും ഒരു ദുഃസ്വപ്നമായി അവശേഷിക്കുന്നു. കുറ്റമറ്റസമൂഹം അസാധ്യമാണെന്നിരിക്കേ കുറ്റത്തോടൊപ്പം ശിക്ഷയും ഉണ്ടാകണം. അതേസമയം ഭരണഘടനയ്ക്കും മനുഷ്യാവകാശങ്ങള്‍ക്കും അനുസൃതമായി വിചാരണനടത്തുന്നതിനും ശിക്ഷവിധിക്കുന്നതിനും വിഘാതമാകുന്ന നിയമങ്ങള്‍ പരിഷ്‌കരിക്കുകയോ നീക്കംചെയ്യുകയോ വേണം. സമൂഹമനഃസാക്ഷിയുടെ മുന്നില്‍ അത്തരം ചില അസുഖകരവും എന്നാല്‍, അവഗണിക്കാനാവാത്തതുമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സായിബാബ വിടവാങ്ങിയത്.

മനുഷ്യാവകാശപ്പോരാളികള്‍ക്ക് അപകടകരമായ ഇടമായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം മാറിയിരിക്കുന്നു. അതുകൊണ്ടാണ് ജനാധിപത്യത്തിന്റെ ആഗോളസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പരിതാപകരമാംവിധം താഴെനില്‍ക്കുന്നത്. ഭരണകൂട അടിച്ചമര്‍ത്തലുകള്‍ക്കെതിരുനില്‍ക്കുന്നവര്‍ ഭരണകൂടത്തിന് അനഭിമതരാകുന്നുവെന്നു മാത്രമല്ല രാജ്യദ്രോഹികള്‍കൂടിയാകുന്നു. രാജ്യദ്രോഹികളോട് സമൂഹത്തിന് പൊതുവേ അനുകമ്പയുണ്ടാകാറില്ല. പക്ഷേ, സ്റ്റാന്‍ സ്വാമി, പാണ്ഡു നരോത്തെ, വരവര റാവു, ഹാനി ബാബു എന്നിങ്ങനെ കുറെ പേരുകള്‍കൂടി ചേരുമ്പോഴാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് നക്ഷത്രത്തിളക്കം ഉണ്ടാകുന്നത്. ചിലരുടെ തെറ്റ് അവരുടെ ശരിയാകുന്നു. ആ ശരിയും നമുക്കാവശ്യമുണ്ട്.

ചക്രക്കസേരയിലെ ചലനമില്ലാത്ത മനുഷ്യന്‍, സ്റ്റീഫന്‍ ഹോക്കിങ്ങിനെയാണ് അനുസ്മരിപ്പിക്കുന്നത്. യന്ത്രക്കസേരയിലെ ബന്ധനത്തിലും ഹോക്കിങ് പ്രപഞ്ചത്തെ നോക്കിക്കാണുകയായിരുന്നു. ശാസ്ത്രപ്രഹേളികകള്‍ക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു. അവശതയെ അതിജീവിക്കുന്ന ഉണര്‍വോടെ സ്വാതന്ത്ര്യത്തിന്റെ നക്ഷത്രത്തിളക്കം കാണുകയായിരുന്നു സായിബാബ. അദ്ദേഹം നമ്മുടെമുന്നില്‍ ഒരു ചോദ്യമാണ്. ഉത്തരമില്ലാത്തതും ഉത്തരം കണ്ടെത്തേണ്ടതുമായ ചോദ്യം.

(മുന്‍ എം.പി.യും സാമൂഹിക നിരീക്ഷകനുമാണ് ലേഖകന്‍)

Content Highlights: dr sebastian paul remembers professor gn saibaba a life cut short by injustice