KSRTC വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധി ഗൗരവമുള്ള വിഷയം, സർക്കാർ നിലപാട് അറിയിക്കണം- ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി . ഇക്കാര്യത്തിൽ നയപരമായ തീരുമാനം സാധ്യമാകുമോ എന്നതിൽ ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാനസർക്കാരിന്റെ വിശദീകരണം തേടി. വിഷയം രണ്ടാഴ്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും.
ശമ്പളത്തോടുകൂടിയുള്ള ആർത്തവ അവധിക്ക് കേരള സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സാമ്പത്തികബുദ്ധിമുട്ടടക്കം കെ.എസ്.ആർ.ടി.സി.യും ചൂണ്ടിക്കാട്ടി.
എന്നാൽ, കെ.എസ്.ആർ.ടി.സി.യിൽ ഡബിൾ ഡ്യൂട്ടി സമ്പ്രദായമാണെന്നും പ്രതിദിനം 14-16 മണിക്കൂർവരെ ജോലിചെയ്യേണ്ടിവരുന്നുണ്ടെന്നും ഹർജിക്കാരായ വനിതാ കണ്ടക്ടർമാർ വാദിച്ചു. കർണാടക, ഒഡിഷ, ബിഹാർ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എങ്കിലും സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതികൂടി കണക്കിലെടുക്കേണ്ടതില്ലേയെന്നും കോടതി വാക്കാൽ പറഞ്ഞു.
Content Highlights: serious matter says high court on menstrual leave for ksrtc women employees