'സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം'; വിവാദ പരാമർശം പുസ്തകത്തിൽനിന്ന് നീക്കുമെന്ന് മന്ത്രി

വര്‍ഗീയത ഇല്ലാതാക്കാന്‍ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഭരണഘടന വിഭാവനം ചെയ്യുന്ന സാമുദായിക സംവരണത്തിനു പകരം സാമ്പത്തിക സംവരണം വേണമെന്ന പ്ലസ് വണ്‍ സോഷ്യോളജി പാഠപുസ്‌കത്തിലെ പരാമര്‍ശം തിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പുസ്തകത്തിലുണ്ടായ പിഴവ് ശ്രദ്ധയില്‍പ്പെടുന്നത് ഇപ്പോഴാണെന്നും പുസ്തകം അച്ചടിച്ചത് 2014-ലാണെന്നും പരാമര്‍ശം തിരുത്താന്‍ എസ്.ഇ.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ ഹുമ്യാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹിക പ്രവര്‍ത്തനം എന്ന വിഷയത്തിലെ സാമൂഹ്യ ആശങ്കകള്‍ എന്ന പാഠഭാഗത്തിലാണ് വിവാദപരാമര്‍ശം. സാംസ്‌കാരിക ഘടകങ്ങള്‍, മതപരമായ ഘടകങ്ങള്‍, സ്വവംശീയ ചിന്ത, വ്യക്തിപരമായ ഘടകങ്ങള്‍ എന്നിവ വര്‍ഗീയതക്ക് കാരണമാകുന്നു എന്ന് പാഠഭാഗത്തില്‍ പറയുന്നു. വര്‍ഗീയവിപത്തുകളെ കുറിച്ച് വിവരിക്കുന്ന പാഠഭാഗത്തില്‍ വര്‍ഗീയത മൂലം സാമൂഹിക ഐക്യം തകരാറിലാകുമെന്നും സാമുദായിക സംഘടനകള്‍ സാമൂഹ്യ, സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും വിവരിക്കുന്നു.
വര്‍ഗീയത ചെറുക്കുന്നതിനായി എട്ട് പരിഹാരമാര്‍ഗങ്ങളും പാഠഭാഗത്തില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ അഞ്ചാമത്തേതാണ് സാമുദായിക സംവരണത്തിനു പകരം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തണമെന്നത്. അന്യവിശ്വാസങ്ങളെ മനസ്സിലാക്കുന്നതിനും സഹിഷ്ണുതയ്ക്കും പ്രോത്സാഹനം നല്‍കുക. പാരസ്പരിക മത പഠനവും ആരാധനയും പ്രോത്സാഹിപ്പിക്കുക. രാഷ്ട്രീയത്തില്‍ നിന്ന് മതവിശ്വാസത്തെ മാറ്റിനിര്‍ത്തുക. സാമുദായികതീവ്ര വികാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക സമൂഹത്തില്‍ സമാധാന സമിതികള്‍ രൂപീകരിക്കുക എന്നിങ്ങനെയാണ് മറ്റു നിര്‍ദ്ദേശങ്ങള്‍. എസ്.ഇ.ആര്‍.ടി. തയ്യാറാക്കിയ ഈ പുസ്തകത്തിലെ പാഠം സോഷ്യല്‍വര്‍ക്ക് വിഷയം ഓപ്ഷനായി തിരഞ്ഞെടുത്ത കുട്ടികള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതാണ്.
'പ്ലസ് വണ്‍ ക്ലാസുകളിലേക്ക് വേണ്ടി 2014-ല്‍ തയ്യാറാക്കിയ 'സോഷ്യല്‍വര്‍ക്ക്' പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍തന്നെ വേണ്ട തിരുത്തലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014-ല്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത്തരത്തില്‍ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019-ല്‍ തയാറാക്കിയതാണെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണ്.'- മന്ത്രി പറയുന്നു.
ഹയര്‍ സെക്കന്‍ഡറി മേഖല ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
Content Highlights: remark on communal reservation on plus one sociology textbook will be removed says v sivankutty