കൈകള്‍ നഷ്ടമായ പലസ്തീന്‍ബാലന്റെ ചിത്രത്തിന് പുരസ്‌കാരത്തിളക്കം

ഹേഗ്: വിദൂരതയിലേക്ക് നോക്കിനില്‍ക്കുന്ന മഹ്‌മൂദ് അജ്ജോര്‍ എന്ന ഒന്‍പതുകാരന്റെ ഇരുകൈകളും തോളിനുതൊട്ടുതാഴെവെച്ച് അറ്റുപോയിട്ടുണ്ട്. മുഖത്തേക്ക് ചരിഞ്ഞുവീഴുന്ന വെയിലില്‍ അവന്റെ ഭാവം വ്യക്തമല്ല.
2025-ലെ 'വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ബാലന്റെ ചിത്രമാണിത്. ന്യൂയോര്‍ക്ക് ടൈംസിനുവേണ്ടി, ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പലസ്തീന്‍ ഫോട്ടോഗ്രാഫര്‍ സമര്‍ അബു എലൂഫാണ് ചിത്രമെടുത്തത്. 141 രാജ്യങ്ങളില്‍നിന്നുള്ള 3,778 ഫോട്ടോഗ്രാഫര്‍മാര്‍ സമര്‍പ്പിച്ച 59,320 ചിത്രങ്ങളില്‍നിന്നാണ് ഇത് തിരഞ്ഞെടുക്കപ്പെട്ടത്.
2024 മാര്‍ച്ചില്‍ ഗാസയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിലാണ് അജ്ജോറിന് കൈകള്‍ നഷ്ടമായത്. രക്ഷപ്പെടുന്നതിനിടെ തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ തിരിച്ചുവന്നപ്പോഴായിരുന്നു അപകടം. ''ഞാന്‍ എങ്ങനെ ഇനി ഉമ്മയെ കെട്ടിപ്പിടിക്കുമെന്നാണ്, കൈകള്‍ നഷ്ടമായെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അജ്ജോര്‍ ആദ്യം ചോദിച്ചതെന്ന് അവന്റെ ഉമ്മ പറഞ്ഞതാണ് എന്നെ ഏറ്റവും അസ്വസ്ഥനാക്കിയത്.''- അബു എലൂഫ് പറഞ്ഞു.
ആയിരം നാവുള്ള ഈ നിശ്ശബ്ദചിത്രം, ഒരു ആണ്‍കുട്ടിയുടെ കഥയ്‌ക്കൊപ്പം തലമുറകളോളം സ്വാധീനംചെലുത്തുന്ന വിനാശകരമായ ഒരു യുദ്ധത്തിന്റെയും കഥ പറയുന്നെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ എക്സിക്യുട്ടീവ് ഡയറക്ടര്‍ ജൗമാന എല്‍ സെയ്ന്‍ ഖൗറി പറഞ്ഞു.
2023 ഡിസംബറില്‍ ഗാസയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട അബു എലൂഫ്, ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് താമസിക്കുന്നത്. എലൂഫ് താമസിക്കുന്ന ഇതേ കെട്ടിടത്തിലാണ് അജ്ജോറും കുടുംബവും പാര്‍ക്കുന്നത്.
Content Highlights: 9-Year-Old`s Photo Wins World Press Photo