ആസിഡ് ആക്രമണം: ഇരയായവരുടെ ഐഡന്റിറ്റി സംരക്ഷിക്കും, മഹാരാഷ്ട്രയിൽ നിയമം ഭേദഗതി ചെയ്തു

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായവരുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും ഡിജിറ്റൽ ലൈംഗികാതിക്രമങ്ങൾക്ക് ജയിൽശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തി ഭാരതീയ ന്യായസംഹിത (മഹാരാഷ്ട്ര ഭേദഗതി) ബിൽ 2026 മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ ഐകകണ്‌ഠ്യേന പാസാക്കി. ബിൽ നേരത്തേ നിയമസഭ പാസാക്കിയിരുന്നു.
2020-ൽ സംസ്ഥാന നിയമസഭ പാസാക്കിയ ശക്തിബില്ലിലെ വ്യവസ്ഥകൾകൂടി ചേർത്താണ് നിയമഭേദഗതി വരുത്തിയിട്ടുള്ളത്. ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കേന്ദ്രത്തിലേക്ക് അയക്കുമെന്ന് കൗൺസിലിൽ സംസാരിച്ച ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
അന്നത്തെ ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.), ക്രിമിനൽ നടപടിക്രമ നിയമം (സി.ആർ.പി.സി.), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) എന്നീ നിയമങ്ങളിലെ വ്യവസ്ഥകൾ സംയോജിപ്പിച്ച് സമാനമായ ഒരുനിയമം കേന്ദ്രം രൂപവത്കരിക്കണമെന്ന് ശക്തിബിൽ തിരിച്ചയയച്ച് രാഷ്ട്രപതി സംസ്ഥാനത്തോട്‌നിർദേശിച്ചിരുന്നു.
ഐ.പി.സി.ക്ക് പകരമായി ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്.) 2024 ജൂലായിൽ പ്രാബല്യത്തിൽ വന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആസിഡ് ആക്രമണ ഇരകളുടെ ഐഡന്റിറ്റി സംരക്ഷിക്കുന്നതിനും ഓൺലൈൻ ലൈംഗികാതിക്രമങ്ങൾക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള രണ്ട് വ്യവസ്ഥകൾ ഭേദഗതി ബിൽ 2026 ൽ ചേർത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലൈംഗിക അതിക്രമങ്ങളെ അതിജീവിച്ചവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനെതിരേയാണ് ബി.എൻ.എസിന്റെ സെക്‌ഷൻ 72. ആസിഡ് ആക്രമണത്തിന് ഇരയായവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ, ആസിഡ് ആക്രമണത്തിന് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന് ശിക്ഷ നൽകുന്നത് ഉചിതമാണെന്ന് മഹാരാഷ്ട്ര സർക്കാർ കരുതുന്നുവെന്നും ഈ വകുപ്പ് 72 ഉചിതമായി ഭേദഗതിചെയ്തത് അതിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതുപോലെ, ബി.എൻ.എസ്. സെക്‌ഷൻ 75 ലൈംഗിക പീഡനകുറ്റകൃത്യങ്ങളായി വർത്തിക്കുന്ന പ്രവൃത്തികളെ ഉൾക്കൊള്ളുന്നു. എന്നാൽ ഇ-മെയിൽ, സാമൂഹികമാധ്യമം അല്ലെങ്കിൽ ഫോട്ടോ, ശബ്ദം അല്ലെങ്കിൽ വീഡിയോ, ഫയൽ അപ്‌ലോഡ് തുടങ്ങിയ മാർഗങ്ങൾ (ഡിജിറ്റൽ മോഡ്) വഴിയുള്ള ലൈംഗികപീഡനം ഇതിൽ ഉൾപ്പെടുന്നില്ല. ഇത്തരം ലൈംഗിക പീഡന പ്രവൃത്തികൾ തടയുന്നതിനാണ് സെക്‌ഷൻ 75 ഭേദഗതി. ഓൺലൈൻ ലൈംഗികാതിക്രമകങ്ങൾക്ക് മൂന്ന് വർഷം കഠിനതടവും പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ഭാരതീയ ന്യായസംഹിത (മഹാരാഷ്ട്ര ഭേദഗതി) ബിൽ 2026 നിർദേശിക്കുന്നു.
Content Highlights: Protection of identity for acid attack survivors., Criminalization of digital sexual harassment., Alignment of state laws with the central Bharatiya Nyaya Sanhita (BNS)., Three-year rigorous imprisonment for online sexual abuse.