മൃതദേഹങ്ങൾ സംസ്കരിക്കാൻ സഹായമേകി ഡിജിറ്റൽ ആപ്പുമായി വീട്ടമ്മമാരുടെ കൂട്ടായ്മ

കൊച്ചി: ഇത്തിരി സ്ഥലം പോലുമില്ലാതെ ഞെരുങ്ങിക്കഴിയുന്ന വീടുകളിൽ മരണപ്പെടുന്നവരെ സംസ്കരിക്കാൻ ആരാണ് സഹായവുമായെത്തുന്നത്? ഈ ചോദ്യത്തിന് ഉത്തരമായാണ് 34-കാരി ഹിഷ്മിയ നായിഫ് മുതൽ 69-കാരി സമീന ബായ് വരെയുള്ള വീട്ടമ്മമാരായ 14 സ്ത്രീകൾ ഒന്നിച്ചത്.
ഇതിനകം 800-ലേറെ മൃതദേഹങ്ങളാണ് ഇവരുടെ കൂട്ടായ്മയിൽ ആചാരപ്രകാരം സംസ്കരിച്ചത്. ഇപ്പോൾ ആ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് വേഗം നൽകാൻ ഒരു ഡിജിറ്റൽ ആപ്പ് കൂടി ഇവർ തുടങ്ങുമ്പോൾ ഒരു വാചകമേ അവരെ അടയാളപ്പെടുത്താനുള്ളൂ, 'സമൂഹം സാക്ഷി ഇത് ഗ്രേറ്റ് കണക്ട്.'
മട്ടാഞ്ചേരി ജൂടൗണിലുള്ള 'അന്നുജൂം' ചാരിറ്റബിൾ ട്രസ്റ്റിൽ സാധാരണക്കാരായ 14 വീട്ടമ്മമാർ ചേർന്ന് നടത്തുന്ന സേവനങ്ങൾക്ക് എത്ര കൈയടി നൽകിയാലും അധികമാകില്ല. ഞെരുങ്ങിക്കഴിയുന്ന കൊച്ചി പ്രദേശത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയാണ് 2023-ൽ ഇവർ ഒരു മയ്യിത്ത് പരിപാലന കേന്ദ്രം തുടങ്ങിയത്. കൂട്ടത്തിലുള്ള കെ.എം. ഷഫീദയുടെ വീട്ടിൽ തുടങ്ങിയ കൂട്ടായ്മയ്ക്ക് കുറച്ച് കാലം മുൻപാണ് ഇത്തിരി സ്ഥലം കിട്ടിയത്.
ജൂടൗണിലുള്ള രണ്ടുസെന്റിൽ ഇവർ സ്ഥാപിച്ച ആധുനിക രീതിയിലുള്ള മയ്യിത്ത് പരിപാലന സെന്ററിലൂടെ ഇതിനകം 810 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. വീടുകളിൽനിന്ന് മൃതദേഹം സെന്ററിലേക്ക് കൊണ്ടുവരാനും തിരിച്ച് പള്ളിയിലേക്കും മറ്റും കൊണ്ടുപോകാനും ഇവർ ഒരു ആംബുലൻസും വാങ്ങിയിട്ടുണ്ട്. ഇതെല്ലാം തീർത്തും സൗജന്യമായാണ് ചെയ്യുന്നത്.
മയ്യിത്ത് പരിപാലന കാര്യങ്ങൾ കുറച്ചുകൂടി വേഗത്തിൽ ചെയ്യാനാണ് ഇപ്പോൾ 'അന്നുജൂം കണക്ട്' എന്ന പേരിൽ ആപ്പ് തുടങ്ങിയിരിക്കുന്നത്. വിധവാ സംരക്ഷണം, അനാഥക്കുട്ടികളുടെ സംരക്ഷണം, രോഗീപരിപരണം, പൊതുവായ ദാനങ്ങൾ എന്നിങ്ങനെ പല വിഭാഗങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരുരൂപ മുതൽ ഇഷ്ടമുള്ള തുക ആർക്കും ഈ ആപ്പിലേക്ക് അയക്കാം. ദാനം നൽകുന്നത് മറ്റൊരാൾ അറിയരുതെന്ന വിശ്വാസം സംരക്ഷിക്കാൻ അയക്കുന്ന ആളുടെ പേര് പുറത്തറിയാത്ത വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം ആപ്പിലേക്കെത്തുന്ന ഒരോ തുകയുടെയും പൊതുവായി രേഖപ്പെടുത്തലും ഓഡിറ്റിങ്ങും സുതാര്യമായി നടത്തുന്നുണ്ട്.
സമീനയ്ക്കും ഹിഷ്മിയ്ക്കും പുറമേ സാജിദ അബൂബക്കർ, ഷാഹിദ കെ. ഹനീഫ്, തസ്നീം ജുനൈദ്, കെ.എം. ഷഫീദ, വി.എസ്. നസീമ, വി.എം. നിവേദിത, ഫാരിഷ സുധീർ, ഹസീന ഷംസുദ്ദീൻ, സമീനാ ഷാഹിദ്, സുദാ ഫിറോസ്, റീനാ റഷീദ്, റുബീനാ ഹാരിസ് എന്നിവരാണ് ഈ കൂട്ടായ്മയിലുള്ളത്. തീർത്തും സാധാരണക്കാരായ ഈ സ്ത്രീകൾ സമൂഹത്തിൽ നിന്ന് കിട്ടുന്ന ചെറിയ ദാനങ്ങളിലൂടെയാണ് ഇപ്പോൾ ഒരുപാടുപേർക്ക് ആശ്വാസത്തിന്റെ തണലേകുന്നത്.
Content Highlights: 14 homemakers in Kochi run a free funeral service collective for cramped urban spaces., Over 800 bodies have been ceremoniously handled and cremated/buried since 2023., The trust launched 'Anujum Connect', a transparent digital app for donations and social welfare services., Services include free ambulance, widow support, orphan care, and patient assistance.