പുഴമാപ്പിങ്ങും 35,000 കി.മീറ്റര്‍ റോഡ് മാപ്പിങ്ങും നടത്തി,പാതിവഴിയിൽ മാപ്പത്തണ്‍ കേരളം

#അനീഷ് അഗസ്റ്റിന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: എവിടെയൊക്കെയാണ് ആളുകള്‍ കുടുങ്ങിക്കിടക്കുന്നത്, വീടുകളുണ്ടായിരുന്നത്, കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തെത്താനുള്ള വഴികളേത്, പാലവും റോഡുമെല്ലാം കുത്തിയൊലിച്ച് പോയതെവിടെയൊക്കെ.... ഇവയൊന്നും കണ്ടെത്താനാവാതെ മുണ്ടക്കൈ ഉരുള്‍പൊട്ടലുണ്ടായ ആദ്യദിവസം രക്ഷാപ്രവര്‍ത്തകര്‍ പകച്ചുനിന്നു. ഇത്തരം വിവരങ്ങള്‍ക്ക് ജീവന്റെ വിലയുണ്ടെന്ന് ഉരുള്‍പൊട്ടല്‍ നമ്മെ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍, ഈ വിവരങ്ങളെല്ലാം വളരെവേഗം കണ്ടെത്താന്‍ കഴിയുമായിരുന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു സര്‍ക്കാര്‍-'മാപ്പത്തോണ്‍ കേരളം.' ഈ പദ്ധതി പൂര്‍ത്തിയാക്കാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായേക്കാവുന്ന വിവരങ്ങള്‍ ലഭിക്കാതെ പോവുകയായിരുന്നു.

'മാപ്പത്തണ്‍ കേരളം'

പ്രളയ, ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ക്ക് പ്രാധാന്യം നല്‍കി സംസ്ഥാനത്തെയാകെ വീടുകള്‍, മറ്റു കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെ എല്ലാ സൂഷ്മവിവരങ്ങളും ലൊക്കേഷന്‍ മാപ്പിങ് നടത്തി ഡിജിറ്റല്‍ ഭൂപടം ഉണ്ടാക്കുന്നതാണ് പദ്ധതി. 2018-ലെ പ്രളയശേഷമാണ് ഇത് വിഭാവനംചെയ്തത്.

ഐ.ടി. മിഷന്റെ കീഴില്‍ സ്‌പേഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ചറാണ് നടപ്പാക്കുന്നത്. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് (ഒ.എസ്.എം.) എന്ന സൗജന്യ ഓണ്‍ലൈന്‍ മാപ്പാണ് പ്രാദേശിക ഭൂപടനിര്‍മാണത്തിനായി ഉപയോഗിക്കുന്നത്.

2019 ഒക്ടോബറില്‍ തുടങ്ങിയ മാപ്പത്തോണ്‍ പദ്ധതിയില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണവുമുണ്ട്. ഹരിതകേരളം മിഷനുമായി സഹകരിച്ച് പുഴകളുടെ മാപ്പിങ് ഏറക്കുറെ പൂര്‍ത്തിയാക്കിയിരുന്നു. 2020-ഓടെ 35,000 കിലോമീറ്റര്‍ റോഡുകളുടെ മാപ്പിങ്ങും നടത്തിയിരുന്നു. എന്നാല്‍, പിന്നീട് പദ്ധതി കാര്യമായി മുന്നോട്ടുപോയില്ല.

പൊതുജനപങ്കാളിത്തം കുറഞ്ഞു

പൊതുജനപങ്കാളിത്തത്തോടെയാണ് മാപ്പിങ് നടത്തുന്നത്. ഇതിനായി ജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. ശേഷം ഇവര്‍വഴി കോളേജുകളിലും പഞ്ചായത്തുകള്‍തോറും ശില്പശാലകള്‍ നടത്തിയും പ്രാദേശികവിവരങ്ങള്‍ അടയാളപ്പെടുത്തും. പരിശീലനം നേടുന്നവര്‍ക്ക് സ്വന്തമായിത്തന്നെ തങ്ങളുടെ പ്രദേശത്തെ വിവരങ്ങള്‍ മാപ്പില്‍ അടയാളപ്പെടുത്താനാകും. എന്നാല്‍, മാപ്പിങ് പൂര്‍ത്തിയാക്കാനാവാത്തത് പൊതുജനങ്ങളുടെ പങ്കാളിത്തക്കുറവുമൂലമാണെന്ന് 'മാപ്പത്തോണ്‍ കേരളം' അധികൃതര്‍ പറയുന്നു. പ്രാദേശികസഹായം കൂടാതെ സൂഷ്മവിവരങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്താനുമാവില്ല.

Content Highlights: kerala map,mapathonkeralam,disaster manegement,rescue,operation