കരുതലും കൈത്താങ്ങുമായി ’സായംപ്രഭാ സേന’; വയോജനങ്ങളെ സഹായിക്കാൻ ആർ.ആർ.ടിയുമായി സാമൂഹിക നീതി വകുപ്പ്

പൊന്നാനി (മലപ്പുറം): വയോജനങ്ങളുടെ സുരക്ഷ, പുനരധിവാസം, ശാക്തീകരണം എന്നിവയ്ക്കായി എല്ലാ ജില്ലകളിലും ’സായംപ്രഭാ സേന’ എന്ന പേരിൽ ദ്രുതകർമ സേന (റാപ്പിഡ് റെസ്പോൺസ് ടീം -ആർ.ആർ.ടി.) സജ്ജമാക്കി സാമൂഹിക നീതി വകുപ്പ്.
ഒറ്റപ്പെട്ടുപോകുന്ന വയോധികരുടെ സംരക്ഷണവും സമൂഹത്തിലേക്കുള്ള അവരുടെ പുനഃസംയോജനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്, പോലീസ്, നിയമ സേവന അതോറിറ്റി, സർക്കാർ ഇതര സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് സേനയുടെ പ്രവർത്തനം.
വയോജനങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി മെയിന്റനൻസ് ട്രിബ്യൂണലുകൾ, പോലീസ്, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി എന്നിവയുമായി ചേർന്ന് നടപടി സ്വീകരിക്കും. ഉപേക്ഷിക്കപ്പെട്ടവരും പീഡനങ്ങൾ നേരിടുന്നവരുമായ മുതിർന്ന പൗരർക്ക് പുനരധിവാസ സൗകര്യങ്ങൾ ഒരുക്കും. വയോജനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം സർക്കാർ സേവനങ്ങൾ കൃത്യമായി അവരിലേക്ക് എത്തുന്നുണ്ടെന്നും ഉറപ്പുവരുത്തും.
ജില്ലാ സാമൂഹികനീതി ഓഫീസറുടെ കീഴിലാണ് ദ്രുതകർമസേന പ്രവർത്തിക്കുക. ഒരു ഫീൽഡ് റെസ്പോൺസ് ഓഫീസർ, വാഹനസൗകര്യം, ആവശ്യഘട്ടത്തിൽ നഴ്സ് ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം എന്നിവ ദ്രുതകർമസേനയിലുണ്ടാകും.
ഉപേക്ഷിക്കപ്പെട്ടവരും അഗതികളുമായ വയോജനങ്ങൾ, ക്ലേശകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ, സംരക്ഷിക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയുന്നവർ, അതിക്രമങ്ങൾക്ക് ഇരയാകുന്നവർ, പ്രകൃതി ദുരന്തങ്ങളിൽ ഇരയാകുന്നവർ തുടങ്ങിയവർക്ക് അടിയന്തരമായി സഹായം എത്തിക്കലും അനുയോജ്യമായ പുനരധിവാസ സൗകര്യങ്ങൾ ഉറപ്പുവരുത്തലും ദ്രുതകർമസേനയുടെ ചുമതലയാണ്.
ആവശ്യമായിവരുന്ന വയോജനങ്ങൾക്ക് ആശുപത്രി ചികിത്സ, കൂട്ടിരിപ്പിനുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തുകയും പോലീസും റെയിൽവേ അധികൃതരും കണ്ടെത്തുന്ന വയോജനങ്ങളെ അനുയോജ്യമായ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റുന്നതും ഫീൽഡ് റെസ്പോൺസ് ഓഫീസറുടെ ചുമതലയാണ്.
Content Highlights: A Rapid Response Team (RRT) named 'Sayamprabha Sena' has been established in all districts of Kerala., The initiative aims to ensure the safety, rehabilitation, and empowerment of senior citizens., It operates in collaboration with local bodies, health departments, police, and NGOs., The team provides immediate assistance, rehabilitation, and ensures access to government services for the elderly.