തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്ന വയോധികർ സംസ്ഥാനത്ത് കൂടുന്നു; രാജ്യത്ത് ഒന്നാംസ്ഥാനത്ത് കേരളം

#ജി. രാജേഷ്‌കുമാര്‍
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്
പ്രതീകാത്മകചിത്രം | മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്

പത്തനംതിട്ട: തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്ന വയോധികരുടെ എണ്ണത്തിൽ രാജ്യത്ത് കേരളം ഒന്നാമത്. 2031-ൽ 65-നുമേലുള്ള 100 പേരിൽ 34 പേരും തൊഴിലെടുക്കുന്നവരെ ആശ്രയിക്കുന്നവരാകും.

വയോധികരുടെ സാമ്പത്തികസ്ഥിതിയുടെ അളവുകോലായി അന്താരാഷ്ട്രതലത്തിലുള്ള മാനദണ്ഡമായ വയോജന-ആശ്രയത്വ അനുപാതത്തിലെ കണക്കുകളാണിത് വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം സംസ്ഥാനസർക്കാർ നിയമസഭയിൽവെച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കിലാണ് ഈ വിവരമുള്ളത്.

65-ഉം അതിനുമുകളിലും പ്രായമുള്ളവരുടെ എണ്ണം തൊഴിലെടുക്കുന്ന പ്രായ പരിധിയിലുള്ളവരുമായി (2064) താരതമ്യപ്പെടുത്തുന്നതാണ് വയോജന -ആശ്രയത്വ അനുപാതം (ഒ.എ.ഡി.ആർ.- ഓൾഡ് ഏജ് ഡിപ്പൻഡൻസി റേഷ്യോ). ജനനനിരക്കിലെ ഇടിവും ഉയർന്ന ആയുസ്സുമാണ് കേരളത്തിലെ അനുപാതമുയരാനുള്ള പ്രധാന കാരണങ്ങൾ. മെച്ചപ്പെട്ട ആരോഗ്യപരിചരണവും വിദ്യാഭ്യാസവും യുവജനങ്ങളുടെ വിദേശ കുടിയേറ്റവുമാണ് മറ്റു കാരണങ്ങൾ.

ദേശീയതലത്തിൽ അനുപാതം ഇപ്പോൾ 16 ആണ്. 2031-ൽ രാജ്യത്തെ ഈ അനുപാതം ഇപ്പോൾ കേരളത്തിലുള്ളതിന്റെ അത്രപോലും എത്തില്ല. അന്ന് രാജ്യത്ത് 20 ആയിരിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ 2011-ൽ 14.2 ആയിരുന്നിടത്തുനിന്നാണ് 15 വർഷം കൊണ്ട് ഇരട്ടിയോളമെത്തിയത്. സർക്കാർ പുതുതായി രൂപം കൊടുത്ത വയോജന ക്ഷേമ വകുപ്പിന്റെ മുൻഗണനാ വിഷയങ്ങളിൽ ഇക്കാര്യങ്ങൾ ഗൗരവമായെടുക്കേണ്ടിവരും.

കൂടിയതും കുറഞ്ഞതുമായ സംസ്ഥാനങ്ങൾ

തമിഴ്നാട്, ഹിമാചൽപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നിലുള്ളത്. ബിഹാറാണ് ഈ അനുപാതം ഏറ്റവും കുറഞ്ഞത്. ഉത്തർപ്രദേശ്, ഝാർഖണ്ഡ് എന്നിവയാണ് കുറവുള്ള മറ്റു സംസ്ഥാനങ്ങൾ.

ലോകത്ത് മുന്നിൽ ജപ്പാൻ

ലോകത്തെ ഏറ്റവും ഉയർന്ന വയോജന - ആശ്രയത്വ അനുപാതമുള്ള രാജ്യം ജപ്പാനാണ്. ഇപ്പോൾ അവിടെ 50 ശതമാനമാണിത്. 2050-ഓടെ 80 ശതമാനംവരെ എത്തിയേക്കുമെന്നാണ് പ്രവചനം.

Content Highlights: Kerala ranks first in India for elderly dependency ratio (OADR)., Projections indicate 34 out of 100 seniors will be dependent by 2031., Key drivers include declining birth rates, higher life expectancy, and youth migration., National OADR is projected at 20 by 2031, significantly lower than Kerala's., Japan currently holds the highest global OADR at 50%.