ഇതരമതസ്ഥരായ സുഹൃത്തുക്കൾക്കു നേരെ സദാചാര ഗുണ്ടാ ആക്രമണം; 7 പേർ അറസ്റ്റിൽ

ഹാവേരി: കര്‍ണാടകയിലെ ഹാവേരിയില്‍ ഇതരമതസ്ഥരായ സുഹൃത്തുക്കൾക്കു നേരെ സദാചാരാക്രമണം. ഒമ്പതംഗ സംഘം സദാചാര പോലീസ് ചമഞ്ഞ് ഇരുവരെയും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
ബൈക്കില്‍ സഞ്ചരിക്കവെ യുവാവിനെയും യുവതിയെയും തടഞ്ഞുനിര്‍ത്തിയ സംഘം ഇരുവരുടെയും വ്യത്യസ്ത മതത്തെച്ചൊല്ലി ചോദ്യങ്ങളുന്നയിച്ചു. പിന്നീട് യുവാവിനെ മര്‍ദിച്ച് ഇരുവരെയും ബലംപ്രയോഗിച്ച് വേര്‍പെടുത്താനും ശ്രമിച്ചു. തങ്ങള്‍ സഹപ്രവര്‍ത്തരാണെന്നും സുഹൃത്തുക്കള്‍ മാത്രമാണ് മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും ഇരുവരും പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു.
ഇവരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയാണ് പോലീസിനെ അറിയിച്ചത്. യുവതിയുടെയും യുവാവിന്റെയും പരാതിയില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെ കണ്ടെത്താനായില്ല.
ഹാവേരിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിക്കും യുവാവിനും സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ടിരുന്നു. ഹോട്ടല്‍മുറിയിലേക്ക് ഇരച്ചെത്തിയ സദാചാരഗുണ്ടാസംഘം യുവാവിനെയും യുവതിയേയും മര്‍ദിക്കുകയായിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പാണ് പുതിയ സംഭവം.
Content Highlights: interfaith couple assaulted by moral police in karnataka