ഹെല്‍പ്പര്‍തസ്തികയില്‍ ദളിത് സ്ത്രീ; അങ്കണവാടിയിലേക്ക് കുട്ടികളെ അയയ്ക്കാതെ ഇതരജാതിക്കാര്‍

പ്രതീകാത്മക ചിത്രം | Photo-ANI
പ്രതീകാത്മക ചിത്രം | Photo-ANI

ബെംഗളൂരു: ഹെല്‍പ്പര്‍തസ്തികയില്‍ ദളിത് വിഭാഗത്തില്‍ പെട്ട സ്ത്രീ നിയമനം നേടിയെത്തിയതോടെ അങ്കണവാടിയിലേക്ക് കുട്ടികളെ അയയ്ക്കാന്‍ വിസമ്മതിച്ച് ഇതരജാതിക്കാര്‍. കര്‍ണാടകത്തിലെ ബീദര്‍ജില്ലയില്‍ ഹട്യാല്‍ ഗ്രാമത്തിലാണ് ജാതിവിവേചനം. ദളിത് ജീവനക്കാരി പാചകംചെയ്യുന്ന ഭക്ഷണം കുട്ടികള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ബഹിഷ്‌കരണമെന്നാണ് ആരോപണം. 

ഗ്രാമത്തിലെ താമസക്കാരില്‍ ഭൂരിഭാഗവും മറ്റുജാതിയില്‍പെട്ടവരാണ്. ഒമ്പതുമാസം മുമ്പാണ് ദളിത് സ്ത്രീ ഹെല്‍പ്പറായി നിയമനം നേടിയെത്തിയത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അങ്കണവാടി അടച്ചിടുകയും ഭക്ഷ്യധാന്യങ്ങള്‍ കുട്ടികളുടെ വീടുകളിലേക്ക് നേരിട്ടെത്തിക്കുകയും ചെയ്തതിനാല്‍ തുടക്കത്തില്‍ പ്രശ്‌നമുണ്ടായില്ല.

അടുത്തിടെ അങ്കണവാടി തുറക്കുകയും കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കി നേരിട്ട് നല്‍കാന്‍ തുടങ്ങുകയും ചെയ്തതോടെ എതിര്‍പ്പുകളുയര്‍ന്നു. ഹെല്‍പ്പറെ മാറ്റണമെന്ന് ആവശ്യപ്പെടുകയും കുട്ടികളെ അയയ്ക്കുന്നത് നിര്‍ത്തുകയും ചെയ്തു.

അങ്കണവാടി അധ്യാപികയും ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. ഭക്ഷണമുണ്ടാക്കുന്നതിന്റെ ചുമതലയില്ലാത്തതിനാല്‍ ഇവരോട് എതിര്‍പ്പില്ല. അങ്കണവാടിയില്‍ കുട്ടികളെ അയയ്ക്കാത്തതിന്റെ കാരണം ജാതിവിവേചനമല്ലെന്നും പൊതു വിഭാഗത്തില്‍പെട്ടവരെ നിയമിക്കാത്തതിലുള്ള പ്രതിഷേധമാണെന്നും ശിശുവികസന പ്രോജക്ട് ഓഫീസര്‍ വിശദീകരിച്ചു

Content Highlights: Dalit woman acquires helper post in Anganwadi, Other castes disagree to send children