ആസിഡ് ആക്രമണം: പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിക്കൂടേയെന്ന് സുപ്രീംകോടതി

#ന്യൂസ് ഡെസ്ക
സുപ്രീംകോടതി | Photo: PTI
സുപ്രീംകോടതി | Photo: PTI

ന്യൂഡൽഹി: ആസിഡ് ആക്രമണക്കേസുകളിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെ കൂടുതൽ കടുത്തശിക്ഷനൽകാൻ നിയമനിർമാണം ആവശ്യമാണെന്ന് സുപ്രീംകോടതി. ആസിഡ് ആക്രമണത്തിന്റെ ഇരകൾക്ക് നിയമപരമായ സംരക്ഷണംനൽകുന്നതുസംബന്ധിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.

ആസിഡ് ആക്രമണത്തിനിരയായ ഷഹീൻ മാലിക് നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. സ്ത്രീധനക്കൊല കേസുകളിലെന്നപോലെ കുറ്റവാളിയല്ലെന്ന തെളിവുനൽകാനുള്ള ബാധ്യത പ്രതികളിൽ ചുമത്തുന്നതിനെക്കുറിച്ചും ആലോചിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.

കേസിലെ മുഴുവൻപ്രതികളെയും വെറുതേവിട്ടിരുന്നു. തന്റെ ജീവിതത്തിലെ 16 വർഷം നിയമപോരാട്ടത്തിനായി ചെലവഴിച്ചുകഴിഞ്ഞെന്ന് കോടതിയിൽ നേരിട്ടുഹാജരായ ഷഹീൻ മാലിക് പറഞ്ഞു. പ്രതികളെ വെറുതേവിട്ടതിനെതിരേ താൻ നൽകിയ അപ്പീൽ വേഗത്തിൽ തീർപ്പാക്കാൻ ഹൈക്കോടതിക്ക് നിർദേശംനൽകണമെന്നും അവർ അഭ്യർഥിച്ചു. തുടർന്ന്, എല്ലാ ഹൈക്കോടതികളും ഇതുസംബന്ധിച്ച കേസുകൾ വേഗത്തിലാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഉത്തർപ്രദേശിൽ 198, പശ്ചിമബംഗാളിൽ 60, ഗുജറാത്തിൽ 114, ബിഹാറിൽ 68, മഹാരാഷ്ട്രയിൽ 58 എന്നിങ്ങനെ ആസിഡ്‌ ആക്രമണ കേസുകൾ തീർപ്പാവാതെനിൽക്കുന്നതായി ഹൈക്കോടതികൾ അറിയിച്ചു. മറ്റുഹൈക്കോടതികളിൽനിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.

Content Highlights: acid attack case suprem court asks whether the assets of accused be seized