മാറുന്ന കാലവും മലയാളിയുടെ കുടിയേറ്റവും

#ഡോ.എസ്. ഇരുദയരാജന്‍

ആധുനികകേരളത്തിന്റെ സാമൂഹിക-സാമ്പത്തിക-സാംസ്കാരിക ചരിത്രത്തെ പ്രവാസത്തോളം ആഴത്തിൽ സ്വാധീനിച്ച മറ്റൊരു സാമൂഹികപ്രതിഭാസമില്ല. സമീപകാലത്ത്, റഷ്യ-യുക്രൈൻ സംഘർഷവും പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയയുദ്ധങ്ങളും കോവിഡ് മഹാമാരിയും ലോകസാമ്പത്തികവ്യവസ്ഥയിൽ വരുത്തിവെച്ച ദീർഘകാല ആഘാതങ്ങൾ മലയാളികളായ കുടിയേറ്റക്കാരെ വലിയതോതിൽ നിസ്സഹായരാക്കിയിട്ടുണ്ട്. ഇതിനുപുറമേ, വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനപ്പുറം സ്ഥിരകുടിയേറ്റം ലക്ഷ്യമിട്ടുള്ള ഉന്നതവിദ്യാഭ്യാസ വിദ്യാർഥികുടിയേറ്റം കേരളത്തിൽ ഒരു വൻതരംഗമായി മാറിയിരിക്കുന്നു. ഇത്തരം ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കൃത്യതയോടെയും വേഗത്തിലും നേരിടാൻ സംസ്ഥാനത്തിന്റെ പ്രവാസികാര്യ ഭരണനിർവഹണത്തിൽ ഘടനാപരവും സ്ഥാപനപരവുമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അടിയന്തര ആവശ്യമാണ്.

പ്രവാസിക്ഷേമം

ഇന്ത്യയിലെ ഒട്ടുമിക്ക വലിയ സംസ്ഥാനങ്ങളിലും വിപുലമായ രീതിയിൽ പ്രവർത്തിക്കുന്ന പ്രവാസികാര്യവകുപ്പുപോലുമില്ലാതെ കേവലം ചില പ്രവാസി ഏജൻസികളോ കൗൺസിലുകളോമാത്രം പ്രവർത്തിക്കുമ്പോൾ, കേരളം പതിറ്റാണ്ടുകൾക്കുമുൻപേ നോർക്ക (NORKA) എന്ന വകുപ്പ് രൂപവത്കരിച്ച് ഈ രംഗത്ത് വിപ്ലവംസൃഷ്ടിച്ച നാടാണ്. നിലവിൽ, ‘നോർക്ക’യുടെകീഴിൽ ഏകദേശം മുപ്പതിലധികം പദ്ധതികൾ നടപ്പാക്കിവരുന്നു. ലോക കേരളസഭയിലൂടെ ലോകമെമ്പാടുമുള്ള പ്രവാസിമലയാളികളുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തത്തോടെ ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ഹോൾഡിങ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്.) രൂപവത്കരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതുവഴി പ്രവാസിനിക്ഷേപങ്ങൾ നാടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് സുരക്ഷിതമായി ഉപയോഗപ്പെടുത്തുന്നു.

കൂടാതെ, ഗുരുതര രോഗബാധിതരായ പ്രവാസികൾക്ക് ആശ്വാസമേകുന്ന സാന്ത്വനം ദുരിതാശ്വാസനിധി, ലക്ഷക്കണക്കിന് ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷയേകുന്ന നോർക്ക കെയർ പദ്ധതികൾ, അപകടങ്ങളിൽപ്പെടുന്ന പ്രവാസികൾക്കായുള്ള അടിയന്തര ആംബുലൻസ് സേവനം, പ്രവാസിക്ഷേമബോർഡുവഴിയുള്ള പെൻഷൻപദ്ധതികൾ എന്നിവയെല്ലാം സാധാരണക്കാരായ പ്രവാസികൾക്ക് വലിയ സാമൂഹികസുരക്ഷ നൽകിവരുന്നു. കുടിയേറ്റത്തെ കേവലം ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങളിൽമാത്രം ഒതുക്കിനിർത്തുന്ന കാഴ്ചപ്പാടിൽനിന്നുമാറി യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റു വികസിത പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനും ഏജൻസികളുടെ ചൂഷണമില്ലാത്ത സുരക്ഷിതവും ധാർമികവുമായ റിക്രൂട്ട്‌മെന്റ് മാതൃകകൾ സൃഷ്ടിക്കാനും നോർക്കയ്ക്ക് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.

നടപ്പാക്കിവരുന്ന പല നയങ്ങളും വിപുലീകരിക്കുകയും സുതാര്യവും ആധുനികവുമാക്കുകയും ചെയ്യേണ്ടതുണ്ട്. ഒന്നാമതായി, ലോക കേരളസഭയുടെ പ്രതിനിധിതിരഞ്ഞെടുപ്പുപ്രക്രിയ കൂടുതൽ സുതാര്യവും സാധാരണക്കാരായ പ്രവാസികളുടെ ശബ്ദത്തിന് മുൻഗണന നൽകുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായി മാറണം. നോർക്ക രൂപവത്കരിച്ച ‘ലോക കേരളം ഓൺലൈൻ’ (Loka Keralam online), സ്റ്റുഡന്റ്‌ മൈഗ്രേഷൻ പോർട്ടൽ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വൻതോതിലുള്ള ആഗോള കാംപെയ്നുകളിലൂടെ പുതിയ തലമുറയിലെ പ്രവാസികൾ, വിദ്യാർഥികൾ എന്നിവർക്കിടയിൽ ജനകീയമാക്കേണ്ടതുണ്ട്.

പ്രവാസിമിഷൻ

സമഗ്ര പുനരധിവാസപദ്ധതിയായ പ്രവാസി മിഷൻ എന്ന ആശയത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയുംചെയ്യേണ്ടത് ഈ പുതിയ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. തിരികെയെത്തുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് സർക്കാരിന്റെ സാമ്പത്തിക പുനരധിവാസസഹായങ്ങൾ ദീർഘകാലത്തേക്ക് ‘നോർക്ക’വഴി നൽകുന്നത് സുസ്ഥിരമല്ല. പ്രവാസിമിഷൻ ലക്ഷ്യമിടുന്നത് വിവിധ വകുപ്പുകളുടെ സഹായത്തോടെ സുസ്ഥിര സാമ്പത്തികസഹായപദ്ധതികൾ പരമാവധി പ്രവാസികളിലേക്ക് എത്തിക്കുക എന്നതാണ്. പ്രവാസികൾ ഇരുകൈയുംനീട്ടി സ്വീകരിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതികളുടെ ആനുകൂല്യങ്ങൾ തിരികെയെത്തിയ പ്രവാസികളിലേക്കുകൂടി വ്യാപിപ്പിക്കുന്നത് കൂടുതൽ ഉചിതമായിരിക്കും. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ വലിയൊരു വിഭാഗത്തിന്റെ നൈപുണ്യത്തെ നമ്മുടെ വളർന്നുവരുന്ന ‘കെയർ ഇക്കോണമി’യുടെ ഭാഗമാക്കാൻ സാധിക്കും. വിദേശത്തെ ആരോഗ്യരംഗത്തും വീടുപരിപാലനരംഗത്തും ദീർഘകാലം പ്രവൃത്തിപരിചയംനേടിയ, ഈ മടങ്ങിവന്ന പ്രവാസികളെ നാട്ടിലെ കുഞ്ഞുങ്ങളുടെയും രോഗികളുടെയും മുതിർന്ന പൗരരുടെയും പരിചരണത്തിനായി കൃത്യമായ സംവിധാനങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും നിയോഗിക്കാവുന്നതാണ്. ഇതിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി പ്രവാസി മിഷനെ നേരിട്ട് കോർത്തിണക്കണം. തദ്ദേശസ്ഥാപനതലത്തിൽ പ്രത്യേക ‘പ്രവാസികാര്യ സ്റ്റാൻഡിങ് കമ്മിറ്റികൾ’ രൂപവത്കരിക്കാം. ഇതെല്ലാംവഴി പ്രാദേശികവികസനത്തിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയും.

‘നോർക്ക’ റിക്രൂട്ട്‌മെന്റ്

‘നോർക്ക’യുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റുകൾ കേവലം നഴ്‌സുമാരിലും ആരോഗ്യപ്രവർത്തകരിലും ഒതുക്കിനിർത്താതെ മറ്റ് ആധുനിക സാങ്കേതിക, ഐ.ടി., മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കുകൂടി അടിയന്തരമായി വ്യാപിപ്പിക്കണം. പ്രവാസികളുടെ സുരക്ഷയ്ക്കായി പഞ്ചാബ്പോലുള്ള സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള എൻ.ആർ.ഐ. പോലീസ് സ്റ്റേഷൻ എന്ന ആശയം എല്ലാ ജില്ലയിലും പൂർണാർഥത്തിൽ പ്രവർത്തനസജ്ജമാക്കേണ്ടതുണ്ട്. കൂടാതെ, പ്രവാസിക്ഷേമബോർഡിന്റെ പെൻഷൻപദ്ധതികളിലേക്ക് വിദേശത്തുള്ള യുവാക്കളായ മലയാളികുടിയേറ്റക്കാരെ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ അടങ്ങിയ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ട്; ഇതിലൂടെ വലിയൊരു ദീർഘകാല വരുമാനമാർഗം രൂപപ്പെടുത്തി പ്രവാസിക്ഷേമബോർഡിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ സാധിക്കും. ഒ.കെ.ഐ.എച്ച്. സംവിധാനത്തെ ഘടനാപരമായി നവീകരിക്കുന്നതും ഉചിതമായിരിക്കും.

മാറുന്ന കാലത്ത്‌ നയപരമായ മാറ്റങ്ങളും നൂതനാശയങ്ങളും നടപ്പാക്കാൻ സർക്കാർ പ്രധാനമായും അഞ്ച് പുതിയ മേഖലകളിൽ അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

ഒന്നാമതായി, നോർക്കയുടെ മനുഷ്യവിഭവശേഷി വർധിപ്പിക്കണം. നിലവിൽ ലോകമെമ്പാടുമുള്ള മുപ്പതുലക്ഷത്തിലധികംവരുന്ന പ്രവാസിമലയാളികളുടെയും നാട്ടിലെ അവരുടെ കുടുംബങ്ങളുടെയും ക്ഷേമകാര്യങ്ങളും പരാതികളും കൈകാര്യംചെയ്യുന്നത് കേവലം നൂറിൽത്താഴെമാത്രം വരുന്ന നോർക്ക ജീവനക്കാരാണ്.

രണ്ടാമതായി, തെളിവ് അധിഷ്ഠിതമായ നയരൂപവത്കരണത്തിനായി കൃത്യമായ ഗുണനിലവാരമുള്ള ഡേറ്റ ശേഖരിക്കേണ്ടതുണ്ട്.

മൂന്നാമതായി, പ്രവാസവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ തമ്മിലുള്ള കൃത്യമായ ഏകോപനമുണ്ടാകണം. പ്രധാനവകുപ്പുകളായ തൊഴിൽ, ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, സ്കിൽ ഡിവലപ്മെന്റ് മിഷൻ എന്നിവയുമായി നോർക്ക നിരന്തരമായ ഏകോപനം ഉറപ്പാക്കണം.

നാലാമതായി, കേന്ദ്രസർക്കാരിന്റെ ‘മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് എഗ്രിമെന്റുകൾ’ (എം.എം.പി.എ.) ഫലപ്രദമായി ഉപയോഗിച്ച് പുതിയ വിദേശ തൊഴിൽവിപണികളിൽനിന്നും മികച്ച അന്താരാഷ്ട്ര തൊഴിലുടമകളിൽനിന്നും കൂടുതൽ അവസരങ്ങൾ മലയാളികൾക്ക് നേടിയെടുക്കാൻ നോർക്ക മുൻകൈയെടുക്കണം.

അഞ്ചാമതായി, ഡയസ്‌പോറ ബന്ധങ്ങളും ആഗോള സഹായസംവിധാനങ്ങളും കൂടുതൽ ശക്തമാക്കണം. ഇതിനായി ലോകകേരളസഭയിലെ അംഗങ്ങളുടെയും വിവിധ പ്രവാസി അസോസിയേഷൻ നേതാക്കളുടെയും നേരിട്ടുള്ള സഹായത്തോടെ എല്ലാ പ്രധാന കുടിയേറ്റരാജ്യങ്ങളിലും ഔദ്യോഗിക ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിക്കേണ്ടതുണ്ട്. നിലവിൽ കാനഡയിലും ജർമനിയിലും വിജയകരമായി സ്ഥാപിച്ച ഹെൽപ്പ് ഡെസ്ക് മാതൃകകൾ മുൻനിർത്തി ഗൾഫ്-യൂറോപ്യൻ രാജ്യങ്ങളിലെ മലയാളിസംഘടനകളെക്കൂടി കോർത്തിണക്കി ഈ ശൃംഖല ആഗോളതലത്തിൽ വ്യാപിപ്പിക്കണം.

(അന്താരാഷ്ട്ര കുടിയേറ്റനയവിദഗ്ധനും ദി ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൈഗ്രേഷൻ ആൻഡ് ഡിവലപ്മെന്റ് ചെയർപേഴ്‌സണുമാണ് ലേഖകൻ)

Content Highlights: Need for structural and institutional overhaul of NORKA by 2026., Transitioning from Gulf-centric migration to global skilled migration., Integrating returnee skills into the local 'Care Economy'., Expanding NORKA recruitment beyond healthcare to IT and management., Data-driven policy making and global help desk expansion.