കുട്ടികളിലെ കുറ്റവാസന: ആരാണ് ഉത്തരവാദി

കുട്ടികൾ കുറ്റകൃത്യങ്ങളിലേക്ക് വഴുതിവീഴുന്ന വാർത്തകൾ സമൂഹത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. കുട്ടികളിലും കൗമാരക്കാരിലും അക്രമവാസനയും കുറ്റകൃത്യപ്രവണതയും വർധിക്കുന്നതിനുപിന്നിലെ കാരണമെന്താണ്? കുറ്റംചെയ്ത കുട്ടിയെമാത്രം പ്രതിക്കൂട്ടിൽ നിർത്തിയാൽ പ്രശ്നം പരിഹരിക്കപ്പെടുമോ? ആ കുട്ടിയെ രൂപപ്പെടുത്തിയ കുടുംബ-സാമൂഹിക സാഹചര്യങ്ങളിലേക്കും നാം തിരിഞ്ഞുനോക്കേണ്ടതുണ്ടോ?
കുറ്റകൃത്യത്തെ ന്യായീകരിക്കുകയല്ല, അതിന്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് ആവർത്തനം തടയുകയാണ് വേണ്ടത്. കുട്ടിയുടെ പ്രായം കുറ്റത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നില്ല. അതേസമയം, ശിക്ഷയോടൊപ്പം തിരുത്തലിനുള്ള അവസരങ്ങളും ഉറപ്പാക്കണം.
കുടുംബം: ആദ്യത്തെ പാഠശാല
കുട്ടിയുടെ വ്യക്തിത്വവും മൂല്യബോധവും രൂപപ്പെടുന്നതിൽ കുടുംബത്തിന് നിർണായകസ്ഥാനമുണ്ട്. കുടുംബകലഹങ്ങൾ, ഗാർഹികപീഡനം, അവഗണന, അമിതനിയന്ത്രണം, അതിരുകളില്ലാത്ത സ്വാതന്ത്ര്യം എന്നിവ കുട്ടിയുടെ വൈകാരികവളർച്ചയെ ബാധിക്കാം. മുതിർന്നവർ പ്രശ്നങ്ങൾ പരിഹരിക്കാൻ അക്രമം ഉപയോഗിക്കുന്നത് കാണുന്ന കുട്ടി അതിനെ സ്വാഭാവികമായ പ്രതികരണരീതിയായി പഠിച്ചേക്കാം. സൗകര്യങ്ങൾ നൽകുന്നതിനപ്പുറം കുട്ടികളുടെ ആശങ്കകളും സൗഹൃദങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണം.
സ്വന്തം വ്യക്തിത്വം സ്ഥാപിക്കാനും അംഗീകാരം നേടാനുമുള്ള തീവ്രമായ ആഗ്രഹമാണ് കൗമാരത്തിന്റെ പ്രത്യേകത. വികാരങ്ങളെ നിയന്ത്രിക്കാനും തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ വിലയിരുത്താനുമുള്ള കഴിവുകൾ ഈ ഘട്ടത്തിൽ പൂർണമായി വികസിച്ചിട്ടുണ്ടാകില്ല. പ്രണയം, നിരാകരണം, അസൂയ, അപമാനബോധം, സൗഹൃദങ്ങളിലെ സംഘർഷങ്ങൾ എന്നിവ ചിലരിൽ തീവ്രമായ പ്രതികരണങ്ങൾക്ക് കാരണമാകാം.
എന്നാൽ, ഹോർമോൺ വ്യതിയാനങ്ങളെയോ കൗമാരത്തിലെ വികാരതീവ്രതയെയോമാത്രം കുറ്റകൃത്യങ്ങളുടെ കാരണമായി കാണാനാവില്ല. കുടുംബം, വ്യക്തിത്വം, വളർന്നുവന്ന സാഹചര്യം, സാമൂഹിക സ്വാധീനങ്ങൾ എന്നിവയുടെ പരസ്പരപ്രവർത്തനമാണ് നിർണായകം.
ഡിജിറ്റൽ ലോകവും സാമൂഹിക സ്വാധീനങ്ങളും
സൈബർ ബുള്ളിയിങ്, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ തർക്കങ്ങൾ, സ്വകാര്യതയോടുള്ള അവഗണന എന്നിവ കൗമാരക്കാരുടെ ബന്ധങ്ങളിൽ പുതിയ സങ്കീർണതകൾ സൃഷ്ടിക്കുന്നു. ഓൺലൈനിൽ ആരംഭിക്കുന്ന തർക്കങ്ങൾ യഥാർഥജീവിതത്തിലെ ഏറ്റുമുട്ടലുകളിലേക്കും നീങ്ങാം. അക്രമത്തെ വീരത്വമായും പ്രതികാരത്തെ അഭിമാനമായും അവതരിപ്പിക്കുന്ന ചില സിനിമകളും ഓൺലൈൻ ഉള്ളടക്കങ്ങളും കുട്ടികളെ സ്വാധീനിച്ചേക്കാം.
മാനസികാരോഗ്യത്തിന്റെ പങ്ക്
കുട്ടികളിലെ കുറ്റകൃത്യപ്രവണത വിലയിരുത്തുമ്പോൾ ചില മാനസികാരോഗ്യപ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്. നിരന്തരമായ ആക്രമണസ്വഭാവം, മറ്റുള്ളവരുടെ അവകാശങ്ങളോടും വികാരങ്ങളോടുമുള്ള അവഗണന, നിയമങ്ങളും സാമൂഹികമൂല്യങ്ങളും ലംഘിക്കുന്ന പെരുമാറ്റം, അമിതമായ എതിർപ്പ്, അനുസരണക്കേട്, തർക്കസ്വഭാവം, ആവേശനിയന്ത്രണക്കുറവ്, വൈകാരിക അസ്ഥിരത, സഹാനുഭൂതിക്കുറവ്, 'നോ' സഹിക്കാനുള്ള ബുദ്ധിമുട്ട്, വളർന്നുവരുന്ന വ്യക്തിത്വത്തിലെ പ്രശ്നകരമായ പ്രവണതകൾ എന്നിവയും ചില കുട്ടികളിൽ ശ്രദ്ധിക്കേണ്ടതാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ ഘടകങ്ങളും വിലയിരുത്തണം.
എന്നാൽ, ഇത്തരം ലക്ഷണങ്ങൾ കാണുന്ന എല്ലാ കുട്ടികളും കുറ്റകൃത്യങ്ങളിലേക്ക് നീങ്ങണമെന്നില്ല. കൃത്യമായ മാനസികാരോഗ്യ വിലയിരുത്തലും നേരത്തേയുള്ള ചികിത്സയും കൗൺസലിങ്ങും കുടുംബപരമായ ഇടപെടലുകളുംവഴി പല പ്രശ്നവും നിയന്ത്രിക്കാനാകും. കുറ്റകൃത്യത്തെ മാനസികരോഗവുമായി സമീകരിക്കാതെ, ആവശ്യമായ കുട്ടികളിൽ മാനസികാരോഗ്യപ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുക എന്നതാണ് പ്രധാനം.
മുന്നറിയിപ്പുകൾ തിരിച്ചറിയണം
പെട്ടെന്നുള്ള സ്വഭാവമാറ്റങ്ങൾ, നിരന്തരമായ ആക്രമണപരമായ പെരുമാറ്റം, മറ്റുള്ളവരെ ഭീഷണിപ്പെടുത്തൽ, സാമൂഹിക ഒറ്റപ്പെടൽ, പഠനത്തിലെ ഇടിവ്, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ ശ്രദ്ധിക്കേണ്ട സൂചനകളാണ്. ഇവയൊന്നും കുറ്റവാളിയാകുമെന്നതിന്റെ ഉറപ്പല്ല. എന്നാൽ, ഇത്തരം മാറ്റങ്ങൾ തുടർച്ചയായി കാണുമ്പോൾ അധ്യാപകരും മാതാപിതാക്കളും ഇടപെടുകയും ആവശ്യമായാൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുകയും വേണം.
കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെയെല്ലാം മാനസികരോഗികളായി ചിത്രീകരിക്കുന്നത് ശാസ്ത്രീയമല്ല. അതുപോലെ മാനസികാരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെയെല്ലാം അക്രമികളായി കാണുന്നതും തെറ്റാണ്. ആവശ്യമായ സാഹചര്യങ്ങളിൽ സമഗ്രമായ മാനസികാരോഗ്യ വിലയിരുത്തലും നേരത്തേയുള്ള ഇടപെടലും പ്രധാനമാണ്.
ശിക്ഷയല്ല, തിരുത്തലും ഉത്തരവാദിത്വവും
കുട്ടികളുടെ കാര്യത്തിൽ ശിക്ഷയോടൊപ്പം പെരുമാറ്റം തിരുത്തുക, ഉത്തരവാദിത്വബോധം വളർത്തുക, ആവർത്തനം തടയുക, സമൂഹത്തിലേക്ക് സുരക്ഷിതമായി തിരിച്ചെത്താൻ സഹായിക്കുക എന്നിവയും പ്രധാനമാണ്. കുട്ടിയെമാത്രം കുറ്റപ്പെടുത്താതെ സമൂഹവും ആത്മപരിശോധന നടത്തണമെന്ന് സാരം.
വിലകൂടിയ സമ്മാനങ്ങളെക്കാൾ വിലപ്പെട്ടത് കുട്ടികളുടെ മനസ്സിനെ മനസ്സിലാക്കാനുള്ള സമയമാണ് എന്നോർക്കുക. സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്വബോധവും സാങ്കേതികവിദ്യയോടൊപ്പം സഹാനുഭൂതിയും ആത്മനിയന്ത്രണവും വളർത്താൻ കഴിയുന്നതാണ് ഉത്തമ രക്ഷാകർത്തൃത്വം. കാരണം, കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നത് അവർ മാത്രമല്ല, കുടുംബവും വിദ്യാലയവും സമൂഹവും ചേർന്നാണ്.
(കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖിക)
Content Highlights: Examines the root causes behind increasing crime and aggression in children and teenagers., Highlights the critical role of family environment and parenting in shaping behavior., Discusses the impact of digital media, cyberbullying, and negative online content., Analyzes the role of mental health and early identification of behavioral warning signs., Emphasizes rehabilitation, correction, and empathy over mere punishment.