ഇന്ത്യൻ തൊഴിൽച്ചട്ടങ്ങൾ; ആശങ്കകളും പ്രായോഗികതയും

സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും നിർണായകമായ തൊഴിൽ പരിഷ്കാരങ്ങളിലൂടെയാണ് ഇന്ത്യയിപ്പോൾ കടന്നുപോകുന്നത്. 30-ലധികം പ്രത്യേക തൊഴിൽനിയമങ്ങളെ നാല് വിപുലമായ തൊഴിൽ കോഡുകളാക്കി ഏകീകരിച്ചിരിക്കുകയാണ് സർക്കാർ. ഈ കോഡുകൾ, കമ്പനികളെയും തൊഴിലാളികളെയും സംബന്ധിച്ച് കൂടുതൽ ലളിതവും എളുപ്പത്തിൽ പാലിക്കാൻ കഴിയുന്നതുമായ നിയമങ്ങളും ആധുനികരീതിയിലുള്ള ചട്ടക്കൂടുകളും വാഗ്ദാനം ചെയ്യുന്നു
സങ്കീർണ തൊഴിൽ നിയമങ്ങളും മുരടിച്ച തൊഴിൽ വിപണിയും
അസംഘടിത തൊഴിലുകൾ, ശമ്പളമില്ലാജോലികളുടെ വർധന, മുരടിച്ചുനിൽക്കുന്ന കൂലി, സംസ്ഥാനങ്ങളുടെ ഭരണശേഷിയിലെ അസമത്വങ്ങൾ എന്നിവ ഇന്ത്യൻ തൊഴിൽവിപണിയെ ആഴത്തിൽ പരുവപ്പെടുത്തിയിരിക്കുന്ന ഒരു സമയത്താണ് ഈ തൊഴിൽ കോഡുകളുടെ വരവ്. ഈ പരിഷ്കാരങ്ങൾ യഥാർഥത്തിൽ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് മനസ്സിലാക്കുന്നതിന് അവയെ ഇന്നത്തെ ഇന്ത്യൻ തൊഴിൽ വിപണിയുടെ വിശാലമായ പശ്ചാത്തലത്തിൽ നിരീക്ഷിക്കേണ്ടതുണ്ട്.
ബലപ്രയോഗം, അതികഠിനമായ തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളികൾക്ക് അവകാശമില്ലായ്മ എന്നിവയാൽ അടയാളപ്പെടുത്തിയ, കൊളോണിയൽ കാലത്തെ ചൂഷണപരമായ തൊഴിലിടങ്ങളുടെ ഓർമ്മയിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ തൊഴിൽനിയമങ്ങളെല്ലാം വാർത്തെടുക്കപ്പെട്ടത്. അതുകൊണ്ടുതന്നെ, ഇത്തരം ചൂഷണങ്ങൾ ആവർത്തിക്കാതിരിക്കാനും പുതിയ രാജ്യത്തിന്റെ തൊഴിൽബന്ധങ്ങളിൽ അന്തസ്സും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആദ്യകാല തൊഴിൽ നിയമങ്ങൾ. എന്നാൽ, കാലക്രമേണ ഈ നിയമങ്ങളുടെ എണ്ണം കൂടിക്കൂടിവന്നു. വേതനം, തൊഴിൽസാഹചര്യങ്ങൾ, സാമൂഹികസുരക്ഷ, കുടിയേറ്റത്തൊഴിലാളികൾ, കരാർത്തൊഴിലാളികൾ, ഫാക്ടറിസുരക്ഷ എന്നിങ്ങനെയുള്ളവയെ സംബന്ധിക്കുന്ന നിയമങ്ങൾ നടപ്പാക്കാൻ പോയിട്ട് മനസ്സിലാക്കാൻതന്നെ ബുദ്ധിമുട്ടുള്ളതായി മാറി.
ഈ സങ്കീർണമായ നിയന്ത്രണസംവിധാനം കൂടുതൽ തൊഴിൽസാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽനിന്നും വളർച്ചനേടുന്നതിൽനിന്നും സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുന്നുണ്ടെന്ന് സാമ്പത്തികവിദഗ്ധരും നയരൂപകർത്താക്കളും ഏറെക്കാലമായി വാദിച്ചിരുന്നു. കർശന തൊഴിൽനിയമങ്ങളും ജോലിസാധ്യതകളുടെ വളർച്ചയും ഉയർന്ന മൂലധനകേന്ദ്രീകരണവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളതുമാണ്. അതേസമയം, ദുർബലമായ നിയമനിർവഹണം കാരണം തൊഴിലാളികളെ സംരക്ഷിക്കുന്നതിൽ ഈ നിയമങ്ങൾ പരാജപ്പെട്ടു. പേപ്പറിൽ ശക്തവും പ്രയോഗത്തിൽ അപൂർണവും എന്ന വൈരുധ്യാത്മക ഫലമാണ് ഇത് സൃഷ്ടിച്ചത്. തത്‌ഫലമായി ധാരാളം തൊഴിലാളികൾക്ക് ഗത്യന്തരമില്ലാതെ അരക്ഷിതാവസ്ഥയുള്ള ജോലികളിൽ തുടരേണ്ടിവന്നു.
ഈ പശ്ചാത്തലത്തിലാണ് നിലവിലെ തൊഴിൽകോഡുകളെ വിലയിരുത്തേണ്ടത്. ഈ മാറ്റങ്ങൾ ഇന്ത്യയുടെ തൊഴിൽവിപണിയിലെ സ്ഥിതി മെച്ചപ്പെടുത്തുമോ നിലവിലുള്ള ദുർബലതകളെ അരക്കിട്ടുറപ്പിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
വേതനകോഡ്; വേണം ശക്തമായ പരിശോധനാ-പരാതിപരിഹാര സംവിധാനങ്ങൾ
വേതന കോഡ്, തൊഴിലിട സുരക്ഷാ കോഡ്, വ്യവസായബന്ധ കോഡ്, സാമൂഹികസുരക്ഷാ കോഡ് എന്നീ നാല് തൊഴിൽകോഡുകളിൽ വലിയ വിവാദങ്ങൾക്ക് സാധ്യതയില്ലാത്തത് ഒരുപക്ഷേ, വേതനവുമായി ബന്ധപ്പെട്ട കോഡിനായിരിക്കും. മിനിമം വേതനം, വേതനവിതരണം, ബോണസുകൾ, തുല്യവേതനം എന്നിവയെ സംബന്ധിച്ച മുൻ നിയമങ്ങളെ ഒരൊറ്റ ചട്ടക്കൂടിലേക്ക് ഇത് കൊണ്ടുവരുന്നു. ഒരു ദേശീയ അടിസ്ഥാനവേതനം എന്ന ആശയം നവീനമാണ്. കാരണം, ഈ അടിസ്ഥാനനിലവാരത്തിൽക്കുറഞ്ഞ വേതനം നിശ്ചയിക്കാൻ ഒരു സംസ്ഥാനത്തിനും കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഷെഡ്യൂൾ, നോൺ-ഷെഡ്യൂൾ’ ജോലികൾ തമ്മിലുള്ള വ്യത്യാസം എടുത്തുമാറ്റുന്നതിലൂടെ കുറഞ്ഞ വേതനമെന്ന സംരക്ഷണം എല്ലാ ജോലികളിലേക്കും വ്യാപിപ്പിക്കുന്നു. സൈദ്ധാന്തികമായി, മുൻപ് വേതനനിയന്ത്രണത്തിന് പുറത്തായിരുന്ന ലക്ഷക്കണക്കിന് അസംഘടിത തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. എങ്കിലും, കാർഷിക, നിർമാണ, അനൗപചാരിക സേവന മേഖലകളിൽ മിനിമം വേതനം ലഭിക്കാത്ത ജോലികൾ വ്യാപകമാണ്. ശക്തമായ പരിശോധനാ-പരാതി പരിഹാര സംവിധാനങ്ങളില്ലാതെ നിയമത്തെ ഔപചാരികമാക്കുന്നത് ഇത്തരം തൊഴിലാളികൾക്ക് ഗുണംചെയ്യുമോ എന്ന കാര്യം സംശയമാണ്.
വ്യാവസായികബന്ധ (ഐആർ) കോഡ്, തൊഴിലാളികളുടെ ശബ്ദം നേർത്തുപോകും
വ്യാവസായികബന്ധ (ഐആർ) കോഡ് ഏറെ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. മുൻപ് 100 ജീവനക്കാരുള്ള കമ്പനികളും കൂട്ടപ്പിരിച്ചുവിടലുകൾക്കും തൊഴിൽ വെട്ടിച്ചുരുക്കലിനും സ്ഥാപനം പൂട്ടുന്നതിനും സർക്കാർ അനുമതി വാങ്ങേണ്ടിയിരുന്നത് ഇപ്പോൾ 300 ജീവനക്കാരുള്ള കമ്പനികളാക്കി മാറ്റിയതാണ് വലിയ വിവാദങ്ങൾക്ക് വഴിതുറന്ന മാറ്റങ്ങളിലൊന്ന്. ഇത് സ്ഥാപനങ്ങളെ വികസിക്കാനും ഇന്ത്യൻ വ്യവസായത്തെ കൂടുതൽ മത്സരവത്കരിക്കാനും പ്രോത്സാഹിപ്പിക്കുമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും, ഇന്ത്യയിലെ 95 ശതമാനം ഫാക്ടറികളും ഇതോടെ ഈ നിയമത്തിന്റെ പരിധിക്ക് പുറത്തായിരിക്കും എന്ന വസ്തുത ഓർമ്മിക്കണം. ഇത് സംഘടിതമേഖലയിലെ തൊഴിലാളികളിൽ വലിയൊരു പങ്കിനെ അനൗപചാരിക തൊഴിലാളികളാക്കി മാറ്റും.
ഐആർ കോഡ് ട്രേഡ് യൂണിയനുകളെയും പുനഃക്രമീകരിക്കുന്നുണ്ട്. യൂണിയൻ രജിസ്ട്രേഷന് ഉയർന്ന പരിധി നിശ്ചയിക്കുകയും സംഘടിത മേഖലയിലെ പുറത്തുനിന്നുള്ള ഭാരവാഹികളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇത് യൂണിയനുകളിലെ രാഷ്ട്രീയസ്വാധീനം കുറച്ചേക്കാമെങ്കിലും തൊഴിലാളിക്കൾക്കുവേണ്ടി സംസാരിക്കാനും ചർച്ചചെയ്യാനുമുള്ള കഴിവിനെ ദുർബലപ്പെടുത്തിയേക്കാം; പ്രത്യേകിച്ചും ചെറുകിട സ്ഥാപനങ്ങളുടെ ആധിപത്യമുള്ള മേഖലകളിൽ. കരാർത്തൊഴിലാളികളുടെയും പുറംകരാർ നൽകുന്നതിന്റെയും വർധന ഇപ്പോൾത്തന്നെ തൊഴിലാളികളുടെ ശബ്ദം നേർത്തുപോകാൻ കാരണമായിട്ടുണ്ട്
(ലേബർ ഇക്കോണമിക്സിൽ പഠനങ്ങൾ നടത്തയിട്ടുള്ള ലേഖകൻ തിരുവനന്തപുരം സെന്റർ ഫോർ ഡിവലപ്‌മെന്റ് സ്റ്റഡീസിൽ പ്രൊഫസറാണ്)
Content Highlights: Explore India`s landmark labor code reforms. Understand the consolidation of 30+ laws into 4 codes, their impact on businesses & workers, and the practical challenges ahead.