പഠനംമുതൽ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശംവരെ...; മലയാളിസ്ത്രീ പൊരുതിനേടിയ പുതിയ ആകാശങ്ങൾ

‘പെൺകുട്ടി ജനിച്ചാൽ മടലെടുത്ത് ഉമ്മറപ്പടിയിലടിക്കണം, ആൺകുട്ടിയാണെങ്കിൽ കുരവയിടണം’
'പെണ്ണല്ലേ, അത്രയൊക്കെ പഠിച്ചാൽ മതി’
'പെണ്ണുങ്ങൾ ജോലിചെയ്ത് കൊണ്ടുവന്നിട്ട് കഴിയണ്ട അവസ്ഥയൊന്നും ഈ കുടുംബത്തിനില്ല'
'വേറൊരു വീട്ടിൽ കഴിയാനുള്ളതാണ്, അടങ്ങിയൊതുങ്ങി ജീവിച്ചോണം’
'ഉറക്കെ ചിരിക്കുന്നോ, പെണ്ണാണെന്ന ഓർമ്മവേണം'
തീട്ടൂരങ്ങൾ അന്നും ഇന്നും ഉയരുന്നുണ്ട്. അവയൊക്കെ മുറിച്ചുകടന്നാണ് 70 വർഷം കൊണ്ട് കേരളത്തിലെ പെണ്ണുങ്ങൾ മുന്നോട്ടുനടന്നത്. അക്ഷരം പഠിക്കാനുള്ള അവ കാശംമുതൽ സ്വന്തം ഇഷ്ടമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്യംവരെ -ഒന്നും തനിയെ വന്നുവീണതല്ല, പൊരുതി നേടിയതുതന്നെയാണ്.
അക്ഷരം, അറിവ്
കേരളപ്പിറവിക്കും മുൻപ്, 1951-ൽ കേരളത്തിൽ എഴുത്തും വായനയും അറിയുന്ന സ്ത്രീകൾ 36.43 ശതമാനം. 1971-ൽ അത് 62.53 ശതമാനമായി. 2011-ൽ 91.98 ശതമാനവും. 2024-'25-ൽ കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദപഠനത്തിന് പ്രവേശനം നേടിയ 1.05 ലക്ഷംപേരിൽ 70,016 പേർ പെൺകുട്ടികളാണെന്ന് സംസ്ഥാന ആസൂത്രണബോർഡിന്റെ കണക്ക്.
യൂറോപ്പിലെയും അമേരിക്കയിലെയും പ്രമുഖ സർവകലാശാലകളിൽ ഗവേഷകരായും പഠിതാക്കളായും എത്തുന്ന മലയാളിപ്പെൺകുട്ടികളുടെ എണ്ണം നോക്കിയാലറിയാം ആ മാറ്റത്തിന്റെ ശക്തി.
മീൻകറിവെക്കാൻ മാത്രമല്ല...
തൊഴിൽതേടി അന്യദേശങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ തുടക്കക്കാരായതും സ്ത്രീകൾതന്നെ. നഴ്സിങ് ഉൾപ്പെടെയുള്ള തൊഴിലുകൾ പരിശീലിച്ച്, ഭാഷപോലുമറിയാത്ത നാടുകളിലേക്ക് മലയാളിപ്പെണ്ണുങ്ങൾ യാത്രതുടങ്ങിയിട്ട് ആറുപതിറ്റാണ്ടിലേറെയായി. കേരളം എന്ന ബ്രാൻഡ് ലോകം മുഴുവനും പ്രസിദ്ധമാക്കിയത് അവരാണ്.
2018-19-ലെ കണക്കനുസരിച്ച് കേരളത്തിൽ തൊഴിലെടുക്കുന്ന സ്ത്രീകളിൽ 40 ശതമാനം സ്ഥിരവരുമാനക്കാരാണ്. ഇത് ദേശീയശരാശരിയുടെ ഇരട്ടിയിലധികമാണ്. പ്രതിഫലം ലഭിക്കാത്ത കുടുംബത്തൊഴിലുകളിലേർപ്പെടുന്നവർ ഇന്ത്യയിൽ 31 ശതമാനമാണെങ്കിൽ കേരളത്തിലിത് കേവലം എട്ടുശതമാനമാണ്.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ചെറുതെന്നോ വലുതെന്നോ കണക്കിലെടുക്കാതെ ഏതു ജോലിയും ഏറ്റെടുക്കാൻ തയ്യാറായെങ്കിലും വീട്ടുജോലിയിൽനിന്ന് അവൾക്ക് ഇപ്പോഴും മുക്തിയില്ലെന്നത് മറ്റൊരു യാഥാർഥ്യം. കേരളത്തിൽ 23.8 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തംപേരിൽ ഭൂമിയുള്ളതെന്ന സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണക്കുകൂടി ഇതോട് ചേർത്തുവായിക്കണം.
അരങ്ങിലേക്ക് യന്ത്രസഹായത്തോടെ
'നിനക്കൊക്കെ ഇവിടെ എന്താ ഇത്ര വലിയ പണി' -ഈ ചോദ്യം കേട്ടിട്ടില്ലാത്ത പെണ്ണുങ്ങൾ കുറവായിരിക്കും. വീട്ടിലെപ്പണി കാണാപ്പണിയാണ്.
70 വർഷംമുൻപത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കൂ. ഒരുനേരം ഉണ്ണണമെങ്കിൽ നെല്ലുകുത്തി അരിയാക്കണം. വെള്ളം കിണറ്റിൽനിന്നോ പുഴയിൽനിന്നോ ചുമന്നുകൊണ്ടുവരണം. അടുപ്പുകത്തിക്കാൻ വിറക് ശേഖരിക്കണം. അരയ്ക്കാൻ, പൊടിക്കാൻ, അലക്കാൻ -അങ്ങനെ ഏതിനും വേണം നീണ്ടനേരത്തെ പ്രയത്നം. കൃഷിപ്പണിയും കുട്ടികളെ നോക്കലും വയസ്സായവരെ പരിചരിക്കലുമൊക്കെ ഇതിനുപുറമേയാണ്.
നെല്ലുകുത്ത് യന്ത്രം മലയാളിപ്പെണ്ണുങ്ങളുടെ വിമോചനമാർഗമായിരുന്നു. പിന്നാലെ അരയ്ക്കാനും പൊടിക്കാനും അലക്കാനും കഴുകാനുമൊക്കെ യന്ത്രങ്ങൾ വന്നു. കാണാപ്പണികളിൽനിന്ന് മിച്ചംവെച്ച സമയം പെണ്ണുങ്ങൾ ചിന്തിക്കാനും പഠിക്കാനും കാണാവുന്ന, വരുമാനമുള്ള പണികളെടുക്കാനും ഉപയോഗിച്ചു.
വലിയ വിപ്ലവമായിരുന്നു റേഡിയോ കൊണ്ടുവന്നത്. എഴുത്തും വായനയും അറിയാത്തവർപോലും റേഡിയോയിലൂടെ പുതുലോകങ്ങളറിഞ്ഞു. വാർത്തകൾ കേട്ടു. പിന്നാലെ ടി.വി. വന്നു. ഒടുവിൽ ഇന്റർനെറ്റും മൊബൈൽ ഫോണും പുതിയ ലോകങ്ങൾ തുറന്നു. സ്വന്തം കഥയും കവിതയും വായനക്കാരിലെത്തിക്കാൻമുതൽ വീട്ടിലുണ്ടാക്കിയ ഉത്പന്നങ്ങൾ വിറ്റഴിക്കാൻവരെ സ്ത്രീകൾ സാങ്കേതികവിദ്യയെ കൂടെക്കൂട്ടി. ഇന്ത്യയിലെ സ്ത്രീ കളിൽ 33 ശതമാനം പേർ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ കേരളത്തിലത് 61.1 ശതമാനമാണെന്നാണ് സർക്കാരിന്റെ കണക്ക്.
കൈപിടിച്ച് കൂട്ടായ്മകൾ
കേരളത്തിലെ മാറ്റിമറിച്ച ചില കൂട്ടായ്മകളുണ്ട്. 1990-ൽ എറണാകുളം ജില്ലയിലും സ്ത്രീജീവിതങ്ങളെ 1991-ൽ സംസ്ഥാനത്താകെയും നടപ്പാക്കിയ സമ്പൂർണ സാക്ഷരതായജ്ഞമാണ് അതിലൊന്ന്. സാക്ഷരതാ യജ്ഞത്തിൽ പങ്കെടുത്ത മൂന്നരലക്ഷത്തോളം സന്ന ദ്ധപ്രവർത്തകരിൽ നല്ലൊരുപങ്ക് സ്ത്രീകളായിരുന്നു.
സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലുമുള്ള വാ യനശാലകളിലും വീട്ടുവരാന്തക ളിലും കടത്തിണ്ണകളിലും അവർ അക്ഷരവെളിച്ചവുമായി പഠിതാ ക്കളെ തേടിയെത്തി. പ്രായംചെന്ന സ്ത്രീകളുൾപ്പെടെ ആവേശപൂർവം പഠിക്കാൻ തയ്യാറായതും ചരിത്രം. ഗ്രാമീണ വായനശാലകൾ സ്ത്രീശാ ക്തീകരണത്തിന്റെ കേന്ദ്രങ്ങളായി.
ജനകീയാസൂത്രണത്തിന്റെ തുടർച്ചയായി 1998-ൽ സംസ്ഥാനസർക്കാർ രൂപവത്കരിച്ച കുടുംബശ്രീ മിഷൻ ദാരിദ്ര്യനിർമാർജന പ്രസ്ഥാനം എന്നതിനപ്പുറം സ്ത്രീകൂട്ടായ്മയുടെയും ശാക്തീകരണത്തിന്റെയും ഉജ്ജ്വലമാതൃകയായി വളർന്നു. മൂന്നുലക്ഷത്തിലേറെ അയൽക്കൂട്ടങ്ങളിലായി 46 ലക്ഷത്തിലേറെ അംഗങ്ങളുണ്ട് ഇന്ന് കുടുംബശ്രീയിൽ. സാമ്പത്തിക സ്വാശ്രയത്വം, സമ്പാദ്യം. സംരംഭകത്വവികസനം എന്നിവയും കടന്ന് സാമൂഹികവികസനത്തിലേക്കും ലിംഗാവബോധത്തിലേക്കും പ്രാദേശിക രാഷ്ട്രീയ പ്രവർത്തനത്തിലേക്കും സ്ത്രീകളെ നയിക്കാൻ കുടുംബശ്രീക്കായി. ട്രാൻസ്ജെൻഡർ വ്യക്തികളെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിക്കാനും കഴിഞ്ഞു.
അംഗബലത്തിൽ ചെറുതെങ്കിലും ചെറുതല്ലാത്ത ഇടപെടലുകൾ നടത്തിയ സംഘടനകളെയും കാണാതെപോകരുത്. മാനുഷി, ബോധന, അന്വേഷി, പ്രചോദന, നിസ, പെൺകൂട്ട്, സഖി തുടങ്ങിയ ഒട്ടേറെ കൂട്ടായ്മകൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള പൊതുപ്ര സ്ഥാനങ്ങൾ. ജനാധിപത്യ മഹിളാ അസോസിയേഷനും മഹിളാ കോൺഗ്രസും മഹിളാ സംഘവും പോലുള്ള സംഘടനകൾ -സംസ്ഥാന വനിതാ കമ്മിഷനടക്കമു ള്ള സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിലും സ്ത്രീപക്ഷ നിയമനിർമാണങ്ങൾ നടത്തുന്നതിലും ഈ സംഘടനകളുടെ പങ്കുണ്ട്.
അതിക്രമങ്ങളുടെ സ്വന്തം നാട്
1980-കളിൽ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്ത നാടാണ് കേരളം. അതേ നാട്ടിലാണ് സ്ത്രീധനത്തിന്റെ പേരിൽ ഇന്നും പെൺകുട്ടികൾ പാമ്പുകടിയേറ്റും പൊള്ളലേറ്റും മരിക്കുന്നത്. മതം, ജാതി എന്നിവയുടെ പേരിലുള്ള ദുരഭിമാനക്കൊലകൾ, പ്രണയിച്ചതിന്റെയും പ്രണ യിക്കാതിരുന്നതിന്റെയും പേരിലുള്ള ആക്രമണങ്ങൾ, ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും നേരേയുള്ള അതിക്രമങ്ങൾ എന്നി വയിലൊന്നും ഈ ഏഴുപതിറ്റാണ്ടിൽ കുറവുവന്നിട്ടില്ല. സൈബർ കുറ്റകൃത്യങ്ങൾ ഇപ്പോഴതിൽ കൂട്ടി ച്ചേർക്കപ്പെട്ടു. കാലഹരണപ്പെട്ട ആചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരിലും അതിക്രമങ്ങൾ തുടരുന്നു.
രാഷ്ട്രീയക്കളരിക്ക് പുറത്ത്
ആദ്യ കേരള നിയസഭയിൽ 127 അംഗങ്ങളിൽ ആറ് സ്ത്രീകൾ. 16-ാം നിയമസഭയിലെത്തിയപ്പോൾ അത് 140-ൽ 11 എന്നായി. 10 ശതമാനത്തിന് അപ്പുറത്തേക്ക് ഈ സംഖ്യ ഒരിക്കലും പോയിട്ടില്ല. 33 ശതമാനം സംവരണം നടപ്പായാൽ കുറഞ്ഞത് 46 വനിതാ എം.എൽ.എ.മാരുണ്ടാവണം. ലോക്സഭയിലും രാജ്യസഭയിലുമായുള്ള 29 എം.പി.മാരിൽ ഇപ്പോൾ ആകെയുള്ളത് രണ്ടു സ്ത്രീകൾ. പ്രാദേശിക ഭരണകൂടങ്ങളിൽ 50 ശതമാനം സ്ത്രീസംവരണം നിയമംമൂലം നടപ്പാക്കിയിരുന്നില്ലെങ്കിൽ അവിടെയും സ്ഥിതി ഇതുതന്നെയായേനെ. വനിതാ മുഖ്യമന്ത്രി പോയിട്ട് അഞ്ചു വനിതകളുള്ള ഒരു മന്ത്രിസഭപോലും ഇതുവരെ കേരളം കണ്ടിട്ടില്ല.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് സംസ്ഥാനത്തെ വോട്ടർമാരിൽ സ്ത്രീകളാണ് കൂടുതൽ. 1.39 കോടി. പുരുഷ വോട്ടർമാർ 1.32 കോടിയാണ്. പക്ഷേ, സഹകരണ സംഘങ്ങൾ മുതൽ റെസിഡന്റ്സ് അസോസിയേഷനുകൾവരെ, അമ്പലക്കമ്മിറ്റികൾമുതൽ സ്കൂൾ പി.ടി.എ.കൾ വരെ -ഏതിലും പ്രധാന സ്ഥാനങ്ങളൊക്കെ ആണുങ്ങൾക്കാണ്. രാഷ്ട്രീയപ്പാർട്ടികളിലേക്കെത്തുമ്പോൾ സ്ഥിതി കൂടുതൽ ഗുരുതരമാവും.
ഏഴുപതിറ്റാണ്ടുകൊണ്ട് കേരളത്തിലെ സ്ത്രീകളും ലിംഗവൈവിധ്യമുള്ള സമൂഹങ്ങളും ഒരു പാട് ദൂരം മുന്നോട്ടുനടന്നിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഇനിയും നടക്കാൻ ഒരുപാടുണ്ടെന്നതും ഉറപ്പ്. വഴിമുടക്കാൻ വരുന്നവരെ ഒറ്റപ്പെടുത്തിയും മുന്നേറുന്നവരെ പ്രോത്സാഹിപ്പിച്ചും സമൂഹം കൂടെനിൽക്കുമോ എന്നതാണ് പ്രധാനചോദ്യം.
അസാധ്യമായി ഒന്നുമില്ല
# സാറാ ജോസഫ്
ഇന്നിപ്പോൾ പെൺകുട്ടിക്ക് അസാധ്യമായ ഒരു വിദ്യാഭ്യാസ മേഖല യുമില്ല. വിഷയം മാത്രമല്ല, പഠിക്കാൻ വേണ്ടിയുള്ള ലോകസ ഞ്ചാരവും നമ്മൾ കാണുന്നുണ്ട്. തുല്യതയുടെവലിയ സാധ്യതയാണ് അതുവഴി അവൾക്ക് തുറന്നു കിട്ടിയ ത്. സ്ത്രീ വിദ്യാഭ്യാസത്തിലുണ്ടായ വലിയ കുതിപ്പ് അവ രിലുള്ള ലോകബോധം വളരെയധികം മാറ്റിമറിച്ചു. വീട്ടമ്മയായി, അടുക്കളക്കാരിയായി, ഭർത്താവ് പറയുന്നതിന നുസരിച്ച് മാത്രം ജീവിച്ചിരുന്ന സ്ത്രീയിൽ നിന്ന് സ്വന്തമായി വരു മാനമുള്ള സ്ത്രീയായി വളർന്നു എന്നതാണ് രണ്ടാമത്തെ കാര്യം. എല്ലാ സാമ്പത്തിക തട്ടുകളിലും അത് സംഭവിച്ചു.
കേരളത്തിലുണ്ടായിട്ടുള്ള ഒരുപാട് സാമൂഹിക മുന്നേറ്റങ്ങൾ, രാഷ്ട്രീയമുന്നേറ്റങ്ങൾ ഒക്കെ അതിന് കാരണമായി. ഏതൊരു സ്ത്രീക്കും വരുമാനമുണ്ട്, പത്ത് പൈസ കൈയി ലുണ്ട് എന്ന് പറയുന്നത് അവളുടെ നിലനിൽപ്പിന് വലിയ ആവശ്യമായി. സ്ത്രീ വി മോചനപ്രസ്ഥാനങ്ങൾ ഉണ്ടായപ്പോഴും അവർ പ്രധാനമായി മുന്നോട്ടുവെച്ചത് സ്ത്രീയുടെ സാമ്പത്തിക സ്വാശ്രയത്വമാണ്. ഇപ്പോൾ എവിടെപ്പോയാലും പണി യെടുത്ത് ജീവിക്കുന്ന തന്റേടമുള്ള സ്ത്രീയെ കോർപ്പറേറ്റുകളും മാതൃകയാക്കുന്നു.
"രാഷ്ട്രീയ നേതൃനിരയിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം കുറയുന്നു. കേരളം രൂപവത്കൃതമായ ശേഷം വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സ്ത്രീകൾ കൂടുതലായി മുൻപന്തിയിലെത്തിയിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ മതിയായ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്”-സി.കെ. ജാനു
(മുത്തങ്ങ സമരനായിക, ജനാധിപത്യ രാഷ്ട്രീയപ്പാർട്ടി സംസ്ഥാന അധ്യക്ഷ.)
പൊതുരംഗത്ത് സ്ത്രീസാന്നിധ്യം കൂടി
-വിദ്യാഭ്യാസം, തൊഴിൽ, വരുമാനം എന്നിവയിലു ണ്ടായ വളർച്ച സമൂഹത്തിൽ സ്ത്രീയുടെ ദൃശ്യത വർധിപ്പിച്ചു.
സാഹിത്യം, രാഷ്ട്രീയം, കല ഉൾ പ്പെടെയുള്ള പൊതു രംഗങ്ങളിൽ സ്ത്രീകൾ കൂടുതൽ സജീവമായി.
-കുടുംബബന്ധങ്ങളിൽവന്ന മാറ്റം സ്ത്രീയെ കൂടുതൽ സ്വതന്ത്രയാക്കുകയും അവളുടെ ചലനശേഷി വർധിപ്പിക്കുകയും ചെയ്തു- ടി. രാധാമണി (സാമൂഹികപ്രവർത്തക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ്)
സ്ത്രീകൾ വിദ്യാഭ്യാസത്തിൽ മുന്നോട്ടുവന്നതുതന്നെയാണ് ഏറ്റവും പ്രധാനം. പ്രത്യേകിച്ചും മുസ്ലിം സ്ത്രീകൾ. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്തുനിന്നാണ് ഇപ്പോൾ ധാരാളം പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്ന സ്ഥിതിയിലേക്ക് എത്തിയത്.-ഡോ. ഖദീജാമുംതാസ് (എഴുത്തുകാരി)
Content Highlights: Kerala women have made massive strides in literacy and higher education over the past 70 years., Technological advancements and collectives like Kudumbashree played pivotal roles in financial independence., Despite educational and economic growth, women remain underrepresented in political leadership and face persistent social atrocities.