പടർന്നുപെരുകുന്നു ആക്രമവാസന: എന്തുപറ്റി നമ്മുടെ കൗമാരത്തിന്, യൗവനത്തിന്?

#ഡോ. മനോജ് വെള്ളനാട്‌
പ്രതീകാത്മകചിത്രം | Image courtesy: Canva.com
പ്രതീകാത്മകചിത്രം | Image courtesy: Canva.com

നുഷ്യരാശിയുടെ ചരിത്രമെടുത്താൽ മനുഷ്യന്റെ സാമൂഹികജീവിതം പ്രധാനമായും ഹിംസയിൽ അധിഷ്ഠിതമായിരുന്നുവെന്ന് കാണാം. പല കാരണങ്ങൾകൊണ്ടുള്ള പലതരം ഹിംസകളെയും പ്രകൃതിദുരന്തങ്ങളെയും രോഗങ്ങളെയും അതിജീവിച്ചവരുടെ പിൻമുറക്കാരാണ് ഇന്നത്തെ നമ്മൾ. ആ അതിജീവനവഴിയിൽ ഈ പറഞ്ഞ ഹിംസയെയും നമ്മൾ സംസ്കരിച്ചെടുക്കുകയുണ്ടായി. സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും പുതിയ പാഠങ്ങൾ പഠിച്ചും പഠിപ്പിച്ചും നൂറ്റാണ്ടുകൾ കൊണ്ടാണ് അത് ഒരുപരിധിവരെ സാധ്യമായത്. എന്നിരുന്നാലും കഴിഞ്ഞനൂറ്റാണ്ടിന്റെ പകുതിവരെയും ലോകമെമ്പാടും ഭൂരിഭാഗം മനുഷ്യരുടെയും സാമൂഹികജീവിതം ചെറുതും വലുതുമായ ഹിംസകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരുന്നത് എന്നും കാണാം. 

ഹിംസയെപ്പറ്റി ഇപ്പോൾ ഇത്രയും വാചാലമാവുന്നത് ഇങ്ങ് കേരളത്തിൽ, നമ്മൾ ഏറ്റവും സുരക്ഷിതമെന്ന് കരുതി സന്തോഷത്തോടെ ഇടപെടുന്ന ചുറ്റുപാടുകളിൽ ഹിംസ കൂടിവരുന്നുവെന്ന ആശങ്കയുടെപുറത്താണ്. പ്രത്യേകിച്ചും കുട്ടികളിലും യുവാക്കളിലും പെരുകുന്ന അക്രമവാസന. ആർക്കെതിരേ  എന്നൊന്നില്ലാതെ, ഒന്നുപറഞ്ഞ് രണ്ടാമത്തേതിന് കത്തിയെടുക്കുന്ന, കൈയൂക്ക് കാട്ടുന്ന, കൈയിൽ കിട്ടുന്നതെന്തും ഉപയോഗിച്ച് ആക്രമിക്കുന്ന കൗമാരക്കാരുടെ, യുവാക്കളുടെ വാർത്തകൾ വലിയ ഇടവേളകളില്ലാതെ ഇപ്പോൾ നമ്മളെ തേടിവരുന്നുണ്ട്. അതിഗൗരവത്തോടെ കാണേണ്ട കാര്യങ്ങൾ.

കാണുന്നതും കേൾക്കുന്നതും
എല്ലാ കാലത്തും ഒരു ചെറിയ ശതമാനം കുട്ടികളും മുതിർന്നവരും സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധരായിരുന്നു. സഹാനുഭൂതി കുറഞ്ഞ, ബഹുമാനമില്ലാത്ത, നിയമസംവിധാനങ്ങളെ ഭയക്കാത്ത, മൂല്യബോധമില്ലാത്ത കുറെപേർ എന്നുമുണ്ട്. എല്ലാ ജെൻഡറിലും എല്ലാ പ്രായത്തിലുമുണ്ട്. പക്ഷേ, അവർ ഒരു ചെറിയശതമാനംമാത്രമായിരുന്നു. അവരുണ്ടാക്കുന്ന ആഘാതത്തിൽനിന്ന് ബാക്കിയുള്ള ബഹുഭൂരിപക്ഷം തീർത്ത സുരക്ഷാകവചത്തിനകത്താണ് (ഒരുതരം ഹേർഡ് ഇമ്യൂണിറ്റി എന്നുതന്നെ പറയാം) സമൂഹമെന്നനിലയിൽ നമ്മൾ നിലനിന്നത്. എന്നാൽ, ഇപ്പോൾ ആ ശതമാനക്കണക്കുകൾ മാറുന്നുവെന്ന് തോന്നുന്നു.
ചരിത്രമോ ഹിംസയെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനങ്ങളോ നോക്കിയാൽ ലോകത്തെവിടെയും  ഹിംസയ്ക്കുപിന്നിൽ ഒറ്റക്കാരണമല്ല ഉള്ളതെന്ന് കാണാം. എന്നുവെച്ചാൽ ‘മൾട്ടി ഫാക്റ്റോറിയൽ’ ആണെന്ന്. അതുകൊണ്ടുതന്നെ നമുക്കിടയിലും കൂടിവരുന്ന അക്രമവാസനയുടെ പിന്നിലെ സാമൂഹികമോ വ്യക്തിപരമോ ആയ കാരണങ്ങളെ നിരാകരിക്കുന്നില്ല. ഒപ്പം വർധിക്കുന്ന ലഹരിയുടെ ഉപയോഗത്തെ ഗൗരവത്തോടെ കാണുകയും ചെയ്യുന്നു. കൂടെ പുതിയകാലത്തെ ഒരു പ്രധാന പ്രശ്നത്തെ അതിന്റെ പ്രാധാന്യത്തോടുകൂടിത്തന്നെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുകയാണ്. അത് നമ്മുടെ മാധ്യമങ്ങളിലെ വയലൻസാണ്.

ഇതിൽ എല്ലാത്തരം വിവരവിനോദവിതരണ സംവിധാനങ്ങളും ഉൾപ്പെടും. മൊബൈൽ ഡിജിറ്റൽ ഉപകരണങ്ങൾ നൽകുന്ന സൗകര്യവും സുലഭമായ ഇന്റർനെറ്റും ഇവയിലൂടെ ഓരോ സെക്കൻഡിലും ഇരട്ടിക്കിരട്ടിയായി തലച്ചോറിലേക്ക് വന്നുവീണുകൊണ്ടിരിക്കുന്ന ഫിൽറ്റർചെയ്യപ്പെടാത്ത കണ്ടന്റുകളും ഒക്കെ നമ്മളോരോരുത്തരെയും സ്വാധീനിക്കുന്നുണ്ട്. അവയിൽനിന്ന്‌ ശരിയും തെറ്റും  തിരിച്ചറിയാനുള്ള അവസരമോ സാവകാശമോ പലപ്പോഴും നമുക്ക് കിട്ടാറുമില്ല. എല്ലാ പ്രായത്തിലുള്ളവരും ഇതിന്റെ സ്വാധീനത്തിൽപ്പെടുന്നുണ്ട്. പക്ഷേ, കുട്ടികളെ അത് പതിന്മടങ്ങ് സ്വാധീനിക്കുമെന്നത് ആശങ്ക ഇരട്ടിപ്പിക്കുന്നു.  

വെർതർ എഫക്റ്റ്

‘വെർതർ എഫക്റ്റ്’ എന്നൊരു സംഗതിയുണ്ട്. ഗോയ്‌ഥെയുടെ 1774-ൽ പുറത്തിറങ്ങിയ ‘ദി സോറോസ് ഓഫ് യങ്‌ വെർതർ’ എന്ന നോവലിൽനിന്നാണ് ഈ പദത്തിന്റെ ഉദ്‌ഭവം. നോവലിൽ വെർതർ എന്ന യുവാവിന് ഒരു സ്ത്രീയോട് പ്രണയം തോന്നുന്നു. പക്ഷേ, പല കാരണംകൊണ്ടും അയാൾക്കവരെ കല്യാണംകഴിക്കാൻപറ്റാതെവരുകയും അതിന്റെ വിഷമത്തിൽ, വെർതർ സ്വന്തം ജീവനെടുക്കുകയും ചെയ്യുന്നു. 

യൂറോപ്പിൽ ഈ പുസ്തകം പുറത്തിറങ്ങിയശേഷം, ആത്മഹത്യകളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. ചിലർ മരിക്കുമ്പോൾ വെർതറിന്‌ സമാനമായരീതിയിൽ വസ്ത്രം ധരിച്ചിരുന്നു. ചിലർ വെർതർ ചെയ്തതുപോലെ സ്വന്തം ജീവൻ എടുക്കാൻ പിസ്റ്റൾ ഉപയോഗിച്ചു. ചിലർ മരണസമയത്ത് പുസ്തകത്തിന്റെ ഒരു പകർപ്പ് െെകയിൽ കരുതി. അങ്ങനെ നിരവധി പേരുടെ ആത്മഹത്യക്ക് ഈ പുസ്തകം കാരണമായി എന്നതിന് തെളിവുകളുണ്ട്. ഒടുവിൽ യൂറോപ്പിൽ ആ പുസ്തകംതന്നെ നിരോധിക്കേണ്ടി വന്നു.

ആത്മഹത്യയെക്കുറിച്ചുള്ള അതിവൈകാരിക റിപ്പോർട്ടിങ്ങിന്റെ ആഘാതവും തുടർന്നുള്ള ആത്മഹത്യാ നിരക്കും ആദ്യമായി പഠിക്കുന്നത് ഫിലിപ്‌സ് എന്നയാളാണ്. ആത്മഹത്യയെക്കുറിച്ച് യു.എസ്. പത്രങ്ങളിൽ ഒന്നാംപേജ് ലേഖനങ്ങൾ ഉള്ള മാസങ്ങളിൽ ആത്മഹത്യാനിരക്ക് കൂടുതലാണെന്ന് അദ്ദേഹം കണ്ടെത്തി, അത്തരം ലേഖനങ്ങളില്ലാത്ത മാസങ്ങളിൽ കുറവാണെന്നും. ഈയൊരവസ്ഥയെ അദ്ദേഹം വിശേഷിപ്പിച്ചതാണ് ‘വെർതർ ഇഫക്റ്റ്’ എന്ന്.

പപ്പാജെനോ എഫക്റ്റ്

അതേസമയം, നേരേ വിപരീതമായി പ്രതിസന്ധി ഘട്ടങ്ങളിലെ അതിജീവനങ്ങളെപ്പറ്റിയുള്ള വാർത്തകൾ ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതായും പഠനങ്ങളുണ്ട്. ഈ പോസിറ്റീവ് പ്രതിഭാസത്തെ ‘പപ്പാെജനോ എഫക്റ്റ്’ എന്നാണ് പറയുന്നത്. മൊസാർട്ടിന്റെ ‘ദി മാജിക് ഫ്ലൂട്ടി’ലെ ഒരു കഥാപാത്രമാണ് പപ്പാജെനോ. പ്രണയം നഷ്ടപ്പെട്ടുവെന്ന ഘട്ടത്തിൽ ആത്മഹത്യയുടെ വക്കിലെത്തി തിരികെ വരുന്ന കഥാപാത്രം. 

ഇത്രയും വിശദമാക്കിയത്, ഒരു നോവലിനും മ്യൂസിക് ആൽബത്തിനുംവരെ മനുഷ്യരെ ഇത്രയധികം സ്വാധീനിക്കാൻ കഴിയുമെങ്കിൽ സിനിമ പോലുള്ള ദൃശ്യമാധ്യമങ്ങൾക്ക്, അവയിൽ ദൃശ്യവത്‌കരിക്കുന്ന അക്രമങ്ങൾക്ക് എത്ര മടങ്ങ് അധികം സാധിക്കുമെന്ന് ഓർമ്മിപ്പിക്കാനാണ്. 1960-കളുടെ തുടക്കം മുതലേതന്നെ വയലൻസും മാധ്യമങ്ങളുടെ സ്വാധീനവും പഠനവിധേയമാണ്. അന്നു മുതലുള്ള ഒട്ടേറെ പഠനങ്ങൾ ക്രോഡീകരിച്ച് 2007-ൽ ജേണൽ ഓഫ് അഡോളസന്റ് ഹെൽത്തിൽ ഹ്യൂസ്മാൻ എഴുതിയ ലേഖനത്തിൽ മീഡിയ വയലൻസ് കുട്ടികളിൽ അക്രമവാസന (Aggressive behaviour) കൂട്ടുന്നുവെന്നാണ് എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കുട്ടികളിലും മുതിർന്നവരിലും ഇതുണ്ടാക്കുന്ന ഹ്രസ്വകാല, ദീർഘകാല പരിണതഫലങ്ങളും അവയുടെ സൈദ്ധാന്തികമായ കാരണങ്ങളും അതിൽ വിശദമാക്കിയിട്ടുണ്ട്.

നഷ്ടമാവുന്ന സഹാനുഭൂതി

കുട്ടികൾ കാണുന്നതും കേൾക്കുന്നതും മനസ്സിലാക്കുന്നതും എന്താണോ അതിന്റെ റിഫ്ലക്‌ഷൻസായിരിക്കും ഒരു പരിധിവരെ അവരുടെ സ്വഭാവമായി നമ്മൾ കാണുന്നത്. സ്വഭാവം എന്നത് പലപ്പോഴും നമ്മുടെ കാഴ്ചപ്പാടിന്റെകൂടി പ്രതിഫലനമാണല്ലോ. സ്കൂളിൽ പോകുന്ന കുട്ടികളാവുമ്പോൾ സഹപാഠികളും അധ്യാപകരും അവരെ ഇതുപോലെ സ്വാധീനിക്കും. അവർ കാണുന്ന സിനിമകൾ, വാർത്തകൾ, റീലുകൾ, അതിലെല്ലാം ഗ്ലോറിഫൈ ചെയ്യപ്പെടുന്ന, സ്വാഭാവികവത്കരിക്കപ്പെടുന്ന ഏത് സംഗതിയും കുട്ടികളിൽ ‘അതാണ് ശരി’ എന്നോ അല്ലെങ്കിൽ ‘അതിലൊന്നും വലിയ തെറ്റില്ലാ’ എന്നോ ഒക്കെ ഉള്ള കാഴ്ചപ്പാടുണ്ടാക്കും. അത് സ്വഭാവരൂപത്‌കരണത്തിൽ പ്രതിഫലിക്കുകയും ചെയ്യും. 

2013-ൽ അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും ആവർത്തിക്കുന്നത് ഈ സ്വാധീനം ഒരു യാഥാർഥ്യമാണെന്നാണ്. അക്രമവാസന കൂട്ടുന്നു എന്നുമാത്രമല്ല, ചുറ്റുപാടുമുള്ള ലോകത്തെ ഭയത്തോടെമാത്രം കാണുന്ന കുട്ടികളും സഹാനുഭൂതിയോ സ്നേഹമോ പ്രകടിപ്പിക്കാൻ കഴിയാത്ത കുട്ടികളും മുതിർന്നവരും വർധിക്കുന്നു എന്നതും ആ പഠനത്തിലെ നിരീക്ഷണങ്ങളാണ്. അതുപോലെ നിരന്തരം വയലൻസുകളുടെയും ദുരന്തങ്ങളുടെയും വാർത്തകൾ കേൾക്കുന്നവരിൽ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോർഡർ (PTSD) കൂടുന്നു എന്നും പഠനങ്ങളുണ്ട്. 

ഒറ്റമൂലിപരിഹാരങ്ങളില്ല

യഥാർഥത്തിൽ ഈവക വിഷയങ്ങളിൽ ഒറ്റമൂലിപരിഹാരങ്ങൾ ഒന്നുമില്ല. ആദ്യം പറഞ്ഞപോലെ സമൂഹത്തിലെ ഹിംസയുടെ കാരണങ്ങൾ പല വസ്തുതകളിൽ അധിഷ്ഠിതമായതുകൊണ്ടുതന്നെ പരിഹാരവും അങ്ങനെത്തന്നേ കാണാൻ പറ്റൂ. പക്ഷേ, അപ്പോഴും ഡിജിറ്റൽ മീഡിയ ഉപയോഗത്തിന്റെ കടിഞ്ഞാൺ വ്യക്തികളിലാണെന്നത് ഓർമ്മിപ്പിക്കുന്നു. ഇവിടെ നമ്മൾ സ്വയം ഒരു നിയന്ത്രണമേർപ്പെടുത്തുക മാത്രമേ വഴിയുള്ളൂ. പ്രത്യേകിച്ചും കുട്ടികളെ പരമാവധി ഈവക സംഗതികളിൽനിന്നും കൃത്യമായ അകലം പാലിപ്പിക്കുക. ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഫോണോ ടി.വി.യോ കംപ്യൂട്ടറോ ഉപയോഗിക്കുന്നില്ലാ എന്ന് ഉറപ്പുവരുത്തുക. അവർ കാണുന്ന കണ്ടന്റ് നിരന്തരം നിരീക്ഷിക്കുക. മുതിർന്നവർ ചെയ്യുന്നതും മീഡിയയിൽ കാണുന്നതും ഒക്കെ അറിഞ്ഞോ അറിയാതെയോ ‘മിമിക്’ ചെയ്യുക എന്നത് കുട്ടികളുടെ സ്വാഭാവികമായ കാര്യമാണ് എന്നോർക്കുക.

ഗുണദോഷിക്കുന്നതും  കുറ്റമോ

കുട്ടികളുടെ അവകാശങ്ങളെപ്പറ്റി ധാരാളം ചർച്ചകൾ നടക്കുന്ന കാലംകൂടിയാണിത്. ശാസിച്ചോ തല്ലിയോ കുട്ടികളെ നേർവഴിക്കു നയിക്കാൻ ഇന്ന് അധ്യാപകർക്കോ രക്ഷാകർത്താക്കൾക്കോ ഭയമാണ്. തല്ലി നന്നാക്കുന്നതിനോട്  യോജിപ്പില്ല. പക്ഷേ, തെറ്റ് ചൂണ്ടിക്കാണിക്കാൻപോലും ഭയക്കേണ്ട സ്ഥിതി മോശമാണ്. കുട്ടികളുടെ ഏറ്റവും വലിയ അവകാശമെന്ന് പറയുന്നത് അവരെ കുട്ടികളായിരിക്കാൻ അനുവദിക്കുക എന്നതാണ്. പക്ഷേ, കുട്ടികൾ കുട്ടികളായിട്ടല്ലാതെ പെരുമാറിയാൽ എന്തു ചെയ്യണം? ശാസിക്കാതെന്തുചെയ്യാനാവും. ഒപ്പം നിങ്ങളുടെ കുട്ടികൾ ലഹരിയോ അനുവദിക്കപ്പെട്ടിട്ടില്ലാത്ത മറ്റു വസ്തുക്കളോ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. അവരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടുതന്നെ അതും ചെയ്യണം. 
അവരുടെ സ്വഭാവത്തിലുണ്ടാകുന്ന പ്രശ്നപരമായ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയണം. കുട്ടികളെപ്പറ്റി പരാതിപറയുന്ന അധ്യാപകരെ ശത്രുവായി കാണുന്ന രക്ഷാകർത്താക്കളും ഇന്ന് കുറവല്ല. തെറ്റുകൾ ആർക്കും പറ്റാം, സ്വന്തം കുട്ടികൾക്കും പറ്റാം എന്ന് രക്ഷാകർത്താക്കൾ തിരിച്ചറിയണം.

(എഴുത്തുകാരനും സാമൂഹികനിരീക്ഷകനുമായ ലേഖകൻ പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോസർജനാണ് )

Content Highlights: Exploring the alarming rise in violence, especially among youth, linking it to media influence