പപ്പടവില്‍പനയുടെ ബലം, കേംബ്രിജിന്റെ നഷ്ടം; സിനിമയില്‍ ഒതുങ്ങില്ല സൂപ്പര്‍ 30 വിപ്ലവം | Their Story

വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കമാണ് ബിഹാര്‍. 2011-ലെ സെന്‍സസ് പ്രകാരം 61.8 ശതമാനമാണ് സംസ്ഥാനത്തെ സാക്ഷരത. ഒരു സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും വ്യക്തമാക്കുന്ന അടിസ്ഥാന സൂചകമാണ് വിദ്യാഭ്യാസം. രണ്ട് ലക്ഷത്തിലധികം അധ്യാപകരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്ന ബിഹാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങളും ശുഭകരമല്ല. പല സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ നേരിടുന്നവരാണ്. മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സുകള്‍ മിക്കതും ബിഹാറിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് അഞ്ച് വര്‍ഷംകൊണ്ടാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് പഠിച്ച് ഉയരങ്ങളിലെത്തുക എന്നത് ബിഹാറിലെ സ്ഥിതി വെച്ച് അപ്രാപ്യമാണ്. എന്നാൽ സംസ്ഥാനത്തിന്റെ ഈ പരമദയനീയത മനസ്സിലാക്കി സാധാരണക്കാരുടെ മക്കള്‍ക്ക് സൗജന്യ പരിശീലനവും താമസവും ഭക്ഷണവും പഠനസാമഗ്രികളും നൽകി അവർക്ക് ഐ.ഐ.ടി. പ്രവേശനം ഉറപ്പാക്കിയ ഒരു മനുഷ്യനുണ്ട് ബിഹാറിൽ. ആനന്ദ് കുമാര്‍. പട്ടിണിയും പരിവട്ടവുമായി നടന്ന പരമദരിദ്രരുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ അവരെ പ്രാപ്തരാക്കുകയായിരുന്നു ആനന്ദ് കുമാർ. അതു മാത്രമായിരുന്നു ദാരിദ്ര്യത്തിൽ നിന്നുള്ള അവരുടെ വിമോചന വഴി. സ്ഥിരവരുമാനമുള്ള ജോലിയുപേക്ഷിച്ച് ബിഹാറിലെ ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി സൂപ്പർ 30 (ഐ.ഐ.ടി. പോലെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുന്ന പദ്ധതി) എന്ന മഹാപ്രസ്ഥാനം സ്ഥാപിച്ച് അതിലൂടെ അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ആനന്ദ് കുമാർ ആണ് ഇത്തവണ Their Story യിൽ.
Content Highlights: Their story on super 30 leader Anand kumar, social, CA jacob