നിനക്കെത്ര വയസ്സുണ്ട്? പത്ത്! വിവാഹമോചനം ചോദിച്ചെത്തിയ ആ പെൺകുട്ടി കോടതിയിൽ പറഞ്ഞു

കോടതിമുറിയിൽ ഇന്ന് പതിവിലുമധികം തിരക്കുണ്ട്. കടകടാ ഒച്ചയുണ്ടാക്കിക്കൊണ്ട് ഒരു ഫാൻ കറങ്ങുന്നുണ്ടെങ്കിലും ചൂടിനു ശമനമൊന്നുമില്ല. ഒലിച്ചിറങ്ങുന്ന വിയർപ്പ് തൂവാല കൊണ്ട് തുടച്ച് ജഡ്ജി വിസ്താരം തുടർന്നു. പ്രമാദമായ ചില കേസുകൾ ഇന്ന് തീർപ്പാക്കാനുണ്ട്. വാദപ്രതിവാദം മുറുകുന്നതിനിടെയാണ് ഒരു ശബ്ദം കേട്ടത്. 'എനിക്ക് വിവാഹമോചനം വേണം'. എല്ലാവരും ഒരു പോലെ തിരിഞ്ഞുനോക്കി. വാതിൽക്കൽ മെലിഞ്ഞു കൊലുന്നനെ ഒരു പെൺകുട്ടി. കാഴ്ചയിൽ പത്തുവയസ്സു പോലും പ്രായം തോന്നില്ല. ഒരു നിമിഷം നിശബ്ദനായ ജഡ്ജി അബു ഗൗരവം തിരിച്ചെടുത്ത് ചോദിച്ചു. എന്താ പറഞ്ഞത്. പ്രായത്തിലും കവിഞ്ഞ പക്വതയോടെ ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു, എനിക്ക് വിവാഹമോചനം വേണം. നിനക്കെത്ര വയസ്സുണ്ട്, വിശ്വസിക്കാനാവത്ത വിധം അദ്ദേഹം ചോദിച്ചു. 'പത്ത്!' വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണമെന്താണ്? എന്റെ ഭർത്താവ് എന്നെ പൊതിരെ തല്ലും. ചെറിയൊരു നടുക്കത്തോടെ ജഡ്ജി അടുത്ത ചോദ്യം ചോദിച്ചു. നീ കന്യകയാണോ? അല്ല, രക്തമൊലിക്കുകയുണ്ടായി. അവളുടെ മറുപടി തീർത്ത പ്രകമ്പനത്തിൽ നീതിദേവതയുടെ കണ്ണുകളിലെ കെട്ട് ഒന്ന് കൂടി മുറുകി.
ഒൻപതാം വയസ്സിൽ തന്റെ മൂന്നിരട്ടി പ്രായമുള്ള ആളെ വിവാഹം കഴിക്കേണ്ടി വന്ന നുജൂദ് അലി എന്ന പെൺകുട്ടി. ഒരു ബാലികയ്ക്ക് താങ്ങാൻ ആവുന്നതിനപ്പുറമുള്ള ക്രൂരതകൾ ആ വിവാഹജീവിതം ആ കൊച്ചുപെൺകുട്ടിക്ക് സമ്മാനിച്ചു. വിധിയെ പഴിച്ച് എല്ലാം സഹിച്ച് കഴിയാതെ അവൾ അതിജീവിക്കാൻ ശ്രമിച്ചു. കരുത്തോടെ പോരാടി. വിജയം നേടിയെടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിതയായി. ഡെല്‍ഫിന്‍ മിനോയ്ക്കൊപ്പം ചേര്‍ന്ന് നുജൂദ് അലി ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത എന്ന പുസ്തകത്തിലൂടെ അവൾ തൻ്റെ കഥ ലോകത്തോട് പറഞ്ഞു
Content Highlights: survival story of nujood ali victim of child marriage who obtained divorce at the age of 10