നീല തണുപ്പിനെയും ചുവപ്പ് ചൂടിനെയും സൂചിപ്പിക്കുന്നു, എന്താണ് നിങ്ങളുടെ പ്രദേശത്തെ താപരേഖകള്‍?

#എസ്‌. രാംകുമാർ
ഷോ യുവര്‍ സ്ട്രിപ്‌സിലൂടെ താപനിലമാറ്റം ദൃശ്യവത്കരിച്ചിരിക്കുന്നു
ഷോ യുവര്‍ സ്ട്രിപ്‌സിലൂടെ താപനിലമാറ്റം ദൃശ്യവത്കരിച്ചിരിക്കുന്നു

കഴിഞ്ഞ 150 വർഷത്തെ താപനിലമാറ്റം വർണവരകൾകൊണ്ട് അടയാളപ്പെടുത്തിയാൽ എങ്ങനെയുണ്ടാകും? അത് ലോകത്തെ കാണിക്കാനുള്ള ദിവസമാണ് ജൂൺ 21. ‘ഷോ യുവർ സ്‌ട്രൈപ്‌സ്’ (നിങ്ങളുടെ താപരേഖകൾ പ്രദർശിപ്പിക്കൂ) ചലഞ്ച് കാലാവസ്ഥാ തത്പരർക്കിടയിൽ ഇപ്പോൾ ട്രെൻഡിങ്ങാണ്.

എവിടെനിന്നുവന്നു

2017-ൽ താപരേഖകൾക്ക് ലോകം മുഴുവൻ പ്രചാരം നേടിക്കൊടുത്തത് ഇംഗ്ലണ്ടിലെ റീഡിങ് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ എഡ് ഹോക്കിൻസ് ആണ്. സഹപ്രവർത്തക എല്ലി ഹൈവുഡിന്റേതായിരുന്നു ആശയം. ഹൈവുഡ് തന്റെ സുഹൃത്തിന്റെ കുട്ടിക്ക് സമ്മാനിക്കാൻ തുന്നിയ പുതപ്പിൽനിന്നാണ് തുടക്കം.

1916 മുതൽ 2016 വരെ ആഗോള താപനിലയുടെ വാർഷിക ശരാശരികളാണ് കൈയിലുള്ള എല്ലാ വർണനൂലുകളും ഉപയോഗിച്ച് ഹൈവുഡ് പുതപ്പിൽ തുന്നിപ്പിടിപ്പിച്ചത്. അവർ അതിനെ ‘ആഗോളതാപനത്തിന്റെ പുതപ്പ്’ എന്ന് വിളിച്ചു. എഡ് ഹോക്കിൻസ് അതിനെ കുറേക്കൂടി എളുപ്പത്തിൽ മനസ്സിലാക്കാവുന്നതരത്തിൽ ദൃശ്യവത്കരിച്ചു. 2018 മുതൽ സാമൂഹികമാധ്യമങ്ങളിൽ ഷോ യുവർ സ്‌ട്രൈപ്‌സ് ഹാഷ്ടാഗ് പ്രചരിക്കാൻ തുടങ്ങി. ഇന്ന് ലോകത്ത് കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് ഏറ്റവും ഫലവത്തായ ആശയവിനിമയമാർഗമാണ് സ്‌ട്രൈപ്‌സ്.

എന്താണ് വാമിങ് സ്‌ട്രൈപ്‌സ്?

കാലാവസ്ഥാമാറ്റം ഏറ്റവും ലളിതമായി ദൃശ്യവത്കരിക്കാനുള്ള മാര്‍ഗമാണ് വാമിങ് സ്‌ട്രൈപ്‌സ് അഥവാ താപരേഖകള്‍. ഓരോ രേഖയും ഒരുവര്‍ഷത്തെ ശരാശരി താപനിലയെ സൂചിപ്പിക്കുന്നു. നിറങ്ങള്‍ക്കുമുണ്ട് അര്‍ഥം. നീല തണുപ്പിനെയും ചുവപ്പ് ചൂടിനെയും സൂചിപ്പിക്കുന്നു. ഓരോ നിറത്തിന്റെയും എട്ടുവീതം ഭേദങ്ങളാണ് ഉപയോഗിക്കുക. നീലയുടെ തീവ്രത കുറയുന്നത് തണുപ്പ് കുറയുന്നതിനെയും ചുവപ്പിന്റെ തീവ്രത കൂടുന്നത് ചൂട് കൂടുന്നതിനെയും പ്രതിഫലിപ്പിക്കുന്നു. മിക്കവാറും പ്രദേശങ്ങളുടെ താപരേഖകള്‍ കടുംനീലയില്‍നിന്ന് കടുംചുവപ്പിലേക്ക് മാറിക്കഴിഞ്ഞു.

എവിടെ കാണാം?

ആദ്യമൊക്കെ കാലാവസ്ഥാ ഉച്ചകോടികളിലാണ് താപരേഖകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. യു.സ്. ജനപ്രതിനിധിസഭയുടെ കാലാവസ്ഥാ പ്രതിസന്ധിസമിതിയുടെ ചിഹ്നത്തിൽ, ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ കൂട്ടായ്മയുടെ വേദിയിൽ, ജർമനിയിൽ പരിസ്ഥിതി റാലികളിൽ... പിന്നെ താപരേഖകൾ കൂടുതൽ ജനകീയമാകാൻ തുടങ്ങി. ഫെയ്‌സ് മാസ്‌കുകളിൽ, ചെരിപ്പുകളിൽ, വസ്ത്രങ്ങളിൽ, ഫാഷൻ വേദികളിൽ, ചുവരെഴുത്തുകളിൽ...

ലോകത്തിന് മൊത്തമായും, ഓരോ ഭൂഖണ്ഡങ്ങൾക്കും മേഖലകൾക്കും രാജ്യങ്ങൾക്കുമൊക്കെ താപരേഖകൾ ലഭ്യമാണ്. www.showyourstripes.info എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഇന്ത്യയുടെ താപരേഖ നമുക്കും പ്രദർശിപ്പിക്കാം. അവ നീലയിലേക്ക് മാറ്റാൻ ശ്രമിക്കാം

Content Highlights: Trending show your stripes Challenge