അങ്കലാപ്പിലാകുമോ സൈബർ ലോകം! മിത്തോസിനെ വീഴ്ത്താൻ ചൈനയുടെ എഐ മോഡൽ വരുന്നു

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് കടുത്ത രാജ്യാന്തര മത്സരം നിലനിൽക്കുന്നുണ്ട്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പുതിയ മേഖലയായി അത് മാറിയിരിക്കുന്നു. ഈ രംഗത്ത് മുൻനിരയിലുള്ള യുഎസിന്റെ പ്രധാന എതിരാളി ചൈനയാണ്. തങ്ങളുടെ സാങ്കേതികവിദ്യകൾ ചൈന ഉപയോഗിക്കുന്നത് തടയാൻ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അത്യാധുനിക എഐ ചിപ്പുകളുടെ വില്പന അമേരിക്ക നിരോധിച്ചിരുന്നു. കൂടാതെ, ആന്ത്രോപിക്കിന്റെ (Anthropic) മിത്തോസ് 5 (Mythos 5), ഫേബിൾ 5 (Fable 5) എന്നീ എഐ മോഡലുകൾ വിദേശികൾ ഉപയോഗിക്കുന്നതിനും അമേരിക്ക അടുത്തിടെ വിലക്കേർപ്പെടുത്തി. എന്നാൽ, വിലക്കുകൾ മറികടന്ന്, സ്വന്തമായി അത്യാധുനിക എഐ മോഡലുകൾ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈന. 

മിത്തോസിനെ വെല്ലുന്ന ചൈനീസ് മോഡലോ?

അമേരിക്കയുടെ വിലക്കുകൾക്ക് അധികം ആയുസ്സുണ്ടാകില്ലെന്നാണ് ചൈനീസ് എഐ ലാബായ 'സായ്'യുടെ (Zai) സ്ഥാപകനായ ടാങ് ജി (Tang Jie) നൽകുന്ന സൂചന. 2027-ന് മുൻപ് തന്നെ ചൈനയ്ക്ക് സ്വന്തമായി മിത്തോസ് നിലവാരത്തിലുള്ള എഐ മോഡലുകൾ ഉണ്ടാകുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. എക്സ് (X) പ്ലാറ്റ്‌ഫോമിൽ നടന്ന ഒരു ചർച്ചയിൽ, 2026 നവംബർ-ഡിസംബർ മാസങ്ങളോടെ ചൈനീസ് മിത്തോസ് മോഡൽ വരുമെന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടിരുന്നു. ഇത് 2027-ന്റെ ആദ്യപാദത്തിൽ (Q1 2027) സംഭവിക്കുമെന്നാണ് ടെക് ശതകോടീശ്വരനായ ഇലോൺ മസ്ക് പ്രവചിച്ചത്. എന്നാൽ, ഇതിന് അത്രയും സമയം വേണ്ടിവരില്ലെന്നും അതിനു മുൻപ് തന്നെ തങ്ങൾ ഇത് സാധ്യമാകുമെന്നുമാണ് ടാങ് ജി മറുപടി നൽകിയത്.

ശക്തമായ മിത്തോസ്

ആന്ത്രോപിക് വികസിപ്പിച്ചെടുത്ത മിത്തോസ് മോഡലുകൾക്ക് ലോകത്തുള്ള ഏത് സോഫ്റ്റ്‌വെയറും ഹാക്ക് ചെയ്യാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതുവരെ കണ്ടെത്താൻ കഴിയാതിരുന്ന പതിനായിരക്കണക്കിന് ബഗുകൾ (bugs) ഈ മോഡൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ കഴിവുകളുള്ള ഒരു എഐ മോഡൽ തെറ്റായ കൈകളിൽ എത്തിയാൽ വലിയ സൈബർ ആക്രമണങ്ങൾക്ക് അത് കാരണമായേക്കാം. ചൈനയുമായി ബന്ധമുള്ള ഹാക്കർ ഗ്രൂപ്പുകൾ ഈ മോഡലുകൾ സൈബർ ആക്രമണങ്ങൾക്കായി ദുരുപയോഗം ചെയ്തേക്കുമോ എന്ന ആശങ്കയാണ് വിദേശികൾക്ക് വിലക്കേർപ്പെടുത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്.

GLM 5.2: ചൈനയുടെ പുതിയ പ്രതീക്ഷ‌

സായ് അടുത്തിടെ പുറത്തിറക്കിയ എഐ മോഡലാണ് GLM 5.2. ആർട്ടിഫിഷ്യൽ അനാലിസിസ് ഇന്റലിജൻസ് ഇൻഡക്സിൽ 51 പോയിന്റോടെ ഇത് മികച്ച ഓപ്പൺ വെയ്റ്റ് മോഡലായി മാറിയിട്ടുണ്ട്. ഒരു ഓപ്പൺ വെയ്റ്റ് മോഡലിന്റെ ഡാറ്റ പൊതുവായി ലഭ്യമായിരിക്കും എന്നതിനാൽ ആർക്കും ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

ഈ മോഡൽ ഗൂഗിളിന്റെ ജെമിനി 3.5 ഫ്ലാഷ് (Gemini 3.5 Flash - 50 പോയിന്റ്), ആന്ത്രോപിക്കിന്റെ ക്ലോഡ് സോണറ്റ് 4.6 (Claude Sonnet 4.6 - 47 പോയിന്റ്) എന്നിവയെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. എങ്കിലും, ഫേബിൾ 5 (60 പോയിന്റ്), ഓപ്പൺ എഐയുടെ ജിപിടി 5.5 (GPT 5.5 - 55 പോയിന്റ്) എന്നിവയ്ക്ക് പിന്നിലാണ് ഇപ്പോഴും ഇതിന്റെ സ്ഥാനം. സായ്-യുടെ മുൻ മോഡലായ GLM-5.1 ന്റെ അതെ വലിപ്പമുള്ള ഈ പുതിയ മോഡലിന് 744 ബില്യൺ പാരാമീറ്ററുകളാണുള്ളത് (അതിൽ 40 ബില്യൺ ആക്ടീവ് പാരാമീറ്ററുകൾ). എങ്കിലും മുൻ മോഡലിനേക്കാൾ 11 പോയിന്റ് കൂടുതലാണ് GLM 5.2-ന്.

എൻവിഡിയ ചിപ്പുകളില്ലാതെ, ഇത്രയും മുന്നേറ്റം

എഐ രംഗത്തെ വൻകിട കമ്പനികൾ ഉപയോഗിക്കുന്ന ശക്തിയേറിയ എൻവിഡിയ (Nvidia) ചിപ്പുകളുടെ സഹായമില്ലാതെ, പൂർണ്ണമായും വാവേ അസെൻഡ് (Huawei Ascend) ചിപ്പുകളിലാണ് GLM 5.2 പരിശീലിപ്പിച്ചിരിക്കുന്നത് എന്നത് ഏറ്റവും വലിയ പ്രത്യേകതയാണ്. സ്റ്റെബിലിറ്റി എഐ (Stability AI) സ്ഥാപകനായ ഇമാദ് മോസ്താക്കിന്റെ അഭിപ്രായത്തിൽ, ഈ മോഡലിന്റെ പരിശീലനത്തിന് ഏകദേശം 25 ദശലക്ഷം ഡോളർ മാത്രമാണ് ചെലലവ് വന്നത്. ആന്ത്രോപിക് അല്ലെങ്കിൽ ഓപ്പൺ എഐ പോലെയുള്ള അമേരിക്കൻ കമ്പനികളുടെ ചെലവിനേക്കാൾ വളരെ കുറവാണിത്.

അതേസമയം, അമേരിക്കൻ കമ്പനികളുടെ വലിയ മോഡലുകളുടെ ഔട്ട്‌പുട്ടുകൾ ഉപയോഗിച്ച് ചെറിയ മോഡലുകളെ പരിശീലിപ്പിച്ച് അവയുടെ പ്രവർത്തനരീതി അനുകരിക്കുന്ന ഡിസ്റ്റിലേഷൻ എന്ന രീതി ചൈനീസ് കമ്പനികൾ ഉപയോഗിക്കുന്നുണ്ടെന്ന് മുമ്പ് അമേരിക്ക ആരോപിച്ചിരുന്നു.

ടാങ് ജിയുടെ പ്രവചനം യാഥാർത്ഥ്യമായാൽ, മിത്തോസ്, ഫേബിൾ മോഡലുകൾ ചൈന ഉപയോഗിക്കുന്നത് തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങൾ ഭാവിയിൽ അപ്രസക്തമാകും. കാരണം, സമാനമായ കഴിവുകളുള്ള മോഡലുകൾ ചൈനയ്ക്ക് സ്വന്തമായി തന്നെയുണ്ടാകും. എന്നിരുന്നാലും, ഈ കാലയളവിൽ ആന്ത്രോപിക്കും ഓപ്പൺ എഐയും തങ്ങളുടെ മോഡലുകൾ കൂടുതൽ മെച്ചപ്പെടുത്താനും സാധ്യതയുണ്ട്.

Content Highlights: Despite US restrictions on advanced AI tools like Mythos 5 and Fable 5, China's Zai lab is rapidly advancing its own technology using Huawei chips, with founder Tang Jie predicting a Chinese AI model capable of rivaling top-tier American counterparts before 2027.