ബഹിരാകാശത്ത് എന്തും സംഭവിച്ചേനേ, നാസയെ ഞെട്ടിച്ച് റഷ്യന്‍ ഉപഗ്രഹം

Photo: Gettyimages
Photo: Gettyimages

ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായി ഇക്കാലമത്രയും അനേകം കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. അവയില്‍ പലതും പ്രവര്‍ത്തനരഹിതമായി ബഹിരാകാശത്ത് അലയുന്നുണ്ട്. ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാനാവാത്തതിനാല്‍ അവ പലപ്പോഴും ഉപയോഗത്തിലിരിക്കുന്ന മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയാവാറുണ്ട്.

അത്തരത്തില്‍ നാസയെ ഞെട്ടിച്ചിരിക്കുകയാണ് പ്രവര്‍ത്തനരഹിതമായ റഷ്യന്‍ ഉപഗ്രഹം കോസ്‌മോസ് 2221. നാസയുടെ ടൈംഡ് (Timed) എന്ന അന്തരീക്ഷ നിരീക്ഷണ ഉപഗ്രഹത്തിന് 10 മീറ്റര്‍ അകലത്തിലൂടെയാണ് കോസ്‌മോസ് 2221 കടന്നുപോയത്. നേരിയ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായതെന്ന് നാസയുടെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കേണല്‍ പാം മെല്‍റോയ് പറഞ്ഞു. 

സ്‌പേസ് ഫൗണ്ടേഷന്റെ സ്‌പേസ് സിമ്പോസിയത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മെല്‍റോയ്. ഫെബ്രുവരി 28 നാണ് ഈ സംഭവം ഉണ്ടായത്. വ്യക്തിപരമായ തന്നെയും നാസയിലെ മറ്റെല്ലാവരെയും ഇത് എറെ ഭയപ്പെടുത്തിയെന്നും അവര്‍ പറയുന്നു. 

നാസയുടെ ടൈംഡ് ഉപഗ്രഹവും ഭൂമിയില്‍ നിന്ന് നിയന്ത്രിച്ച് സ്ഥാനം മാറ്റാന്‍ സാധിക്കുന്നതായിരുന്നില്ല. ഫെബ്രുവരി 28 ന് രണ്ടും ഒരേ പാതയില്‍ വന്നു. 10 മീറ്റര്‍ വ്യത്യാസത്തിലാണ് ഇവ കടന്നുപോയത്. ഉപഗ്രഹങ്ങള്‍ കൂട്ടിയിടിച്ചിരുന്നുവെങ്കില്‍ മണിക്കൂറില്‍ 16000 കിമീ വേഗത്തില്‍ സഞ്ചരിക്കുന്ന ബഹിരാകാശ അവശിഷ്ടങ്ങള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. അവ മറ്റ് പേടകങ്ങളേയും ചിലപ്പോള്‍ മനുഷ്യജീവനും ഭീഷണി സൃഷ്ടിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു പെന്‍സിലിന്റെ അറ്റത്തുള്ള ഇറേസറിന്റെ വലിപ്പമുള്ള അവശിഷ്ടത്തിന് പോലും വലിയ നാശം വരുത്താന്‍ ശേഷിയുണ്ടെന്നും മെല്‍റോയ് ചൂണ്ടിക്കാട്ടി.

Content Highlights: Russian spacecraft within 10m of destroying U.S. nasa Satellite