വിമാനത്തിന്റെ വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയ്ക്ക് തൊട്ടരികെ; മുന്നറിയിപ്പുമായി നാസ

പ്രതീകാത്മക ചിത്രം | Photo: x.com/neiltyson
പ്രതീകാത്മക ചിത്രം | Photo: x.com/neiltyson

വാഷിങ്ടൺ: ഏതാണ്ടൊരു വിമാനത്തിന്റത്ര വലുപ്പമുള്ള ഛിന്നഗ്രഹം (asteroid) ഭൂമിക്കരികിലെത്തുമെന്ന് യു.എസ്.ബഹിരാകാശ സ്ഥാപനമായ നാസയുടെ മുന്നറിയിപ്പ്. '2024 കെ.എൻ1' (2024 KN1) എന്ന ഛിന്നഗ്രഹമാണ് ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 11:39 ന് ഭൂമിക്ക് അരികിലെത്തുകയെന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് മുന്നറിയിപ്പ് നൽകിയത്. 

അമോർ ഗ്രൂപ്പിൽ പെട്ട ഈ ഛിന്നഗ്രഹം മണിക്കൂറിൽ 16,500 കിലോമീറ്റർ വേഗതയിലാണ് കുതിക്കുന്നത്. 88 അടി (27 മീറ്റർ) വരുന്ന വിമാനത്തിന്റെ വലുപ്പമുള്ളതാണ് ഛിന്നഗ്രഹം.

സമീപത്ത് കൂടിയാണ് ഛിന്നഗ്രഹം കടന്നുപോകുന്നതെങ്കിലും അത് ഭൂമിക്ക് അപകടകരമല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയ്ക്ക് സമീപമെത്തുന്ന ബഹിരാകാശ വസ്തുക്കളെ പഠിക്കാനുള്ള അവസരമായാണ് നാസയിലെ ശാസ്ത്രജ്ഞർ '2024 കെ.എൻ1'ന്റെ വരവിനെ കാണുന്നത്. 

ഭൂമിക്ക് 5,610,000 കിലോമീറ്റർ അകലെക്കൂടെയാണ് ഛിന്നഗ്രഹം കടന്നുപോകുക. കേൾക്കുമ്പോൾ ഇത് വലിയ അകലമാണെന്ന് തോന്നുമെങ്കിലും, ജ്യോതിശാസ്ത്ര തോതുകൾ വെച്ചു നോക്കിയാൽ, ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കുക. 

പല വലുപ്പത്തിലുള്ള 30,000 ത്തോളം ഛിന്നഗ്രഹങ്ങളെയാണ് 'ഭൂമിയ്ക്ക് സമീപമുള്ള ബഹിരാകാശവസ്തുക്കൾ' (Near Earth Objects - NEOs) എന്ന് കണക്കാക്കിയിട്ടുള്ളത്. ഇവയിൽ 850 ലേറെ ഛിന്നഗ്രഹങ്ങൾ ഒരു കിലോമീറ്ററിലേറെ വീതിയുള്ളവയാണ്. എന്നിരുന്നാലും അടുത്ത നൂറുവർഷത്തേക്ക് ഇവയിൽ ഒന്നുപോലും ഭൂമിയ്ക്ക് ഭീഷണിയല്ല. ഭൂമിയ്ക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയാകുന്ന ഛിന്നഗ്രഹങ്ങളെ നാസ പ്രത്യേകമായി സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്. 

ഭൂമിയ്ക്ക് സമീപമെത്തുന്ന ഛിന്നഗ്രഹങ്ങളെ നാസ കൃത്യമായി രേഖപ്പെടുത്തിവെയ്ക്കുന്നുണ്ട്. ഛിന്നഗ്രഹത്തിന്റെ പേര്, ഭൂമിയ്ക്ക് സമീപമെത്തുന്ന തീയതി, ഏകദേശ വലുപ്പം, ഭൂമിയിൽ നിന്ന് എത്ര അകലെ കൂടെയാണ് കടന്നുപോകുക എന്നീ വിവരങ്ങൾ നാസയുടെ ഡാഷ്ബോർഡിൽ കാണാം. കൂടാതെ വിമാനം, വീട് പോലുള്ള പരിചിതവസ്തുക്കൾ ഉപയോഗിച്ച് ഛിന്നഗ്രഹത്തിന്റെ വലുപ്പം സാധാരണക്കാർക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിൽ ചിത്രീകരിക്കുന്നുമുണ്ട്.
 

Content Highlights: Plane-size asteroid, travelling at 16500 kmph, to have close call with Earth today? Alerts Nasa