ബഹിരാകാശത്ത് നിന്ന് ഒരു ചെറു പേടകം നാളെ താഴെ വീഴും, പിടിച്ചെടുക്കാന്‍ നാസ

Photo: NASA
Photo: NASA

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ തങ്ങളുടെ ഒസൈറിസ് റെക്‌സ് ദൗത്യത്തിന്റെ അവസാനത്തോടടുക്കുകയാണ്. ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യമാണ് ഒസൈറിസ്-റെക്‌സ്. സെപ്റ്റംബര്‍ 24 നാണ് സാമ്പിളുകളുമായുള്ള കുഞ്ഞന്‍ പേടകം ബഹിരാകാശത്ത് നിന്ന് പ്രധാന പേടകത്തില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ പതിക്കുക. വൈകീട്ട് 8.11 ന് അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന കാപ്‌സ്യൂള്‍ 8.25 നാണ് യൂട്ടാ മരുഭൂമിയില്‍ വന്നിറങ്ങുക. ബെന്നുവില്‍ നിന്നുള്ള പാറകളും മണ്ണും അടങ്ങുന്ന സാമ്പിളുകലാണ് കാപ്‌സ്യൂളിലുള്ളത്. 

യഥാര്‍ത്ഥത്തില്‍ ഒസൈറിസ് റെക്‌സ് എന്ന പേടകത്തില്‍ ഘടിപ്പിച്ചാണ് ഈ കാപ്‌സ്യൂള്‍ വിക്ഷേപിച്ചത്. രണ്ട് വര്‍ഷം മുമ്പ് ബെന്നുവിനെ സ്പര്‍ശിച്ച പ്രധാന പേടകത്തിലെ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ചെറു ശിലാഭാഗങ്ങളും റീഗൊലിത്തും അടക്കമുള്ളവ ശേഖരിച്ച് കാപ്‌സ്യൂളിനുള്ളില്‍ അടച്ച് സൂക്ഷിച്ചത്. പിന്നീട് പ്രധാന പേടകം ബെന്നുവില്‍ നിന്ന് ഭൂമിയിലേക്ക് തിരിച്ചു. ഞായറാഴ്ച ബഹിരാകാശത്ത് നിശ്ചിത അകലത്തില്‍ വെച്ച് സാമ്പിള്‍ നിറച്ച കാപ്‌സ്യൂള്‍ പ്രധാന പേടകത്തില്‍ നിന്ന് വേര്‍പെടും. ഒരു ഡെലിവറി ജീവനക്കാരന്‍ പാര്‍സല്‍ കൊണ്ടിടുന്ന പോലെ. 

തുടര്‍ന്ന് കാപ്‌സ്യള്‍ അതിവേഗം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കും. ഏഴ് വര്‍ഷങ്ങള്‍ നീണ്ട ദൗത്യത്തിന്റെ അതി സങ്കീര്‍ണമായ ഘട്ടമാണിത്.  പ്രധാന പേടകത്തില്‍ നിന്ന് വേര്‍പെടുന്ന കാപ്‌സ്യൂളിന്റെ ചരിവ് കൂടുതലാണെങ്കില്‍ അത് തെന്നിമാറി തിരിച്ചെടുക്കാനാവാത്തവിധം ശൂന്യാകാശത്തേക്ക് വഴിമാറിപ്പോയേക്കും. ചരിവ് കുറവാണെങ്കില്‍ അത് അന്തരീക്ഷത്തില്‍ കത്തിയമരുകയും ചെയ്യും. 

അതേസമയം ശരിയായ ചരിവിലാണ് പേടകം ഇറങ്ങുമ്പോഴും അതിന്റെ വേഗം കാരണം ഒരു തീഗോളം കണക്കെയാവും കാപ്‌സ്യൂള്‍ അന്തരീക്ഷത്തിലൂടെ കടന്നുപോവുക. അതിനിടെ ഉണ്ടാകുന്ന അതിശക്തമായ ചൂട് മറികടക്കും വിധമാണ് സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുള്ളത്. കാപ്‌സ്യൂളിന് പുറത്ത് പ്രത്യേക ഹീറ്റ് ഷീല്‍ഡും ഉണ്ടാവും. നിശ്ചിത ഉയരത്തില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ വേഗത നിയന്ത്രിച്ചാണ് കാപ്‌സ്യൂള്‍ യൂട്ടാ മരുഭൂമിയില്‍ ഇറങ്ങുക.

Content Highlights: NASA’s OSIRIS-REx asteroid sample to drop on Earth