ഛിന്നഗ്രഹ സാമ്പിളുകളുമായി പേടകം ഭൂമിയിലേക്ക്; താഴെയിറക്കാൻ നാസ, മോക്ക് ടെസ്റ്റ് വിജയം

Photo: NASA
Photo: NASA

ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഒസിരിസ്-റെക്‌സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യവുമായി നാസ. ഇതിന്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി നാസ അറിയിച്ചു. ഒസിരിസ്-റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ ഒരു പേടകത്തിലാക്കി ബഹിരാകാശത്ത് നിന്ന് താഴേക്ക് ഇടുകയാണ് ചെയ്യുക. ഇത് സുരക്ഷിതമായി താഴെ ഇറക്കുന്ന സങ്കീര്‍ണമായ ദൗത്യത്തിനാണ് നാസ ഒരുങ്ങുന്നത്. 

ഇതിന്റെ ഭാഗമായുള്ള മോക്ക് ടെസ്റ്റില്‍ ഒരു വിമാനത്തില്‍ നിന്ന് താഴേക്കിട്ട സാമ്പിള്‍ കാപ്‌സ്യൂള്‍ പ്രതിരോധ വകുപ്പിന്റെ സാള്‍ട്ട് ലേക്ക് സിറ്റിയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യൂട്ടാ ടെസ്റ്റ് ആന്റ് ട്രെയിനിങ് റേഞ്ചിലുള്ള ഡ്രോപ്പ് സോണില്‍ സുരക്ഷിതമായി വന്നിറങ്ങി. 

ഡ്രോപ്പ് ടെസ്റ്റ് വിജയകരമായതോടെ സാമ്പിളുകള്‍ തിരികെയിറക്കാനുള്ള ദൗത്യത്തിന് തങ്ങള്‍ തയ്യാറായതായി നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ നികോള ഫോക്‌സ് പറഞ്ഞു. ബെന്നുവില്‍ നിന്നുള്ള വസ്തുക്കള്‍ 450 കോടി സൗരയൂഥ രൂപീകരണത്തെ കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുമെന്നും അവര്‍ പറഞ്ഞു. 

250 ഗ്രാം ഭാരമുള്ള സാമ്പിളുകളാണ് ഒസിരിസ്-റെക്‌സ് പേടകം താഴേക്കിടുന്ന യഥാര്‍ത്ഥ പേടകത്തില്‍ ഉണ്ടാവുക. 2020 ല്‍ ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് ശേഖരിച്ച ശിലാ പാളികളാണ് ഇതിലുള്ളത്. ഒസിരിസ് പേടകമല്ല താഴേക്കിറങ്ങുന്നത്. പകരം സാമ്പിളുകള്‍ മറ്റൊരു ചെറു പേടകത്തിലാക്കി താഴേക്ക് ഇടുകയാണ് ചെയ്യുക. സെപ്റ്റംബര്‍ 24 ന് ഇന്ത്യന്‍ സമയം 8.12 നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുക. മണിക്കൂറില്‍ 44,000 കിമീ വേഗത്തിലായിരിക്കും ഈ പേടകത്തിന്റെ സഞ്ചാരം. 

Content Highlights: NASA completes last test before asteroid sample is dropped to Earth