ഓസ്‌ട്രേലിയയിലെ പ്രാചീന മത്സ്യ ഫോസിലില്‍ കേടുവരാതെ ഹൃദയവും ആന്തരിക അവയവങ്ങളും

ഹൃദയം ഉള്‍പ്പടെയുള്ള ആന്തരിക അവയവങ്ങള്‍ നല്ലപോലെ സംരക്ഷിക്കപ്പെട്ട പ്രാചീന മത്സ്യത്തിന്റെ ഫോസില്‍ കണ്ടെത്തി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍. മനുഷ്യന്‍ ഉള്‍പ്പടെ കശേരുകികള്‍ എന്ന് വിളിക്കുന്ന നട്ടെല്ലോടുകൂടിയ ജീവികളുടെ പരിണാവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഇതിന് സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
38 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെവോണിയന്‍ കാലഘട്ടത്തിലെ ഉഷ്ണമേഖലാ പവിഴപ്പുറ്റുകളില്‍ വസിച്ചിരുന്ന പ്ലാക്കോഡെര്‍മുകള്‍ (Placoderms) എന്ന് വിളിക്കുന്ന മത്സ്യത്തിന്റെ ഫോസിലാണ് ലഭിച്ചത്. ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കം ചെന്ന മത്സ്യ ഹൃദയത്തേക്കാള്‍ 25 കോടി വര്‍ഷം പഴക്കമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഫോസില്‍.
ഫോസിലാക്കപ്പെട്ട കരള്‍, ആമാശയം, കുടല്‍ തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്ക് അക്കാലത്ത് ജീവിച്ചിരുന്ന മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍, സസ്തനികള്‍ ഉള്‍പ്പടെയുള്ള കശേരുകികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.
പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ കിംബർലി മേഖലയിലെ ഫിറ്റ്‌സ്‌റോയ് ക്രോസിംഗ് പട്ടണത്തിന് സമീപമുള്ള ഗോഗോ ഫോർമേഷൻ എന്ന സ്ഥലത്താണ് ഫോസിലുകൾ കണ്ടെത്തിയത്. സാധാരണ എല്ലുകളും പല്ലുകളും മാത്രമാണ് ഫോസിലായി ലഭിക്കാറുള്ളത്. എന്നാല്‍ നേര്‍ത്ത ചര്‍മ്മവും സംരക്ഷിക്കപ്പെട്ടു എന്നുള്ളതാണ് പുതിയ ഫോസിലിനെ വ്യത്യസ്തമാക്കുന്നത്.
മനുഷ്യശരീരഘടനയുടെ ഉത്ഭവം ഉള്‍പ്പെടെ, നട്ടെല്ലുള്ള മൃഗങ്ങളുടെ ആദ്യകാല പരിണാമം മനസ്സിലാക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫോസില്‍ സൈറ്റുകളില്‍ ഒന്നാണ് ഈ സ്ഥലം എന്നതില്‍ സംശയമില്ല എന്ന് കര്‍ട്ടിന്‍ യൂണിവേഴ്സിറ്റിയിലെയും വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെയും വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ മ്യൂസിയത്തിലെയും വെര്‍ട്ടെബ്രേറ്റ് പാലിയന്റോളജിസ്റ്റായ കേറ്റ് ട്രിനജ്സ്റ്റിക് പറഞ്ഞു.
തലയിലും കഴുത്തിലുമുള്ള അസ്ഥി കവചത്തിന് പേരുകേട്ട പ്ലാക്കോഡെര്‍മുകള്‍ 'നമ്മുടെ ആദ്യകാല താടിയെല്ലുള്ള പൂര്‍വ്വികരെ പ്രതിനിധീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സയന്‍സ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്രാവിന്റേതിന് സമാനമായ എസ് ആകൃതിയിലുള്ള ഹൃദയമാണ് പ്ലാകോഡെര്‍മുകള്‍ക്ക് ഉണ്ടായിരുന്നത്. രണ്ട് അറകളാണ് ഇതിനുള്ളത്. മുകളില്‍ ചെറുതും അടിയില്‍ വലുതും. തോളില്‍ അരക്കെട്ടിന്റെ മുന്‍വശത്ത് സ്രാവുകള്‍ക്കും അസ്ഥിയുള്ള മത്സ്യങ്ങള്‍ക്കും സമാനമായ സ്ഥാനത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അതിന്റെ ഘടന പിന്നീടുള്ള നട്ടെല്ലുള്ള ജീവികളില്‍ നിന്ന് വ്യത്യസ്തമാണ്. ഉഭയജീവികള്‍ക്കും ഉരഗങ്ങള്‍ക്കും മൂന്ന് അറകളുള്ള ഹൃദയമാണുള്ളത്. അതേസമയം സസ്തനികള്‍ക്കും പക്ഷികള്‍ക്കും നാല് അറകളുള്ള ഹൃദയമുണ്ട്.
ഡെവോണിയന്‍ കാലഘട്ടത്തില്‍ കരയില്‍ ജീവിച്ച കശേരുകികളില്‍ ഹൃദയം ശരീരത്തില്‍ പിന്നിലേക്ക് നീങ്ങി. നിവര്‍ന്ന് നില്‍ക്കുന്ന മനുഷ്യരുടെ വീക്ഷണകോണില്‍ പറഞ്ഞാല്‍ താഴേക്ക്. ഒരു വ്യക്തിയുടെ ഹൃദയം ഈ പ്ലാകോഡെര്‍മുകളുടെ അതേ സ്ഥലത്താണെങ്കില്‍. അത് കോളര്‍ അസ്ഥികള്‍ക്കിടയിലുള്ള തൊണ്ടയുടെ അടിഭാഗത്തായിരിക്കും.
സ്രാവുകളിലേതുപോലെ പ്ലാക്കോഡെര്‍മിന്റെ കരള്‍ വലുതായിരുന്നു. പരന്നതും അല്‍പ്പം ചതുരാകൃതിയിലുള്ളതും ബാഗിന്റെ ആകൃതിയിലുള്ളതുമാണ് പ്ലാകോഡെര്‍മിന്റെ ആമാശയം. ഇതിന് കട്ടിയുള്ള ഒരു പ്രത്യേക ഭിത്തി ഘടനയുണ്ട്. ഭക്ഷണം ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന സര്‍പ്പിള വാല്‍വുകള്‍ കുടലില്‍ ഉണ്ട്. ശ്വാസകോശത്തിന് തെളിവില്ല.
ഇന്നത്തെ മനുഷ്യന്റെയും മത്സ്യങ്ങളില്‍ നിന്ന് പരിണമച്ചെത്തിയതെന്ന് കരുതുന്ന ജീവികളുടേയെുമെല്ലാം ശരീര ഘടനയടുടെ ക്രമീകരണത്തിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍ ഈ പ്രാചീന ഫോസിലുമായുള്ള താരതമ്യ പഠനത്തിലുടെ സാധിക്കുന്നുണ്ട്.
Content Highlights: Australian fish fossils preserved fossilized hearts and other internal organs