എത്യോപ്യയിലെ ലൂസി അമ്പതാണ്ട് കഴിഞ്ഞും മനുഷ്യന് വഴികാട്ടിയാകുന്നത് എങ്ങനെ?

മനുഷ്യചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലുകള്‍ക്കൊന്നിന് അമ്പതാണ്ട് തികയുന്നു. 1974 നവംബര്‍ ഇരുപത്തിനാലിനാണ് എത്യോപ്യയിലെ ആവഷ് നദിയുടെ താഴ്വരയിലെ ഹഡറിലെ പരിവേഷണത്തിനിടയില്‍ ഏകദേശം മൂന്നുദശലക്ഷം വര്‍ഷത്തോളം പഴക്കം ചെന്ന പെണ്‍ മനുഷ്യസമാനജീവിയുടെ (ഹോമിനോയിഡ്) ഫോസില്‍ കണ്ടെത്തിയത്. നൂറിലധികം ചെറിയ അസ്ഥിക്കഷ്ണങ്ങളായി കണ്ടെത്തിയ അവശിഷ്ടങ്ങളെ പരിവേഷണ സംഘാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തെടുക്കുകയായിരുന്നു. മനുഷ്യ പരിണാമത്തെക്കുറിച്ചും മനുഷ്യരിലെ മസ്തിഷ്‌ക വികാസത്തെക്കുറിച്ചും 'ലൂസി' നല്‍കിയ അറിവുകളാണ് മനുഷ്യ പരിണാമശാസ്ത്ര മേഖലയിലെ ജ്ഞാന സമ്പാദനത്തിന് പിന്നീടിങ്ങോട്ട് ശാസ്ത്രജ്ഞര്‍ക്ക് കരുത്തേകിയത്. 1960 കളില്‍ ലോകമെമ്പാടും പ്രശസ്തമായിരുന്ന ബീറ്റില്‍സിന്റെ 'ലൂസി ഇന്‍ ദി സ്‌കൈ വിത്ത് ഡൈമന്‍ഡ്‌സ്' എന്ന ഗാനത്തിലെ ആദ്യവരിയില്‍നിന്നാണ് ആ ഫോസിലിന് 'ലൂസി'യെന്ന പേരുനല്‍കിയത്. ദിവസം മുഴുവന്‍ നീളുന്ന കഠിനവേലക്കു ശേഷം വിശ്രമിക്കുമ്പോള്‍ പരിവേഷണ ക്യാമ്പിലുള്ളവര്‍ സ്ഥിരമായികേട്ടുകൊണ്ടിരുന്ന ഈ പാട്ടില്‍നിന്നും പെണ്‍ ഫോസിലിന് 'ലൂസി'യെന്ന പേരുനല്‍കിയത് പരിവേഷണ സംഘത്തിലെ അംഗമായിരുന്ന പമേലാ ആല്‍ഡര്‍മാനായിരുന്നു.
വളരേ ആകസ്മികമായിരുന്നു ആ മുത്തശ്ശി ഫോസലിന്റെ കണ്ടെത്തല്‍. പര്യവേഷണത്തിനായി തെരെഞ്ഞെടുക്കപ്പെട്ട ഒരു പുതിയ സ്ഥലത്തെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം തങ്ങളുടെ ലാന്‍ഡ് റോവറിലേക്ക് സാധാരണവഴിയില്‍നിന്നും വിട്ടുമാറി ഒരു ചെറിയ മലയിടുക്കിലൂടെ മടങ്ങുകയായിരുന്നു പര്യവേഷണ സംഘത്തലവന്‍ ഡൊണാള്‍ഡ് ജോണ്‍സണും ടോം ഗ്രേ എന്ന അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും. ആ ചെറിയ മലയിടുക്കിലൂടെയുള്ള നടത്തത്തിനിടയിലാണ് ഡൊണാള്‍ഡിന്റെ കണ്ണുകള്‍ ഒരു കൈത്തണ്ടയുടെ അസ്ഥിയില്‍ ഉടക്കുന്നത്. ശിലാഭൂതകാലനരവംശശാസ്ത്രജ്ഞനെന്ന നിലയില്‍ ഏറെ പരിചയസമ്പന്നനായ ഡൊണാള്‍ഡിന് അതൊരു അതിപുരാതന മനുഷ്യസമാന ജീവിയുടേതാണെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിശദമായ പരിശോധനകള്‍ക്കുശേഷം ആ മനുഷ്യസമാന ജീവിയുടെ അസ്ഥികൂടത്തിന്റെ 40 ശതമാനവും വീണ്ടെടുക്കാന്‍ അവര്‍ക്കായി. ഏകദേശം നൂറില്‍പ്പരം അസ്ഥിക്ഷണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള അസ്ഥികളുടെയും അതിലടങ്ങിയിരുന്ന മറ്റവശിഷ്ടങ്ങളുടെയും പരിശോധനയില്‍ നിന്നും 3.18 ദശലക്ഷവര്‍ഷങ്ങളില്‍ കുറയാത്ത പഴക്കം ലൂസിക്കുണ്ടെന്ന് പരിശോധകര്‍ക്ക് കണ്ടെത്താനായി. അന്ന് കണ്ടെടുത്ത ലൂസി ഫോസില്‍ ആഡിസ് അബാബയിലെ എത്യോപ്യന്‍ ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ ശിലാഭൂതകാല ചരിത്രപരിശോധനശാലയിലെ പ്രത്യേകം നിര്‍മ്മിച്ച സുരക്ഷിത അറക്കുള്ളിലാണ് സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ലൂസിയുടെ പകര്‍പ്പുകള്‍ ലോകമെമ്പാടുമുള്ള ശിലാഭൂതകാല ചരിത്രപരിശോധനശാലകളിലെ ഏറ്റവും വിശേഷപ്പെട്ട പ്രദര്‍ശന വസ്തുവാണ്.
Content Highlights: lucy human ancestor fossils Ethiopia Hadar