സർവവ്യാപിയായി മൈക്രോ പ്ലാസ്റ്റിക്കുകൾ; ശ്രദ്ധയോടെ ഉപയോഗിക്കാം പ്ലാസ്റ്റിക്കിനെ

ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുൻസു ലീ പതിവായി പ്ലാസ്റ്റിക് പാത്രങ്ങളിൽ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ് അവനിൽ ചൂടാക്കി കഴിക്കാറുണ്ടായിരുന്നു. എന്നാൽ, തന്റെ ഗവേഷണഫലങ്ങൾ കണ്ടതോടെ ആ പതിവ് അദ്ദേഹം നിർത്തി. അദ്ദേഹത്തെ ഞെട്ടിച്ചത് തന്റെ ചോറ്റുപാത്രം ചൂടാക്കുമ്പോൾ അതിൽനിന്ന് ആയിരക്കണക്കിന് ചെറുകണികകൾ ഭക്ഷണത്തിലേക്ക് എത്തുന്നു എന്ന കണ്ടെത്തലാണ്. പ്ലാസ്റ്റിക് കെറ്റിലുകളും, പാൽക്കുപ്പികളുമൊക്കെ ഇങ്ങനെ പ്ലാസ്റ്റിക് കണങ്ങൾ പൊഴിക്കുമെന്ന് ലീയുടേയും സംഘത്തിന്റേയും ഗവേഷണങ്ങൾ തെളിയിച്ചു. പ്രകൃതിയിൽ എല്ലായിടത്തും എത്തിക്കഴിഞ്ഞ അന്യപദാർഥമായ മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ചായിരുന്നു അവർ പഠിച്ചത്.
മൈക്രോപ്ലാസ്റ്റിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 2004-ൽ റിച്ചാർഡ് തോംപ്‌സൺ എന്ന ബ്രിട്ടീഷ് സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു. അഞ്ചു മില്ലീ മീറ്ററിൽ താഴെ നീളമുള്ള പ്ലാസ്റ്റിക് കണികകളെ സൂചിപ്പിക്കാനാണ് ഇന്ന് ഈ പദം ഉപയോഗിക്കുന്നത്. ഇവ രണ്ടു തരത്തിലാണ് പ്രകൃതിയിൽ എത്തുന്നത്. അഞ്ച് മില്ലീ മീറ്ററിൽ താഴെ വലിപ്പമുള്ള ചെറുനാരുകളും മൈക്രോ കണികകളും പ്രൈമറി മൈക്രോപ്ലാസ്റ്റിക്കുകൾ എന്ന വിഭാഗത്തിൽപ്പെടുന്നു. വലിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ തേയ്മാനം വഴി മൈക്രോ വലിപ്പത്തിലേക്ക് മാറുന്നവയാണ് സെക്കന്ററി മൈക്രോപ്ലാസ്റ്റിക്കുകൾ.
Content Highlights: micro plastic and environment, world environment day