ഷോർട്ട് ഹജ്ജ് നടപ്പാക്കുന്നത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണെന്ന് ഹുസൈൻ സഖാഫി

.
.

മസ്കറ്റ് :ഷോർട്ട് ഹജ്ജ് നടപ്പാക്കുന്നത് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. കുറഞ്ഞ ദിവസം മാത്രം ലീവുള്ള പ്രവാസികൾക്ക് അടക്കം ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം ഒമാനിലെ മസ്കറ്റിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

സർക്കാർ ജോലികളുള്ളവർക്കും കുറഞ്ഞ ദിവസം മാത്രം ലീവുള്ള പ്രവാസികൾക്കും ഉൾപ്പെടെ സാധാരണ ഹജ്ജ് സമയത്തിന്റെ പകുതി മാത്രമെടുത്തുള്ള ഷോർട്ട് ഹജ്ജ് നടപ്പാക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചരിത്രത്തിലാദ്യമായി 2026 ഹജ്ജ് സീസണിൽ ഷോർട്ട് ഹജ്ജ് നടപ്പാക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ 17 എംബാർക്കേഷൻ പോയിന്റുകളിൽ ഏഴെണ്ണത്തിലാണ് ഇത്തവണ ഷോർട്ട് ഹജ്ജ് അനുവദിച്ചത്. അതിൽ കേരളത്തിലെ നെടുമ്പാശ്ശേരി വിമാനത്താവളവുമുണ്ട്. ഷോർട്ട് ഹജ്ജ് ഇത്തവണ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ഗുണഗണങ്ങൾ മനസ്സിലാക്കി വരും വർഷങ്ങളിലും തുടരാനാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷിച്ചവരിൽ 2116 പേർ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു. ഇവർക്ക് 2026ൽ മുൻഗണന നൽകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുർറഹ്‌മാൻ ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. ഇത് അംഗീകരിച്ച് അത്തരമൊരു സാഹചര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റി സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്ത് പുതിയ ഹജ്ജ് കമ്മിറ്റി നിലവിൽ വന്നതിന് ശേഷം സുഗമമായ ഹജ്ജ് തീർഥാടനത്തിനായി നിരവധി നിർദേശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും ന്യൂനപക്ഷ മന്ത്രാലയത്തിന്റെയും മുന്നിൽ അവതരിപ്പിച്ചിരുന്നു. തീർഥാടകരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികളാണ് മുന്നോട്ടുവെച്ചത് എന്നതിനാൽ അതിൽ പലതും കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗീകരിച്ച് ഉത്തരവായത് ഈ വർഷമാണ്. 2026ലെ ഹജ്ജ് അപേക്ഷ സ്വീകരിക്കൽ ജൂലൈ ഏഴ് മുതൽ 31 വരെ എന്നായിരുന്നു അറിയിപ്പ്. എന്നാൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഇടപെട്ട് അത് ആഗസ്റ്റ് ഏഴ് വരെയാക്കി ദീർഘിപ്പിച്ചു. ആദ്യ ഗഡു സ്വീകരിക്കുന്ന തീയതിയും ഹജ്ജ് കമ്മിറ്റി ഇടപെട്ട് ദീർഘിപ്പിച്ചുവെന്നും ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു.

Content Highlights: short hajj is done by the stress from state hajj committe