അനധികൃത കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതര്‍

ഷാര്‍ജ: തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരില്‍നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്.
ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങള്‍ സുരക്ഷിതമല്ലെന്നും പൊതുജനാരോഗ്യത്തിന് ദോഷംചെയ്യുമെന്നും അധികൃതര്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ പലപ്പോഴും വ്യാജമോ അല്ലെങ്കില്‍ കാലാവധികഴിഞ്ഞതോ ആവാം.
പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് അനധികൃതകച്ചവടക്കാരെ കണ്ടെത്താന്‍ പരിശോധനകള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം മുതല്‍ ഈ വര്‍ഷം ജൂണ്‍വരെയായി 4000-ത്തിലേറെ പരിശോധനകള്‍നടത്തി. 620 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ശ്രമിച്ചതിന് ഒട്ടേറെപേര്‍ക്കെതിരേ നിയമനടപടികള്‍ എടുത്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ലിപ്സ്റ്റിക്ക്, ഷാംപൂ എന്നിവയുള്‍പ്പെടെ 6,50,000-ത്തിലേറെ വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കളുമായി മൂന്ന് അറബ് വംശജരെ ഓഗസ്റ്റില്‍ റാസല്‍ഖൈമയില്‍ പിടികൂടിയിരുന്നു. 2.3 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉത്പന്നങ്ങളാണ് ഇവരുടെ ഗോഡൗണില്‍നിന്ന് പിടിച്ചെടുത്തത്.
Content Highlights: Sharjah Municipality authorities warned not to encourage illegal traders