ശൈഖ് ഖാലിദും ശൈഖ് ഹംദാനും കൂടിക്കാഴ്ച നടത്തി

യു.എ.ഇ. സർക്കാർ വാർഷിക യോഗങ്ങൾക്കിടയിലായിരുന്നു കൂടിക്കാഴ്ച
അബുദാബി : അബുദാബി കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും തമ്മിൽ കൂടിക്കാഴ്ച നടത്തി.
യു.എ.ഇ. സർക്കാർ വാർഷിക യോഗങ്ങൾക്കിടയിലായിരുന്നു കൂടിക്കാഴ്ച. സർക്കാരിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനെക്കുറിച്ചും പദ്ധതികളും സംരംഭങ്ങളും വേഗത്തിൽ നടപ്പാക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും സഹകരണവും ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.
കൂടാതെ രാജ്യത്തിന്റെ പ്രധാന മുൻഗണനകളെക്കുറിച്ചും വികസന നേട്ടങ്ങളെക്കുറിച്ചും സർക്കാരിന്റെ വാർഷിക യോഗങ്ങൾ പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു.